ഗൂഗിള്‍ ക്ലൗഡിന്റെ പിന്തുണയോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി എഐ ഹാക്കത്തോണും ബൂട്ട്ക്യാമ്പും സംഘടിപ്പിക്കാന്‍ കൊച്ചി ഇന്‍ഫോപാര്‍ക്കിലെ സന്‍സ്‌കാര സ്‌കൂള്‍. മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സുമായി (മിറ്റ്‌സ് കൊച്ചി) സഹകരിച്ച് നടത്തുന്ന 'ഹാക്ക് യുവര്‍ ഫ്യൂച്ചര്‍' ഇന്റര്‍ സ്‌കൂള്‍ കോഡിങ് ഹാക്കത്തോണ്‍ സീസണ്‍ 2-ല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), കോഡിങ്, മറ്റ് ആധുനിക സാങ്കേതികവിദ്യകള്‍ എന്നിവയില്‍ വിദഗ്ദ്ധ പരിശീലനം നല്‍കും.
സെപ്റ്റംബര്‍ 10, 11 തീയതികളില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് ഫേസ് 2-ല്‍ സ്ഥിതി ചെയ്യുന്ന സന്‍സ്‌കാര സ്‌കൂളില്‍ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. മുന്‍പ് കോഡിങ് പരിചയമില്ലാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
ആദ്യ ദിനം ബൂട്ട്ക്യാമ്പും രണ്ടാം ദിനം ഹാക്കത്തോണുമായാണ് 'ഹാക്ക് യുവര്‍ ഫ്യൂച്ചര്‍' ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 10ന് രാവിലെ 8.30 മുതല്‍ വൈകീട്ട് 4 വരെയാണ് ഗൂഗിള്‍ ക്ലൗഡിന്റെ പിന്തുണയോടെയുള്ള 'എഐ ബൂട്ട്ക്യാംപ്' നടക്കുന്നത്. ഗൂഗിള്‍ എഐ ടൂളുകള്‍, ടീച്ചബിള്‍ മെഷീന്‍, ജെമിനി, നോ-കോഡ് എഐ പ്ലാറ്റ്ഫോമുകള്‍ എന്നിവ ഈ സെഷനില്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തും. കൂടാതെ മെഷീന്‍ ലേണിങ്, ജനറേറ്റീവ് എഐ, ഡാറ്റ, എഐ എത്തിക്‌സ്, പ്രോംപ്റ്റ് എന്‍ജിനീയറിങ് തുടങ്ങിയ വിഷയങ്ങളില്‍ ഗൂഗിളില്‍ നിന്നുള്ള വിദഗ്ധരും മിറ്റ്‌സിലെ അധ്യാപകരും വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് പരിശീലനം നല്‍കും.
സെപ്റ്റംബര്‍ 11-ന് രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെയാണ് ഹാക്കത്തോണ്‍ സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സസ്റ്റൈനബിലിറ്റി, സ്മാര്‍ട്ട് കമ്മ്യൂണിറ്റികള്‍ എന്നീ മേഖലകളിലെ യഥാര്‍ഥ വെല്ലുവിളികള്‍ക്ക് എഐ അധിഷ്ഠിത പരിഹാരങ്ങള്‍ കണ്ടെത്തി പ്രോട്ടോടൈപ്പുകള്‍ തയാറാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 6 മണിക്കൂറിനുള്ളില്‍ പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കി വിധികര്‍ത്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിക്കണം. മികച്ച ടീമുകള്‍ക്ക് ക്യാഷ് അവാര്‍ഡുകളും, ഒപ്പം രക്ഷിതാക്കള്‍, മാധ്യമങ്ങള്‍, വിദ്യാഭ്യാസ പ്രമുഖര്‍ എന്നിവര്‍ക്ക് മുന്നില്‍ പ്രോജക്ടുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ലഭിക്കും. പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 20,000 രൂപയുടെ ക്യാഷ് അവാര്‍ഡും, രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 10,000, 5,000 രൂപയുടെ അവാര്‍ഡുകളും ലഭിക്കും.
കേവലം പാഠപുസ്തക പഠനത്തിനപ്പുറം സമൂഹത്തിന് ഉപകാരപ്രദമായ രീതിയില്‍ ചിന്തിക്കാനും പുതിയവ സൃഷ്ടിക്കാനുമുള്ള കഴിവ് കുട്ടികളില്‍ വളര്‍ത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജ് പറഞ്ഞു. സന്‍സ്‌കാര സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സ്വാമിനാഥന്‍ കൃഷ്ണ, മുത്തൂറ്റ് ഗ്രൂപ്പ് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് സിഎസ്ആര്‍ ഹെഡ് രോഹിത് രാജ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: +91 80892 58531, +91 94461 26750, +91 97445 40397
Read DhanamOnline in English
Subscribe to Dhanam Magazine