പശ്ചിമേഷ്യന്‍ സംഘര്‍ഷവും ക്രൂഡ്ഓയില്‍ വിലവര്‍ധനയും മൂലം കടുത്ത നിയന്ത്രണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന് സൂചന. നിയന്ത്രിത കാലത്തേക്ക് വിദേശയാത്രകള്‍ക്ക് നികുതിയോ പ്രത്യേക സെസോ സര്‍ചാര്‍ജോ ഈടാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് സിഎന്‍ബിസി-ടിവി18 ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇതുവരെ അന്തിമതീരുമാനം ആയിട്ടില്ല.
ഒരു വര്‍ഷത്തേക്കാകും നിയന്ത്രണങ്ങള്‍ കൊണ്ടുവരികയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞയാഴ്ച്ച പ്രധാനമന്ത്രി ജനങ്ങളോട് നടത്തിയ അഭ്യര്‍ത്ഥനയില്‍ സ്വര്‍ണം വാങ്ങല്‍ കുറയ്ക്കാനും വിദേശയാത്ര പരമാവധി ഒഴിവാക്കാനും ആഹ്വാനം ചെയ്തിരുന്നു. തൊട്ടുപിന്നാലെ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 15 ശതമാനമായി വര്‍ധിപ്പിക്കുകയും ചെയ്തു.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയുടെ ഇറക്കുമതി ബില്‍ കുത്തനെ ഉയര്‍ന്നിരുന്നു. സ്വര്‍ണവും ക്രൂഡ്ഓയിലുമാണ് ഇന്ത്യന്‍ ഇറക്കുമതിയുടെ വലിയ പങ്ക് അപഹരിക്കുന്നത്. ഇതൊഴിവാക്കാനാണ് പ്രധാനമന്ത്രി സ്വയംനിയന്ത്രണത്തിനായി ആഹ്വാനം ചെയ്തത്.
വിമാനയാത്ര നിരക്ക് കഴിഞ്ഞ രണ്ടു മാസത്തിനിടെ പലകുറി വര്‍ധിച്ചിരുന്നു. ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂടിയതോടെ വിദേശ വിനോദയാത്രയ്ക്ക് പോകുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു. അതേസമയം, ആഭ്യന്തര ടൂറിസത്തിന് ഇത് ഉണര്‍വേകുകയും ചെയ്തു.
പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് ശശ്വത പരിഹാരം ഉണ്ടാകാത്തത് ക്രൂഡ് വിലയെ 100 ഡോളറിന് മുകളില്‍ നിര്‍ത്തുകയാണ്. ബ്രെന്റ് ക്രൂഡ് വില ഇന്ന് മാത്രം മൂന്നു ശതമാനത്തിനടുത്ത് വര്‍ധിച്ചു. നിലവില്‍ 110 ഡോളറിനടുത്താണ് വില. എണ്ണവില വര്‍ധിക്കുന്നത് ഇന്ത്യയുടെ വിദേശനാണ്യശേഖരത്തില്‍ വലിയ കുറവുണ്ടാക്കും.
Read DhanamOnline in English
Subscribe to Dhanam Magazine