image credit : canva 
News & Views

സ്വര്‍ണക്കടത്തില്‍ തന്ത്രം മാറ്റി സംഘങ്ങള്‍, സ്വര്‍ണമെത്തിക്കാന്‍ വിദേശികള്‍; പുതിയ നീക്കത്തിന് കാരണമെന്ത്?

മുമ്പ് എയര്‍പോര്‍ട്ടുകള്‍ വഴിയായിരുന്നു സ്വര്‍ണക്കടത്ത് വ്യാപകമായിരുന്നതെങ്കില്‍ ഇപ്പോള്‍ കടല്‍ വഴിയും റോഡ് മാര്‍ഗവും കള്ളക്കടത്ത് സ്വര്‍ണം ഇന്ത്യയിലെത്തുന്നുണ്ട്

Dhanam News Desk

സ്വര്‍ണക്കടത്തിന് മുന്‍കാലങ്ങളില്‍ ഇന്ത്യക്കാരെ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ രീതികള്‍ മൊത്തം പൊളിച്ചെഴുതി സ്വര്‍ണക്കടത്ത് സംഘങ്ങള്‍. വിദേശികളെ ഉപയോഗിച്ച് കൂടിയ അളവില്‍ സ്വര്‍ണം കടത്തുന്നതാണ് പുതിയ ട്രെന്റെന്ന് ഡയറക്‌ട്രേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി.

കഴിഞ്ഞ ബജറ്റില്‍ സ്വര്‍ണ ഇറക്കുമതിക്കുള്ള നികുതി 15 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചിരുന്നു. ഇതിനുശേഷം കുറെക്കാലം സ്വര്‍ണക്കടത്ത് കുറഞ്ഞിരുന്നു. എന്നാല്‍ അടുത്തിടെ വീണ്ടും സ്വര്‍ണക്കടത്ത് വര്‍ധിച്ചു. സ്വര്‍ണത്തിന്റെ വില വലിയ തോതില്‍ വര്‍ധിച്ചതാണ് ഇതിനു കാരണം.

സ്വദേശികളെ അപേക്ഷിച്ച് വിദേശികള്‍ക്ക് പരിശോധന കുറവാണെന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇത് ശരിയല്ലെന്ന് അധികൃതര്‍ പറയുന്നു. സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയും പിടികൂടപ്പെടുമെന്ന ഭയവും സ്വദേശികളെ സ്വര്‍ണക്കടത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

കടത്തുന്നത് കൂടിയ അളവ്

2024 ഒക്ടോബര്‍ മുതല്‍ 2025 മാര്‍ച്ച് വരെയുള്ള കാലയളവില്‍ സ്വര്‍ണക്കടത്തിന് പിടിക്കപ്പെട്ട വിദേശികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായതായി ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പറയുന്നു. ഇന്ത്യക്കാരെ വച്ച് സ്വര്‍ണക്കടത്ത് നടത്തിയിരുന്നപ്പോള്‍ കുറഞ്ഞ അളവിലായിരുന്നു സ്വര്‍ണം എത്തിച്ചിരുന്നത്. എന്നാല്‍ വിദേശികള്‍ വന്നതോടെ വലിയ അളവിലാണ് സ്വര്‍ണക്കടത്ത്.

മാര്‍ച്ച് ആറിന് മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് യു.എ.ഇ, ഒമാന്‍ സ്വദേശികളായ രണ്ടുപേര്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്ന് കണ്ടെടുത്തത് 21 കിലോ സ്വര്‍ണമാണ്. ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം എത്തിക്കാന്‍ നോക്കിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് മൂന്ന് ഇറാനിയന്‍ വംശജരെയും സ്വര്‍ണവുമായി കസ്റ്റഡിയിലെടുത്തിരുന്നു. 7.14 കിലോഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.

ഇന്ത്യക്കാരുടെ സ്വര്‍ണക്കടത്തും വലിയ തോതില്‍ നടക്കുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അടുത്തിടെ ദുബൈയില്‍ നിന്ന് ബെംഗളൂരു എയര്‍പോര്‍ട്ടിലെത്തിയ സ്ത്രീയില്‍ നിന്ന് 12.56 കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്.

മുമ്പ് എയര്‍പോര്‍ട്ടുകള്‍ വഴിയായിരുന്നു സ്വര്‍ണക്കടത്ത് വ്യാപകമായിരുന്നതെങ്കില്‍ ഇപ്പോള്‍ കടല്‍ വഴിയും റോഡ് മാര്‍ഗവും കള്ളക്കടത്ത് സ്വര്‍ണം ഇന്ത്യയിലെത്തുന്നുണ്ട്. ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളിലെത്തിയ ശേഷം ഇവിടെ നിന്ന് റോഡ് മാര്‍ഗം ഇന്ത്യയിലേക്ക് സ്വര്‍ണം എത്തിക്കുന്നത് പതിവായിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കടല്‍മാര്‍ഗം സ്വര്‍ണക്കടത്ത് നടത്തുന്നതും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

സ്വര്‍ണവില വലിയ തോതില്‍ വര്‍ധിച്ചതാണ് കടത്ത് വീണ്ടും വര്‍ധിക്കാനുള്ള കാരണങ്ങളിലൊന്ന്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് രാജകീയ സ്ഥാനം ലഭിച്ചത് സ്വര്‍ണക്കടത്തുകാരും മുതലെടുത്തു.

Gold smuggling networks now use foreigners to traffic larger volumes into India, exploiting security gaps and rising gold prices

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT