Image : Canva 
News & Views

ആ ലാഭം ജനങ്ങള്‍ക്കില്ല, സര്‍ക്കാര്‍ എടുത്തു! പെട്രോളിനും ഡീസലിനും രണ്ടു രൂപ എക്‌സൈസ് ഡ്യൂട്ടി കൂട്ടി; ഗ്യാസ് വിലവർധന ഉപയോക്താക്കളുടെ ചുമലിൽ

പെ​ട്രോൾ, ഡീസൽ വില കുറക്കാൻ സമയമായില്ലെന്ന സൂചനയുമായി മന്ത്രി ഹർദീപ് സിംഗ് പുരി

Dhanam News Desk

രാജ്യത്ത് ഇന്ധനവിലയില്‍ രണ്ട് രൂപയുടെ വര്‍ധന വരുത്തി കേന്ദ്രസര്‍ക്കാര്‍. എക്‌സൈസ് ഡ്യൂട്ടിയിലാണ് വര്‍ധന വരുത്തിയിരിക്കുന്നത്. നികുതി വര്‍ധനയുടെ ബാധ്യത എണ്ണക്കമ്പനികള്‍ക്ക്. കമ്പനികൾ ഈ തുക ഖജനാവിലേക്ക് നൽകുമെന്നതിനാൽ വിലവര്‍ധനയുടെ ഭാരം പൊതുജനം താങ്ങേണ്ടിവരില്ല.

ക്രൂഡ്ഓയില്‍ വില 65 ഡോളറില്‍ താഴെയാണ് നിലവില്‍. എണ്ണ ഇറക്കുമതിയില്‍ പൊതുമേഖല കമ്പനികള്‍ക്ക് വലിയ ലാഭം ലഭിക്കുന്നുണ്ട്. ഇതിൽ ഒരു പങ്ക് ജനങ്ങൾക്ക് നൽകേണ്ട സ്ഥാനത്ത് പുതിയ വരുമാന മാർഗമാക്കി മാറ്റിയിരിക്കുകയാണ് സർക്കാർ. ഇതിനൊപ്പം ഗാർഹിക പാചക വാതക സിലിണ്ടറിന് 50 രൂപ കൂട്ടുകയും​ ചെയ്തു. ഈ ഭാരം ഉപയോക്താക്കൾ തന്നെ വഹിക്കണം.

ക്രൂഡ് ഇടിഞ്ഞിട്ടും നേട്ടമില്ലാതെ ഉപയോക്താക്കള്‍

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ക്രൂഡ് ഓയില്‍ വിലയില്‍ വലിയ ഇടിവാണ് സംഭവിച്ചത്. 2024 ഏപ്രില്‍ എട്ടിന് 86 രൂപയായിരുന്നു ക്രൂഡ് ഓയില്‍ ബാരല്‍ വില. ഇപ്പോഴാകട്ടെ 65 ഡോളറിലേക്ക് നിലംപൊത്തി. എണ്ണവിലയിലെ ഈ നേട്ടം ജനങ്ങളിലേക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ മടിക്കുന്നതിനെതിരേ വലിയ തോതില്‍ വിമര്‍ശനം ഉയരുന്നുണ്ട്. എണ്ണ വില 60 ഡോളറിന് താഴെ നിലനിന്നാൽ പെട്രോൾ, ഡീസൽ വില കുറക്കാൻ കഴിയുമെന്നാണ് മന്ത്രി ഹർദീപ്സിംഗ് പുരി അഭിപ്രായപ്പെട്ടത്.

2022 മേയില്‍ ക്രൂഡിന് 116 ഡോളറുണ്ടായിരുന്ന സമയത്ത് ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില യഥാക്രമം 96.72, 89.62 രൂപ ആയിരുന്നു. ഇപ്പോള്‍ ക്രൂഡ് വില 65 ഡോളറിലെത്തിയപ്പോള്‍ പെട്രോള്‍ വില 100 രൂപയ്ക്ക് മുകളിലും.

മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു തൊട്ടുപിന്നാലെ കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് എസ്. പുരി ചില ഉറപ്പുകള്‍ നല്‍കിയിരുന്നു. 80 ഡോളറിന് താഴേക്ക് ക്രൂഡ് വില പോയാല്‍ പെട്രോള്‍, ഡീസല്‍ വില ആനുപാതികമായി കുറയ്ക്കുമെന്നായിരുന്നു മുൻ വാഗ്ദാനം. അതൊന്നും പാലിക്കാന്‍ കേന്ദ്രം ഇതുവരെ ശ്രമിച്ചിട്ടില്ല. മാറിയ സാമ്പത്തിക കാലാവസ്ഥയില്‍ ഇനി വില കുറയ്ക്കാനുള്ള സാധ്യതയും കുറവാണ്.

മോദി സര്‍ക്കാരിന് നേട്ടം

ക്രൂഡ് വില കുറഞ്ഞു നില്‍ക്കുന്നതില്‍ ആര്‍ക്കാകും കൂടുതല്‍ സന്തോഷം? സംശയം വേണ്ട, ഇന്ത്യ പോലെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് തന്നെ. മൂലധന ചെലവുകള്‍ വന്‍തോതില്‍ വര്‍ധിച്ചതും ആദായനികുതി കുറച്ചതുമെല്ലാം കേന്ദ്രത്തിന്റെ വരുമാനത്തില്‍ കുറവുവരുത്താന്‍ ഇടയാക്കിയിരുന്നു. ക്രൂഡ് വില കുറയുന്നതുമൂലം എണ്ണക്കമ്പനികളുടെ ലാഭം കൂടുന്നതിലൂടെ കേന്ദ്രത്തിന് മറ്റ് വഴിയിലുള്ള ഇടിവുകള്‍ കുറയ്ക്കാന്‍ സാധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT