ദുബായ്, സിംഗപ്പൂര്‍ മാതൃകയില്‍ വ്യോമയാന രംഗത്തെ ഗ്ലോബല്‍ ഹബ്ബാകാന്‍ ഒരുങ്ങി ഇന്ത്യ. ഇതിനായി ഇമിഗ്രേഷന്‍, കാര്‍ഗോ പരിശോധന ചട്ടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തും. ആഭ്യന്തര - സിവില്‍ ഏവിയേഷന്‍ മന്ത്രാലയങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ദി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഒന്നിലധികം തവണ സുരക്ഷാ പരിശോധന നേരിടേണ്ടി വരുന്നത് ഒഴിവാക്കാനാണ് നീക്കം.
ഇപ്പോഴത്തെ ഇമിഗ്രേഷന്‍ ചട്ടം അനുസരിച്ച് കണക്ഷന്‍ ഫ്‌ളൈറ്റുകളില്‍ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഒന്നിലധികം തവണ സുരക്ഷാ പരിശോധനകള്‍ ആവശ്യമാണ്. ഉദാഹരണത്തിന് കൊച്ചിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് മുംബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ കൊച്ചി, മുംബൈ വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധന നടത്തണം. തിരികെ യാത്ര ചെയ്യുമ്പോഴും ഇതേ പ്രക്രിയ പൂര്‍ത്തിയാക്കേണ്ടി വരും. ഇത് യാത്രാ സമയം വര്‍ധിപ്പിക്കാനും ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് വേണ്ടി വിമാനക്കമ്പനികള്‍ ഏറെ നേരം കാത്തിരിക്കാനും ഇടയാക്കുന്നു. വിമാന കമ്പനികളുടെ പ്രവര്‍ത്തനങ്ങളെയും ഇത് സാരമായി ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. ഇതോടെയാണ് സര്‍ക്കാര്‍ മാറ്റത്തിന് തയ്യാറെടുക്കുന്നത്. യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതുമായ വിമാനത്താവളങ്ങളില്‍ മാത്രം സുരക്ഷാ പരിശോധന നടത്താനും ഇടക്കുള്ള വിമാനത്താവളങ്ങളിലേത് ഒഴിവാക്കാനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
ഇന്ത്യന് വിമാനത്താവളങ്ങളില്‍ കൈകാര്യം ചെയ്യുന്ന ട്രാന്‍സ്ഷിപ്പ്‌മെന്റ് കാര്‍ഗോ കസ്റ്റംസ് പരിശോധനക്ക് കൂടി വിധേയമാക്കണമെന്നാണ് നിലവിലെ സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ചട്ടങ്ങള്‍ പറയുന്നത്. ഇത് കാര്‍ഗോ ലക്ഷ്യസ്ഥാനത്തിലെത്താനുള്ള സമയം വര്‍ധിപ്പിക്കുന്നുണ്ട്. ദുബായ് പോലുള്ള അന്താരാഷ്ട്ര വിമാനത്താവങ്ങളില്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് കാര്‍ഗോ രണ്ട് മണിക്കൂറിനുള്ളില്‍ ക്ലിയര്‍ ചെയ്യുമെന്നാണ് വ്യോമയാന രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഉദാരമായ ചട്ടങ്ങള്‍ നടപ്പിലാക്കിയാല്‍ കൂടുതല്‍ പേരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും.
ഒരു ഗതാഗത മാര്‍ഗത്തിലൂടെ എത്തിക്കുന്ന ചരക്കുകളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് മുമ്പ് മറ്റൊന്നിലേക്ക് മാറ്റുന്ന പ്രക്രിയയാണ് ട്രാന്‍സ്ഷിപ്പ്‌മെന്റ്.
അതേസമയം, ട്രാന്‍സ്ഷിപ്പ്‌മെന്റ് കാര്‍ഗോ ചട്ടങ്ങള്‍ ഉദാരമാക്കിയാല്‍ വിഴിഞ്ഞം തുറമുഖത്തിനും തിരുവനന്തപുരം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കും കൂടുതല്‍ കരുത്താകുമെന്നാണ് പ്രതീക്ഷ. വിഴിഞ്ഞത്തെ സമുദ്ര-വ്യോമ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബായി വളര്‍ത്താനാണ് സര്‍ക്കാരും അദാനി ഗ്രൂപ്പും പദ്ധതിയിടുന്നത്. ഇരുപത് കിലോമീറ്റര്‍ ചുറ്റളവില്‍ തുറമുഖവും വിമാനത്താവളവും അവയെ ബന്ധിപ്പിച്ച് ദേശീയപാതയുമുള്ളത് വിഴിഞ്ഞത്തിന്റെ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് അദാനി പോര്‍ട്‌സ് സി.ഇ.ഒ പ്രണവ് ചൗധരി അടക്കമുള്ളവരുടെ അഭിപ്രായം. ട്രാന്‍സ്ഷിപ്പ്‌മെന്റ് ചട്ടങ്ങളില്‍ ഇളവ് നല്‍കിയാല്‍ വിഴിഞ്ഞം തുറമുഖത്തെത്തുന്ന ചരക്കുകള്‍ വളരെ വേഗത്തില്‍ വിമാനത്താവളത്തിലൂടെ മറ്റിടങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine