News & Views

ഗൂഗിള്‍ ക്രോം എക്സ്റ്റന്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അതീവ ജാഗ്രത വേണം:സിഇആര്‍ടി-ഇന്‍

Dhanam News Desk

ഗൂഗിള്‍ ക്രോമിന്റെ എക്സ്റ്റന്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സെബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്.'സെന്‍സിറ്റീവ്' ഉപയോക്തൃ ഡാറ്റ ശേഖരിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് നൂറിലധികം ക്ഷുദ്ര ലിങ്കുകള്‍ ഗൂഗിള്‍ നീക്കംചെയ്തതിനു പിന്നാലെയാണ് അപകട സാധ്യത ഒഴിവാക്കാനുള്ള നിര്‍ദ്ദേശം.

ഗൂഗിള്‍ ക്രോമിന്റെ വെബ് സ്റ്റോറിലുള്ള സുരക്ഷാ പരിശോധനയെ മറികടക്കാന്‍ ശേഷിയുള്ള കോഡുകള്‍ ഇത്തരം ലിങ്കുകളിലുണ്ടെന്ന് സൈബര്‍ ആക്രമണങ്ങളെ ചെറുക്കുന്നതിനും ഇന്ത്യന്‍ സൈബര്‍സ്‌പേസ് സംരക്ഷിക്കുന്നതിനുമുള്ള ദേശീയ സാങ്കേതിക വിഭാഗമായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) കണ്ടെത്തിയിട്ടുണ്ട്.

ഐ.ഒ.സി. ചാര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന വിലാസമുള്ള ഗൂഗിള്‍ ക്രോം എക്‌സ്റ്റന്‍ഷനുകള്‍ ഉപയോക്താക്കള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് സിഇആര്‍ടി-ഇന്‍ നിര്‍ദേശിച്ചു. ക്രോമിന്റെ എക്സ്റ്റന്‍ഷന്‍ പേജ് സന്ദര്‍ശിച്ച് ഡെവലപര്‍ മോഡ് പ്രവര്‍ത്തനക്ഷമമാക്കിയാല്‍ ഇത്തരം എക്‌സ്റ്റന്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുണ്ടോയെന്നു കണ്ടെത്തി നീക്കാം. ആവശ്യമുള്ള എക്‌സ്റ്റഷനുകള്‍ മാത്രമേ ഇന്‍സ്റ്റാള്‍ ചെയ്യാവൂവെന്നും ഉപയോഗിച്ചവരുടെ വിലയിരുത്തല്‍ നിരൂപണം നോക്കിയശേഷമേ ഇതു ചെയ്യാവൂ എന്നും ഏജന്‍സി നിര്‍ദേശിച്ചു. ഉറവിടം വ്യക്തമാക്കാത്തവ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന മുന്നറിയിപ്പുമുണ്ട്.

സ്‌ക്രീന്‍ഷോട്ടുകളെടുക്കാനും ക്ലിപ് ബോര്‍ഡ് വായിക്കാനും കീബോഡില്‍ ടൈപ്പ് ചെയ്യുന്ന കീകള്‍ നിരീക്ഷിച്ച് പാസ്വേഡുകള്‍ കണ്ടെത്താനും മറ്റ് രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ ശേഖരിക്കാനും ക്ഷുദ്ര ലിങ്കുകള്‍ക്കാവും. തിരച്ചില്‍ മെച്ചപ്പെടുത്താനും വ്യത്യസ്ത രൂപത്തിലുള്ള ഫയലുകള്‍ പരിവര്‍ത്തനം ചെയ്യുമ്പോഴുള്ള സുരക്ഷാ സ്‌കാനറുകളായും പ്രവര്‍ത്തിക്കുന്നവയാണ് ഇത്തരം എക്സ്റ്റന്‍ഷനുകള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT