പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ വാണിജ്യ എല്‍പിജി വിതരണത്തില്‍ കൂടുതല്‍ വര്‍ധന പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ വ്യവസായ മേഖലകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ഭക്ഷ്യസംസ്‌കരണം, ഹോസ്പിറ്റാലിറ്റി, ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയ പ്രധാന മേഖലകള്‍ക്ക് പുതിയ തീരുമാനത്തിലൂടെ കൂടുതല്‍ സിലിണ്ടറുകള്‍ ലഭ്യമാക്കുമെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.
വിതരണത്തില്‍ തടസങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ വിപണിയിലുള്ള ഡിമാന്‍ഡ് കണക്കിലെടുത്താണ് വിതരണ തോത് ഉയര്‍ത്തിയത്. ഇത് വരും മാസങ്ങളില്‍ വ്യവസായ ശാലകളുടെ പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനും വിപണിയില്‍ ഉത്പന്നങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കാനും സഹായിക്കും.
ആഗോളതലത്തില്‍ ഊര്‍ജ പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ആഭ്യന്തര ഉത്പാദനവും വിതരണ ശൃംഖലയും ശക്തിപ്പെടുത്തി വ്യവസായ മേഖലയ്ക്ക് കരുത്തുപകരുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുന്നതിനും ഇന്ധന ലഭ്യത ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് കേന്ദ്രം വ്യക്തമാക്കി.
ഹോര്‍മൂസ് കടലിടുക്കില്‍ അനിശ്ചിതത്വം തുടരുമ്പോള്‍ എല്‍പിജി വാങ്ങലില്‍ കൂടുതല്‍ വൈവിധ്യം കൊണ്ടുവരാനാണ് കേന്ദ്രനീക്കം. റഷ്യയില്‍ നിന്ന് കൂടുതല്‍ പാചകവാതക ടാങ്കറുകള്‍ എത്തുമെന്നാണ് വിവരം. റഷ്യയില്‍ നിന്ന് മുമ്പ് വാങ്ങിയിരുന്നതുപോലെ കൂടുതല്‍ പാചകവാതകം എത്തിച്ച് പ്രതിസന്ധി പരിഹരിക്കാനാണ് നീക്കം.
റഷ്യയില്‍ നിന്ന് കൂടുതല്‍ എല്‍പിജി ലഭിക്കുന്നതോടെ താല്ക്കാലിക ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. വരുംദിവസങ്ങളില്‍ കൂടുതല്‍ ക്രൂഡ്ഓയില്‍ കപ്പലുകളും ഇന്ത്യയിലെത്തുമെന്നാണ് വിവരം.
പ്രതിസന്ധി മറികടക്കാന്‍ 'എല്‍പിജി വാര്‍ റൂം' സംവിധാനം സജ്ജമാക്കി സംസ്ഥാന സര്‍ക്കാര്‍. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് 10 ഐഎഎസ് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് വാര്‍ റൂം പ്രവര്‍ത്തിക്കുക.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയിലാണ് എല്‍പിജി വാര്‍ റൂം പ്രവര്‍ത്തിക്കുക. മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്‍പിജിയുടെ ആവശ്യകത കണക്കിലെടുത്ത് നടക്കാന്‍ സാധ്യതയുള്ള പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത, അമിതവില ഈടാക്കല്‍ എന്നിവ തടയാന്‍ കര്‍ശന നടപടിയുണ്ടാകും.
സിലിണ്ടറുകളിലെ തൂക്കക്കുറവ് പരിശോധിക്കാനും പ്രത്യേക സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനതല വാര്‍ റൂമിന് പുറമെ എല്ലാ ജില്ലകളിലും കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതല വാര്‍ റൂമുകളും പ്രവര്‍ത്തനമാരംഭിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine