Image: Canva 
News & Views

ഗ്രീസില്‍ ആഴ്ചയില്‍ ആറു ദിവസവും ജോലി ചെയ്യണം; വിവാദ തീരുമാനത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്തൊക്കെയാണ്?

അര ലക്ഷത്തോളം ചെറുപ്പക്കാരാണ് 2009ല്‍ തുടങ്ങി പതിറ്റാണ്ടു നീണ്ട കടക്കെണി പ്രശ്നത്തിനിടയില്‍ മറ്റിടങ്ങളിലേക്ക് കുടിയേറിയത്

Dhanam News Desk

ഗ്രീസില്‍ ആഴ്ചയില്‍ ആറു ദിവസവും ജോലി ചെയ്യണം; വിവാദ തീരുമാനത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ എന്തൊക്കെയാണ്?ആഴ്ചയില്‍ നാലോ അഞ്ചോ പ്രവൃത്തിദിനങ്ങള്‍ മതിയെന്ന കാഴ്ചപ്പാട് സ്വീകാര്യത നേടിയ കാലത്ത്, തിരിഞ്ഞു നടക്കുകയാണ് ഗ്രീസ്. ആഴ്ചയില്‍ ആറു ദിവസം ജോലി ചെയ്യണമെന്ന് എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാരോട് ഗ്രീസ് നിര്‍ദേശിച്ചു. ആഴ്ചയില്‍ 48 മണിക്കുര്‍ ജോലി ചെയ്തേ മതിയാവൂ.

തൊഴിലാളി യൂണിയനുകളുടെ എതിര്‍പ്പ് വകവെക്കാതെ പുതിയ രീതി ഈയാഴ്ച മുതല്‍ ഗ്രീസ് നടപ്പാക്കി തുടങ്ങി. എന്താണ് കാരണം? ഒരിക്കല്‍ സാമ്പത്തിക വളര്‍ച്ചയില്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ മറികടന്ന ഗ്രീസ് പിന്നീട് ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും നേരിട്ടു. ഇതിനെല്ലാമൊടുവിലാണ് പ്രവൃത്തി ദിനം കൂട്ടിയത്.

ഉല്‍പാദന ക്ഷമത വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. മറ്റു ചില യാഥാര്‍ഥ്യങ്ങളില്‍ കൂടിയാണ് ഗ്രീസ്. ജനസംഖ്യ കുറയുന്ന പ്രശ്നം ഒരു വശത്ത്. വിദഗ്ധ തൊഴിലാളികളുടെ പോരായ്മ മറുവശത്ത്. അര ലക്ഷത്തോളം വിദ്യാസമ്പന്നരായ ചെറുപ്പക്കാരാണ് 2009ല്‍ തുടങ്ങി പതിറ്റാണ്ടു നീണ്ട കടക്കെണി പ്രശ്നത്തിനിടയില്‍ മറ്റിടങ്ങളിലേക്ക് കുടിയേറിയത്.

മുഴുസമയവും സേവനം നല്‍കുന്ന സ്വകാര്യ ബിസിനസുകള്‍ക്കു മാത്രമാണ് ആറു പ്രവൃത്തി ദിന നിബന്ധന ബാധകമാവുകയെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. അവര്‍ക്ക് ഒന്നുകില്‍ ദിവസവും രണ്ടു മണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്ത് ആഴ്ചയില്‍ ജോലി ചെയ്ത മണിക്കൂറുകള്‍ 48ല്‍ എത്തിക്കാം. അതല്ലെങ്കില്‍ ആറു ദിവസം ജോലി ചെയ്ത് 48 മണിക്കൂര്‍ എന്ന നിബന്ധന പാലിക്കാം. അധിക ജോലിക്ക് മണിക്കൂറിന് 40 ശതമാനം വരെ അധിക വേതനമുണ്ട്.

സംസ്‌കാരമുള്ള പല രാജ്യങ്ങളും ആഴ്ചയില്‍ നാലായി പ്രവൃത്തി ദിവസങ്ങള്‍ ചുരുക്കുമ്പോഴാണ് ഗ്രീസ് തലതിരിഞ്ഞ തീരുമാനം എടുക്കുന്നതെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ കുറ്റപ്പെടുത്തുന്നത്. എന്നാല്‍ ഗ്രീസിനെ മറ്റു യൂറോപ്യന്‍ നാടുകള്‍ക്ക് ഒപ്പമെത്തിക്കാന്‍ ഈ നിയമനിര്‍മാണം അനിവാര്യമാണ് എന്നാണ് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോടാകിസ് പാര്‍ലമെന്റില്‍ വിശദീകരിച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT