രാജ്യത്ത് പുതിയ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നതിനുള്ള ചട്ടങ്ങള്‍ ലഘൂകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട 2019ലെ ചട്ടങ്ങളില്‍ മാറ്റം വരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം വിദഗ്ധ സമിതിയെ നിയമിച്ചു. ഇപ്പോഴത്തെ ചട്ടങ്ങള്‍ ഫലപ്രദമാണോയെന്ന് ഭാരത് പെട്രോളിയം മുന്‍ ഡയറക്ടര്‍ സുഖ്മല്‍ ജെയിനിന്റെ നേതൃത്വത്തില്‍ അന്വേഷിക്കും. ഇലക്ട്രോണിക് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍, സി.എന്‍.ജി പോലുള്ള പുനരുപയോഗ ഇന്ധനങ്ങള്‍ എന്നിവയുടെ വ്യാപനവും സമിതി പരിശോധിക്കും.
പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നതിനുള്ള 2019ലെ ചട്ടങ്ങള്‍ നടപ്പിലാക്കിയത് സമിതി വിശദമായി പരിശോധിക്കും. നിലവിലെ ചട്ടങ്ങളിലെ പോരായ്മകള്‍ കണ്ടെത്തുക, വിപണിയില്‍ ഊര്‍ജ്ജ സുരക്ഷയും കാര്യക്ഷമയും ഉറപ്പാക്കുക, ഡീകാര്‍ബണൈസേഷന്‍ വേഗത്തിലാക്കുക, ഇലക്ട്രിക് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍, ബദല്‍ ഇന്ധനങ്ങള്‍ എന്നിവയുടെ പ്രോത്സാഹനം തുടങ്ങിയവയും സമിതി പരിശോധിക്കും. ഇക്കാര്യത്തില്‍ കമ്പനികള്‍ക്കും പൊതുജനങ്ങള്‍ക്കും ഓഗസ്റ്റ് 20നുള്ളില്‍ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാമെന്നും മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.
എണ്ണ പര്യവേഷണം, ശുദ്ധീകരണം, വാതക പൈപ്പ് ലൈന്‍, എല്‍.എന്‍.ജി ടെര്‍മിനല്‍ തുടങ്ങിയ മേഖലകളില്‍ കുറഞ്ഞത് 2,000 കോടി രൂപയുടെ നിക്ഷേപം നടത്തുന്ന കമ്പനികള്‍ക്ക് മാത്രമാണ് നേരത്തെ റീട്ടെയില്‍ ലൈസന്‍സ് നല്‍കിയിരുന്നത്. 2019ല്‍ ഇക്കാര്യത്തില്‍ മാറ്റം വരുത്തി. 250 കോടി ആസ്തിയുള്ള കമ്പനികള്‍ക്കെല്ലാം പെട്രോള്‍, ഡീസല്‍ എന്നിവ റീട്ടെയില്‍ വിപണിയില്‍ വില്‍ക്കാന്‍ അനുമതി കിട്ടി. ഇത്തരം കമ്പനികള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇതില്‍ അഞ്ച് ശതമാനം ഗ്രാമീണ മേഖലയില്‍ ആയിരിക്കണമെന്നും ചട്ടം പറയുന്നു. ലൈസന്‍സ് കിട്ടി മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ഇ.വി ചാര്‍ജിംഗ് സ്‌റ്റേഷന്‍ അല്ലെങ്കില്‍ സി.എന്‍.ജി, എല്‍.എന്‍.ജി ഫില്ലിംഗ് കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും നിബന്ധനയുണ്ട്. 500 കോടി രൂപ ആസ്തിയുള്ള കമ്പനികള്‍ക്ക് ചില്ലറ, മൊത്ത വിതരണ ലൈസന്‍സ് ലഭിക്കും.
ലോകത്തിലെ ഏറ്റവും വലിയ എണ്ണ വിപണികളിലൊന്നായ ഇന്ത്യയില്‍ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കാന്‍ ആഗോള കമ്പനികള്‍ അടക്കമുള്ള വമ്പന്‍മാര്‍ ഏറെക്കാലമായി കാത്തിരിക്കുകയാണ്. ഏതാണ്ട് ഒരുലക്ഷത്തോളം വരുന്ന രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ഭൂരിഭാഗവും പൊതുമേഖല കമ്പനികളുടെ നിയന്ത്രണത്തിലാണ്. 40,666 ഔട്ട്‌ലെറ്റുകളുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് (ഐ.ഒ.സി) ഇതില്‍ മുന്നില്‍. ഭാരത് പെട്രോളിയത്തിന് 23,959, ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന് 23,901 എന്നിങ്ങനെയും ഔട്ട്‌ലെറ്റുകളുണ്ട്. റിലയന്‍സ്-ബി.പി, നയാര എനര്‍ജി, ഷെല്‍ തുടങ്ങിയ സ്വകാര്യ കമ്പനികളും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. റിലയന്‍സിന് 1,991ും നയാരക്ക് 6,763ും ഷെല്ലിന് 355ും ഔട്ട്‌ലെറ്റുകളാണുള്ളത്. ഇതില്‍ പല കമ്പനികളും പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ്.
അദാനിയുടെ നേതൃത്വത്തിലുള്ള ടോട്ടല്‍ എനര്‍ജീസ്, പൂമ എനര്‍ജി, സൗദിയിലെ അരാംകോ തുടങ്ങിയ കമ്പനികള്‍ ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുവരാനും തയ്യാറെടുക്കുകയാണ്. രാജ്യത്ത് 1,500 ഔട്ട്‌ലോറ്റഉകള്‍ സ്ഥാപിക്കാന്‍ 2018ല്‍ അദാനി ഗ്രൂപ്പ് അപേക്ഷ നല്‍കിയിരുന്നു.സ്വിസ് ഓയില്‍ കമ്പനിയായ പുമ എനര്‍ജി നല്‍കിയ അപേക്ഷയും സര്‍ക്കാര്‍ പരിഗണനയിലാണ്. അരാംകോയുമായി ചര്‍ച്ചകള്‍ നടന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രാജ്യത്ത് കൂടുതല്‍ പെട്രോള്‍ പമ്പുകള്‍ അനുവദിക്കുന്നത് ഗതാഗത രംഗത്ത് വലിയ മാറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്, പ്രത്യേകിച്ചും ഗ്രാമീണ മേഖലയില്‍. ഇന്ധനം നിറക്കാനുള്ള കാത്തിരിപ്പ് കുറക്കാനും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ഇത് വഴിവെക്കും. കൂടുതല്‍ കമ്പനികള്‍ ഈ രംഗത്തേക്ക് എത്തുന്നതോടെ വിപണിയില്‍ മത്സരം വര്‍ധിക്കുകയും മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പാക്കുമെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു. എന്നാല്‍ സ്വകാര്യ, വിദേശ കമ്പനികള്‍ വിപണി കയ്യടക്കിയാല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ മത്സരക്ഷമതയെ ബാധിക്കുമോയെന്ന ആശങ്കയും ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
The Ministry of Petroleum and Natural Gas has set up an expert committee to revisit 2019 licensing norms for petrol pumps. The move aims to simplify entry requirements and boost energy security through greater participation from non-oil companies.
Read DhanamOnline in English
Subscribe to Dhanam Magazine