Airlines Image: @Canva
News & Views

24 വിമാനത്താവളങ്ങള്‍ ബുധനാഴ്ച വരെ അടച്ചിടും; കൂടുതല്‍ ജാഗ്രത ഈ കേന്ദ്രങ്ങളില്‍

പാക്കിസ്ഥാന്‍ യാത്രാ വിമാനങ്ങളെ ആക്രമണത്തിന് മറയാക്കുന്നു

Dhanam News Desk

ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യയിലെ 24 വിമാനത്താവളങ്ങള്‍ മെയ് 14 വരെ അടച്ചിടും. അതിര്‍ത്തി സംസ്ഥാനങ്ങളിലുള്ള വിമാനത്താവളങ്ങളാണ് ജാഗ്രതയുടെ ഭാഗമായി അടച്ചിടല്‍ തുടരുന്നത്. ഇന്നലെ രാത്രി പാക്കിസ്ഥാന്‍ സൈന്യം അതിര്‍ത്തിയില്‍ ഡ്രോണ്‍ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം.

അടച്ചത് ഈ വിമാനത്താവളങ്ങള്‍

ചണ്ഡീഗഡ്, ശ്രീനഗര്‍, അമൃത്സര്‍, ലുധിയാന, ബുണ്ഡാര്‍, കിഷന്‍ഗഞ്ച്, പാട്യാല, ഷിംല, കാന്‍ഗ്ര-ഗഗ്ഗാല്‍, ഭട്ടിന്‍ഡ, ജയ്‌സാല്‍മീര്‍, ജോധ്പൂര്‍, ബിക്കാനീര്‍, ഹല്‍വാര, പത്താന്‍കോട്, ജമ്മു, ലേ തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകളാണ് നിര്‍ത്തിയത്.

പാക്കിസ്ഥാന്‍ യാത്രാ വിമാനങ്ങളെ മറയാക്കുന്നു

ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പാക്കിസ്ഥാന്‍ സൈന്യം യാത്രാ വിമാനങ്ങളെ മറയാക്കുകയാണെന്ന് ഇന്ത്യന്‍ വ്യക്തമാക്കി. മെയ് ഏഴിന് രാത്രി പാക്കിസ്ഥാന്‍ നടത്തിയ ആക്രമണം അവരുടെ തന്നെ യാത്രാ വിമാനത്തിന്റെ മറവിലായിരുന്നുവെന്ന് ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് വ്യോമപാത അടച്ചെന്നാണ് പാക്കിസ്ഥാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ ഏഴിന് രാത്രി കറാച്ചിയില്‍ നിന്ന് ലാഹോറിലേക്കുള്ള ആഭ്യന്തര വിമാനവും സൗദിയിലെ ദമാമില്‍ നിന്ന് ലാഹോറിലേക്കുള്ള അന്താരാഷ്ട്ര വിമാനവും കടന്നു പോകുന്ന സമയത്തായിരുന്നു ഇന്ത്യക്കെതിരായി ഡ്രോണ്‍ ആക്രമണം. ഇന്ത്യന്‍ പ്രത്യാക്രമണത്തെ പ്രതിരോധിക്കുന്നതിനാണ് ഇതെന്നും സാധാരണക്കാരായ യാത്രക്കാരുടെ ജീവന്‍ പണയം വെച്ചാണ് പാക്കിസ്ഥാന്‍ പ്രവര്‍ത്തിക്കുന്നതെന്നും വ്യോമിക സിംഗ് കുറ്റപ്പെടുത്തി.

മെയ്7,8 തീയ്യതികളില്‍ പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ 400 ഡ്രോണുകള്‍ വരെ ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിച്ചതായി ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തി വഴിയാണ് ആക്രമണത്തിന് ശ്രമം നടന്നത്. എന്നാല്‍ ഇന്ത്യന്‍ സൈന്യം ഈ ഡ്രോണുകളെ ശക്തമായി പ്രതിരോധിച്ചു. നിരീക്ഷണ ഡ്രോണുകളും തുര്‍ക്കി നിര്‍മിത സായുധ ഡ്രോണുകളും ഉപയോഗിച്ചായിരുന്നു പാക്കിസ്ഥാന്‍ ആക്രമണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT