ഗ്രാഫീനും മറ്റ് ദ്വിമാന (2D) വസ്തുക്കളും ഉപയോഗിച്ചുള്ള ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും ഗവേഷണങ്ങളും ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര സമ്മേളനവും പ്രദർശനവും ‘ഗ്രാഫിൻ ഇന്ത്യ 2026’ മാർച്ച് 9 മുതൽ 12 വരെ ലെ മെറിഡിയൻ കൺവൻഷൻ സെൻ്ററിൽ നടക്കും. കനമില്ലാത്തതും ചാലകശക്തിയേറിയതും അതിശക്തവുമായ ഇലക്ട്രോണിക് പദാർത്ഥമാണ് ഗ്രാഫീൻ.
രാജ്യത്തെ ഗ്രാഫീൻ ഗവേഷണ രംഗത്ത് മുൻ നിരയിലെത്തിക്കുക എന്ന ലക്ഷ്യേത്തോടെ കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയത്തിന്റെ കീഴിലുള്ള സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയാണ് (സി-മെറ്റ്) സമ്മേളനം സംഘടിപ്പിക്കുന്നത്. സ്പെയിനിലെ ഫാന്റം ഫൗണ്ടേഷനും ഗ്രാഫീൻ ഗവേഷണത്തിൽ മുൻനിരയിലുള്ള മാഞ്ചസ്റ്റർ സർവകലാശാല (യു.കെ) യുമായി സഹകരിച്ചാണ് സമ്മേളനം നടത്തുന്നത്.
ഗ്രാഫീൻ നയം പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. ഗ്രാഫീൻ ഉൽപ്പാദനത്തിലും ഗവേഷണത്തിലും കേരളത്തെ ആഗോള കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ പുതിയ ഗ്രാഫീൻ നയത്തിന് അംഗീകാരം നൽകിയത്.
ഒരു ആറ്റം മാത്രം കട്ടിയുള്ള കാർബൺ പാളിയാണ് ഗ്രാഫീൻ. പേപ്പറിനേക്കാൾ ലഘുവും സ്റ്റീലിനേക്കാൾ ശക്തവുമായാണ് ഗ്രാഫീൻ അറിയപ്പെടുന്നത്. വൈദ്യുതിയും ചൂടും മികച്ച രീതിയിൽ കടത്തി വിടും. ഇതുപോലുള്ള ദ്വിമാന വസ്തുക്കൾ ഇലക്ട്രോണിക്സ്, ബാറ്ററി, മെഡിക്കൽ ഉപകരണങ്ങൾ, വെള്ളശുദ്ധീകരണ ഫിൽറ്റർ, സ്മാർട്ട് കോട്ടിംഗ് എന്നിവയിൽ വിപ്ലവകരമായ സാധ്യതകൾ തുറക്കുന്നതായി സി-മെറ്റ് ഡയറക്ടർ ജനറൽ ഡോ. ആർ. രതീഷ് പറഞ്ഞു.
ഗ്രാഫീൻ ഗവേഷണത്തിന് നോബൽ സമ്മാനം നേടിയ പ്രൊഫ. കോസ്ത്യ നോവോസെലോവ്, പ്രൊഫ. പുലിക്കൽ അജയൻ, കേംബ്രിജ് സർവകലാശാലയിലെ പ്രൊഫ. ആൻഡ്രിയ ഫെറാരി എന്നിവർ പ്രഭാഷണം നടത്തും. ഇന്ത്യ ഇന്നവേഷൻ സെന്റർ ഫോർ ഗ്രാഫീൻ (IICG), സെന്റർ ഓഫ് എക്സലൻസ് ഇൻ ഇന്റലിജന്റ് ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് സെൻസേഴ്സ് എന്നിവയോടൊപ്പം ടാറ്റ സ്റ്റീൽ, കാർബറണ്ടം യൂണിവേഴ്സൽ, ടി.എ.സി.സി, എൽ.ഒ.എൽ.സി അഡ്വാൻസ്ഡ് ടെക്നോളജീസ് തുടങ്ങി പ്രമുഖ കമ്പനികളും സമ്മേളനത്തെ പിന്തുണക്കുന്നു.
നാലുദിവസം നീളുന്ന സമ്മേളനത്തിൽ ശാസ്ത്രജ്ഞർ, വ്യവസായ പ്രമുഖർ, സ്റ്റാർട്ടപ്പുകൾ, നിക്ഷേപകർ, നയരൂപകര്‍ത്താക്കള്‍ എന്നിവർ പങ്കെടുക്കും. സമകാലിക ഗവേഷണങ്ങളും വ്യവസായാവസരങ്ങളും സംബന്ധിച്ച പ്രത്യേക പ്രദർശനവും ഉണ്ടായിരിക്കും.
Graphene India 2026 in Kochi will bring global researchers, industry leaders, and policymakers together to explore innovations in graphene and 2D materials.
Read DhanamOnline in English
Subscribe to Dhanam Magazine