സ്വര്‍ണവില കുത്തനെ ഉയരുകയും അതേപോലെ തന്നെ താഴോട്ടിറങ്ങുകയും ചെയ്യുന്ന പ്രതിഭാസം ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും തലവേദനയാകുന്നു. പണയം വയ്ക്കുന്ന സ്വര്‍ണത്തിന്റെ മൂല്യത്തിന്റെ 85 ശതമാനം വരെ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പയായി നല്കിയിരുന്നു. എന്നാല്‍ വിലയില്‍ അസ്ഥിരത പ്രകടമായി തുടങ്ങിയതോടെ ബാങ്കുകള്‍ നിലപാട് മാറ്റിയിട്ടുണ്ട്.
പല ബാങ്കുകളും ഗോള്‍ഡ് ലോണില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കി തുടങ്ങിയതായി എന്‍ഡിടിവി പ്രോഫിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോള്‍ഡ് ലോണുകള്‍ക്ക് മൂല്യത്തിന്റെ 85 ശതമാനം വരെ നല്കിയിരുന്ന ബാങ്കുകള്‍ ഇപ്പോഴത് 65-70 ശതമാനത്തിലേക്കാണ് താഴ്ത്താന്‍ ഒരുങ്ങുന്നത്. ഇതുവഴി റിസ്‌ക് കുറയ്ക്കാമെന്ന് ബാങ്കുകള്‍ കരുതുന്നു.
സ്വര്‍ണ വായ്പകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും അടുത്ത കാലത്തായി ബാങ്കുകള്‍ ശ്രദ്ധിക്കുന്നുണ്ട്. സ്വര്‍ണവില കൈവിട്ട് കുതിച്ചതോടെ സ്വര്‍ണവായ്പകള്‍ക്കായി സമീപിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
സുരക്ഷിത നിക്ഷേപമായിട്ടാണ് പലരും സ്വര്‍ണത്തെ കാണുന്നത്. അതുകൊണ്ട് തന്നെ അത്യാവശ്യ സമയങ്ങളില്‍ സ്വര്‍ണവായ്പയെ ആശ്രയിക്കുന്നവരുടെ എണ്ണവും കൂടുതലാണ്. ധനകാര്യ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ടോപ്അപ് സൗകര്യങ്ങളും ഒരുക്കിയതോടെ വീടുകളിലിരുന്ന് ലോണ്‍ തുക കൂട്ടിയെടുക്കാന്‍ സാധിക്കും.
അടുത്ത കാലത്തായി ഇടത്തരം ചെറുകിട ഇടത്തരം സംരംഭങ്ങള്‍ വായ്പയ്ക്കായി കൂടുതലായി സ്വര്‍ണപണയത്തെ ആശ്രയിക്കുന്നതായി കണ്ടെത്തിയിരുന്നു. മൊത്തം സ്വര്‍ണവായ്പയുടെ 15 ശതമാനവും ഇത്തരത്തിലുള്ളതാണ്.
2025 മാര്‍ച്ചിലെ കണക്കു പ്രകാരം രാജ്യത്ത് പണയം വെച്ചിരിക്കുന്ന സ്വര്‍ണം 11.8 ലക്ഷം കോടിയുടേതാണ്. എന്‍.ബി.എഫ്.സികളുടെ പക്കലുള്ളത് ഇതില്‍ 2.4 ലക്ഷം കോടി രൂപയുടെ സ്വര്‍ണമാണ്.
സ്വര്‍ണവായ്പാ രംഗത്ത് ബാങ്കുകളുടെ വിപണി വിഹിതം 82 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ബാങ്കുകളുടെ പക്കലുള്ള സ്വര്‍ണപണയത്തിന്റെ അളവ് അഞ്ചു വര്‍ഷത്തിനിടയില്‍ 26 ശതമാനം കണ്ട് വര്‍ധിച്ചു. എന്നാല്‍ എന്‍.ബി.എഫ്.സികളുടെ കാര്യത്തില്‍ വളര്‍ച്ച 20 ശതമാനമാണ്.
അടുത്ത വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ സ്വര്‍ണ പണയത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയാറെടുക്കുകയാണ്. വായ്പ അനുവദിക്കുന്ന തുകയുടെ മൂല്യത്തിലണ് പ്രധാനമാറ്റം. 2.5 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് സ്വര്‍ണ മൂല്യത്തിന്റെ 85 ശതമാനം വരെ വായ്പ ലഭിക്കും.
2.5 ലക്ഷത്തിനും 5 ലക്ഷത്തിനും ഇടയിലാണെങ്കില്‍ മൂല്യത്തിന്റെ 80 ശതമാനം വരെയാണ് വായ്പ കിട്ടുന്നത്. ഇതിന് മുകളിലാണെങ്കില്‍ 75 ശതമാനം വരെയും അനുവദിക്കാം. പലിശ മാത്രം അടച്ച് വായ്പ പുതുക്കി വക്കാനും ഇനി കഴിയില്ല. അതായത് 12 മാസം കഴിഞ്ഞാല്‍ പലിശയും മുതലും മുഴുവനായും തിരിച്ചടക്കേണ്ടി വരും.
Read DhanamOnline in English
Subscribe to Dhanam Magazine