Image by Canva 
News & Views

വരുന്നത് പെട്രോളും ഡീസലും വേണ്ടാത്ത കാലം!, കേരളത്തില്‍ കമ്മീഷന് തയാറായി ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ്

സിയാലുമായി സഹകരിച്ച് ബിപിസിഎല്ലാണ് നെടുമ്പാശേരിയിൽ 1,000 കിലോവാട്ട് ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നത്

Dhanam News Desk

ഭാവിയിലെ ഇന്ധനമായ 'ഹൈഡ്രജന്റെ' ഉപയോഗം പ്രയോജനപ്പെടുത്തുന്നതിന് ഒരുങ്ങി സംസ്ഥാനം. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ പ്ലാന്റും ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനും ഉടൻ കമ്മീഷൻ ചെയ്യും. കൊച്ചി വിമാനത്താവള പരിസരത്താണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. പദ്ധതി കമ്മീഷന്‍ ചെയ്താല്‍‌ കൊച്ചി വാട്ടർ മെട്രോയും കൊച്ചി മെട്രോയുടെ തിരഞ്ഞെടുത്ത ഇ-ഫീഡർ സേവനങ്ങളും ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനും അധികൃതര്‍ ഉദ്ദേശിക്കുന്നുണ്ട്.

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി (സിയാൽ) സഹകരിച്ച് ബിപിസിഎല്ലാണ് നെടുമ്പാശേരിയിൽ 1,000 കിലോവാട്ട് ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുന്നത്. പ്രതിദിനം 80 കിലോഗ്രാം ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കാനുള്ള പ്രാരംഭ ശേഷി ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷന് ഉണ്ടായിരിക്കും. അനെർട്ടുമായി സഹകരിച്ച് തിരുവനന്തപുരത്ത് ഹൈഡ്രജൻ റീഫ്യുവലിംഗ് സ്റ്റേഷൻ നിർമ്മിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

കൊച്ചിൻ ഷിപ്പ്‌യാർഡ് കൊച്ചി വാട്ടർ മെട്രോക്കായി നിർമ്മിക്കുന്ന ഇലക്ട്രിക്-ഹൈബ്രിഡ് പാസഞ്ചർ ഫെറികൾ ഗ്രീൻ ഹൈഡ്രജൻ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ആസൂത്രണം ചെയ്യുന്നത്. ഹൈഡ്രജൻ റീഫ്യുവലിംഗ് സ്റ്റേഷൻ കമ്മീഷൻ ചെയ്യുന്നതോടെ ഹൈഡ്രജൻ ബസുകൾ വിന്യസിക്കാനും സിയാലിന് പദ്ധതിയുണ്ട്.

ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വെർട്ടിക്കൽ ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് (VTOL) സാധ്യമാകുന്ന ചെറു വിമാനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയിലും ബി.പി.സി.എല്‍ പങ്കാളിയാണ്. പത്തില്‍ താഴെ ആളുകള്‍ക്ക് കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങള്‍ക്കിടയില്‍ വേഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന തരത്തിലായിരിക്കും വി.ടി.ഒ.എല്‍ വിമാനങ്ങളുടെ പ്രവര്‍ത്തനം. കൂടാതെ ആവശ്യമെങ്കില്‍ എയര്‍ ആംബുലന്‍സുകളായും ഇത്തരം വിമാനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

South India’s first green hydrogen plant ready for commissioning near Kochi airport to power e-feeder buses and water metro services.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT