gold merchants Image courtesy : AdobeStocks
News & Views

കത്തിക്കയറി സ്വര്‍ണം! 10 ദിവസത്തിനിടെ റെക്കോഡ് തിരുത്തിയത് 3 തവണ; പൊന്ന് മലയാളിക്ക് അന്യമാകുമോ?

സെപ്റ്റംബര്‍ ഒന്നിന് സ്വര്‍ണവില 77,640 രൂപ മാത്രമായിരുന്നു. 20 ദിവസത്തിനിടെ 5,000 രൂപയ്ക്കടുത്താണ് പവന് ഉയര്‍ന്നത്. ഇനിയുള്ള ദിവസങ്ങളിലും വില വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ നല്കുന്ന സൂചന

Dhanam News Desk

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. യു.എസ് പലിശനിരക്ക് കുറച്ചതിനു പിന്നാലെ നിക്ഷേപകരുടെ ഒഴുക്ക് സ്വര്‍ണത്തിലേക്ക് മാറ്റപ്പെട്ടതോടെ വിലയും കുതിച്ചുയരുകയാണ്. ഇന്ന് (സെപ്റ്റംബര്‍ 22 തിങ്കള്‍) ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി ഉയര്‍ന്നു. പവന്‍ വില 82,560 രൂപയിലെത്തി. 320 രൂപയുടെ വര്‍ധന.

ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 40 രൂപയുടെ വര്‍ധനയുണ്ട്. ഇന്നത്തെ വില 8,480 രൂപ. വെള്ളിവിലയും അതിവേഗം കുതിക്കുകയാണ്. ഇന്ന് മാത്രം അഞ്ച് രൂപ ഉയര്‍ന്ന് 140 രൂപയിലെത്തി.

റെക്കോഡുകള്‍ തിരുത്തി കുറിക്കുന്നു

കഴിഞ്ഞ പത്തുദിവസത്തിനിടെ സ്വര്‍ണവിലയില്‍ മൂന്നുതവണയാണ് റെക്കോഡ് മറികടന്നത്. സെപ്റ്റംബര്‍ 16ന് 82,080 രൂപയിലെത്തിയ ശേഷം കുറച്ചു താഴ്ന്ന സ്വര്‍ണവില പിന്നീട് വീണ്ടും കൂടി. യു.എസ് ഫെഡ് പലിശനിരക്ക് കുറച്ചതിനു പിന്നാലെ 20നുശേഷം വില വീണ്ടും കൂടി. അന്താരാഷ്ട്ര വില അടിക്കടി വര്‍ധിക്കുന്നതാണ് കേരളത്തിലും വിലയില്‍ പ്രതിഫലിക്കുന്നത്.

സെപ്റ്റംബര്‍ ഒന്നിന് സ്വര്‍ണവില 77,640 രൂപ മാത്രമായിരുന്നു. 20 ദിവസത്തിനിടെ 5,000 രൂപയ്ക്കടുത്താണ് പവന് ഉയര്‍ന്നത്. ഇനിയുള്ള ദിവസങ്ങളിലും വില വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ നല്കുന്ന സൂചന. വില അടിക്കടി ഉയരുന്നത് സ്വര്‍ണത്തിന്റെ വില്പനയിലും ബാധിക്കുന്നുണ്ട്.

ഒരു പവന്‍ ആഭരണത്തിന് എത്ര കൊടുക്കണം?

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 82,560 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ അതിലുമേറെ നല്‍കേണ്ടി വരും. പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവയും ചേര്‍ത്താണ് ആഭരണ വില നിശ്ചയിക്കുക.

അതുപ്രകാരം കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാലും ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ഇന്ന് 89,350 രൂപയ്ക്ക് മുകളിലാകും. ഓണക്കാലത്തെ ഈ വിലക്കയറ്റം വ്യാപാരികളെയും ആഭരണ പ്രേമികളെയും ഒരു പോലെ വലയ്ക്കുന്നുണ്ട്.

Gold price hits record high for the third time in 10 days, affecting Kerala’s festive jewellery market

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT