canva
News & Views

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം തുടരുമ്പോൾ സ്വര്‍ണ വില കുതിക്കുന്നു, വില റെക്കോഡില്‍ തന്നെ

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3,433 ഡോളറെന്ന നിലയില്‍

Dhanam News Desk

സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 9320 രൂപയിലെത്തി. പവന് 200 രൂപ വര്‍ധിച്ച് 74,560 രൂപയിലുമെത്തി. ഇന്നലെ സ്വര്‍ണവില റെക്കോഡ് ഭേദിച്ചിരുന്നു. കനംകുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 20 രൂപ വര്‍ധിച്ച് 7,645 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

സംഘര്‍ഷം ശക്തമാകുന്നു

മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം ശക്തമാകുന്നതാണ് സ്വര്‍ണ വിലയിലെ വര്‍ധനവിനുളള കാരണം. മിഡിൽ ഈസ്റ്റിൽ അശാന്തി വ്യാപിക്കുമോ എന്ന ആശങ്ക ശക്തമാണ്. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇസ്രായേലിന് പിന്തുണയുമായി രംഗത്തെത്തിയതോടെ സംഘര്‍ഷം രൂക്ഷമാകാനുളള സാധ്യതകളാണ് ഉളളത്. ഇസ്രായേലിന് ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖാംനി പ്രഖ്യാപിച്ചിരിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ തയാറാകുന്നതാണ് സ്വര്‍ണത്തിന്റെ റെക്കോഡ് ഭേദിച്ചുളള മുന്നേറ്റത്തിനുളള കാരണം. അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞതും സ്വര്‍ണത്തിന് തിരിച്ചടിയായി.

അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 54 ഡോളര്‍ (1.60 ശതമാനം) വര്‍ധിച്ച സ്വര്‍ണം നിലവില്‍ 3,433 ഡോളറെന്ന നിലയിലാണ്. കഴിഞ്ഞ ഏപ്രിലില്‍ രേഖപ്പെടുത്തിയ ഔണ്‍സിന് 3,500 ഡോളറാണ് റെക്കോഡ് വില. ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടര്‍ന്നാല്‍ ഇത് മറികടക്കാനുളള സാധ്യതകളാണ് ഉളളത്.

ആഭരണം വാങ്ങാന്‍

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,560 രൂപയാണെങ്കിലും ഇതേ തൂക്കത്തിലുള്ള സ്വര്‍ണാഭരണം ജുവലറികളില്‍ നിന്ന് വാങ്ങാന്‍ കൂടുതല്‍ പണം നല്‍കേണ്ടതായുണ്ട്. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാള്‍മാര്‍ക്ക് ചാര്‍ജും ചേര്‍ത്താല്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ 80,690 രൂപയെങ്കിലും വേണം. ആഭരണങ്ങളുടെ ഡിസൈന്‍ മാറുന്നതിന് അനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

Gold prices surge to record highs in India amid Iran-Israel conflict, with strong safe-haven demand and a weaker rupee fueling the rise.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT