Image courtesy: canva  
News & Views

എണ്ണവില 78 ദിവസം കുതിച്ചുയരാതെ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ മുടക്കിയത് ₹1.23 ലക്ഷം കോടി രൂപ! വില കൂട്ടിയിട്ടും നഷ്ടം

14.2 കിലോഗ്രാമിന്റെ എല്‍പിജി സിലിണ്ടര്‍ വില്ക്കുമ്പോള്‍ 700 രൂപയ്ക്ക് അടുത്താണ് നഷ്ടം. പ്രതിദിനം എല്ലാംകൂടി കൂട്ടുമ്പോള്‍ എണ്ണക്കമ്പനികളുടെ നഷ്ടം 600-700 കോടി രൂപയ്ക്കടുത്ത് വരും

Dhanam News Desk

പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ക്രൂഡ്ഓയില്‍ വിലയിലെ ചാഞ്ചാട്ടം രാജ്യത്തെ ഇന്ധനവിലയില്‍ ബാധിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചെലവിട്ടത് 1.23 ലക്ഷം കോടി രൂപ. യുദ്ധം തുടങ്ങിയതു മുതല്‍ 78 ദിവസത്തോളം വില പിടിച്ചുനിര്‍ത്താന്‍ വേണ്ടി പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് നല്കിയ തുകയാണിത്.

കേരളം ഉള്‍പ്പെടെ നിര്‍ണായക സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതും ഇന്ധനവിലയില്‍ മാറ്റം വരുത്താതിരിക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചു. തെരഞ്ഞെടുപ്പിന് ശേഷം പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചെങ്കിലും എണ്ണക്കമ്പനികളുടെ ആവശ്യം പൂര്‍ണമായി കേന്ദ്രം അംഗീകരിച്ചില്ല.

എല്‍പിജി സിലിണ്ടറിലും നിയന്ത്രണം

എണ്ണവിലയ്‌ക്കൊപ്പം എല്‍പിജി സിലിണ്ടറുകളുടെ വിതരണത്തിലും പുതിയ നിയന്ത്രണങ്ങള്‍ കേന്ദ്രം കൊണ്ടുവന്നിരുന്നു. മോദി സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം ആരംഭിച്ച ജനപ്രിയ സ്‌കീമായ പ്രധാന്‍ മന്ത്രി ഉജ്വല യോജന (PMUY) പദ്ധതിയില്‍ നല്കുന്ന സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി. ഒന്‍പതില്‍ നിന്ന് നാല് ആയിട്ടാണ് പുതിയ മാറ്റം. 2016ല്‍ പദ്ധതി ആരംഭിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് 12 സിലിണ്ടറുകള്‍ ലഭിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ നാലായി താഴ്ത്തിയത്.

ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടര്‍ന്ന് എല്‍പിജി ഇറക്കുമതി ചാര്‍ജില്‍ 46 ശതമാനം വര്‍ധന ഫെബ്രുവരിക്ക് ശേഷം ഉണ്ടായെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 2022ന് ശേഷം എല്‍പിജി സബ്‌സിഡിക്കായി കേന്ദ്രം 52,000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് നിലവില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില്ക്കുമ്പോള്‍ 6 രൂപയും ഡീസലില്‍ 30 രൂപയും നഷ്ടം സംഭവിക്കുന്നുണ്ട്. 14.2 കിലോഗ്രാമിന്റെ എല്‍പിജി സിലിണ്ടര്‍ വില്ക്കുമ്പോള്‍ 700 രൂപയ്ക്ക് അടുത്താണ് നഷ്ടം. പ്രതിദിനം എല്ലാംകൂടി കൂട്ടുമ്പോള്‍ എണ്ണക്കമ്പനികളുടെ നഷ്ടം 600-700 കോടി രൂപയ്ക്കടുത്ത് വരും.

ക്രൂഡ് വില വീണ്ടും കയറുന്നു

ഇറാനും യുഎസും വീണ്ടും പോര്‍മുഖം തുറന്നതോടെ താഴ്ന്നു നിന്നിരുന്ന ക്രൂഡ് ഓയില്‍ വില വീണ്ടും ഉയര്‍ന്നു തുടങ്ങി. ഡബ്ല്യുടിഐ ക്രൂഡ് ഇന്ന് 2 വൈകുന്നേരം (ജൂണ്‍ 10) അഞ്ചുവരെ 2 ശതമാനത്തിനടുത്ത് ഉയര്‍ന്നു. നിലവില്‍ ബാരലിന് 90 ഡോളറിനടുത്താണ് വില. മര്‍ബന്‍ ക്രൂഡ് 89 ഡോളര്‍ പരിസരത്തും ബ്രെന്റ് ക്രൂഡ് 92 ഡോളറിന് മുകളിലുമാണ്. ആക്രമണം വീണ്ടും കടുത്താല്‍ ക്രൂഡ് വില 100 ഡോളര്‍ കടക്കാന്‍ കാലതാമസമെടുക്കില്ല.

India reportedly spent ₹1.23 lakh crore to shield consumers from fuel price volatility amid Middle East tensions, while rising crude oil prices are increasing pressure on oil companies and government finances

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT