സംസ്ഥാനത്ത് സ്വര്‍ണവില പിടിവിട്ട് ഉയരുന്നു. ഇന്ന് രണ്ട് തവണയാണ് സ്വര്‍ണവില ഉയര്‍ന്നത്. അന്താരാഷ്ട്ര വില കുതിക്കുന്നതാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. രാവിലെ ഗ്രാമിന് 40 രൂപയായിരുന്നു വിലയില്‍ ഉയര്‍ന്നതെങ്കില്‍ ഉച്ചയ്ക്കുശേഷം 45 രൂപ കൂടി.
ഇന്നൊറ്റ ദിവസം ഒരു ഗ്രാം സ്വര്‍ണത്തില്‍ ഉയര്‍ന്നത് 85 രൂപയാണ്. ഗ്രാം വില 10,365 രൂപയാണ്. ഒരു പവന്റെ ഉച്ചതിരിഞ്ഞുള്ള വില 82,920 രൂപയാണ്. രാവിലെ ഇത് 82,560 രൂപയായിരുന്നു. ഇന്നൊറ്റ ദിവസംകൊണ്ട് പവനില്‍ ഉയര്‍ന്നത് 680 രൂപയാണ്.
അന്താരാഷ്ട്ര സ്വര്‍ണവില 3700 ഡോളറും കടന്ന് 3,718 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. ഇന്ന് രാവിലെ സ്വര്‍ണവില നിശ്ചയിക്കുമ്പോള്‍ 3,694 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.17 രൂപ ആയിരുന്നു. ഉച്ചയ്ക്കുശേഷം വിനിമയനിരക്കിലും മാറ്റം വന്നിട്ടുണ്ട്. സ്വര്‍ണവില വലിയ തോതില്‍ കുതിക്കും എന്നുള്ള സൂചനകളാണ് വരുന്നത്. 3,800 ഡോളറിലേക്ക് ആണ് കുതിപ്പ്.
ഓഹരി വിപണിയില്‍ അടക്കം നിക്ഷേപം നടത്തിയിരുന്നവര്‍ സ്വര്‍ണത്തിലേക്ക് മാറിയിട്ടുണ്ട്. വില കുത്തനെ ഉയര്‍ന്നതോടെ ലാഭമെടുപ്പും നിലച്ചിട്ടുണ്ട്.
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 82,920 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം വാങ്ങാന്‍ അതിലുമേറെ നല്‍കേണ്ടി വരും. പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് എന്നിവയും ചേര്‍ത്താണ് ആഭരണ വില നിശ്ചയിക്കുക.
അതുപ്രകാരം കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാലും ഒരു പവന്‍ സ്വര്‍ണാഭരണത്തിന് ഇന്ന് 89,731 രൂപയ്ക്ക് മുകളിലാകും. ഓണക്കാലത്തെ ഈ വിലക്കയറ്റം വ്യാപാരികളെയും ആഭരണ പ്രേമികളെയും ഒരു പോലെ വലയ്ക്കുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine