News & Views

വാട്ടര്‍, എയര്‍ പ്യൂരിഫയറുകളുടെ വില കുറഞ്ഞേക്കും; ജിഎസ്ടി കുറയ്ക്കാന്‍ നീക്കം

അഞ്ച് ശതമാനത്തിലേക്ക് നിരക്ക് കുറച്ചാല്‍ റീട്ടെയ്ല്‍ വിലയില്‍ 10-15 ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Dhanam News Desk

രാജ്യത്ത് വായുമലിനീകരണം വര്‍ധിച്ച സാഹചര്യത്തില്‍ എയര്‍, വാട്ടര്‍ പ്യൂരിഫയറുകളുടെ ജിഎസ്ടി കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ 18 ശതമാനമാണ് ഈ ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക്. സെപ്റ്റംബറില്‍ ജിഎസ്ടി പരിഷ്‌കരണത്തില്‍ ഒട്ടുമിക്ക ഉത്പന്നങ്ങളുടെയും നികുതി 5, 18 ശതമാനത്തിലേക്ക് കുറഞ്ഞിരുന്നു. എന്നാല്‍ പ്യൂരിഫയറുകളുടെ നിരക്ക് കുറച്ചിരുന്നില്ല.

അടുത്ത് നടക്കുന്ന ജിഎസ്ടി കൗണ്‍സിലില്‍ പ്യൂരിഫയറുകളുടെ നിരക്ക് കുറയ്ക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്തിടെ സുപ്രീംകോടതിയും സമാന ചോദ്യം ഉന്നയിച്ചിരുന്നു. അഞ്ച് ശതമാനത്തിലേക്ക് നിരക്ക് കുറച്ചാല്‍ റീട്ടെയ്ല്‍ വിലയില്‍ 10-15 ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഇടത്തരം, താഴ്ന്ന വരുമാനത്തിലുള്ള കുടുംബങ്ങള്‍ക്ക് ഇത് വലിയ ഗുണം ചെയ്യും. കൂടുതല്‍ പേര്‍ക്ക് ശുദ്ധമായ വെള്ളം ഉപയോഗിക്കാന്‍ വില കുറവിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, അടുത്ത ജിഎസ്ടി കൗണ്‍സില്‍ എന്നു നടക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സെപ്റ്റംബറില്‍ നടന്ന 56-മത് സെഷനിലാണ് രാജ്യത്ത് സമ്പൂര്‍ണ ജിഎസ്ടി പരിഷ്‌കരണം കൊണ്ടുവന്നത്.

വാട്ടര്‍ പ്യൂരിഫയറുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്യൂരിഫയറുകള്‍ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് ഉപയോഗിക്കുന്ന ജലം പരിശോധിക്കണം. എല്ലാ ജില്ലകളിലുമുള്ള ക്വാളിറ്റി കണ്‍ട്രോള്‍ ലാബുകളില്‍ വെള്ളം ടെസ്റ്റ് ചെയ്യാവുന്നതാണ്. അതിനു ശേഷമാണ് പ്യൂരിഫയറുകള്‍ വാങ്ങേണ്ടത്.

സ്റ്റോറേജ് കപ്പാസിറ്റി

വാട്ടര്‍ പ്യൂരിഫയറുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന ഘടകമാണ് അതിന്റെ സ്റ്റോറെജ് കപ്പാസിറ്റി. രണ്ട് അംഗങ്ങള്‍ മാത്രമുള്ള കുടുബമാണെങ്കില്‍ നാല് മുതല്‍ അഞ്ച് ലിറ്റര്‍ ടാങ്ക് കപ്പാസിറ്റിയുള്ള പ്യൂരിഫയര്‍ മതിയാകും. മൂന്ന് മുതല്‍ നാല് വരെ ആളുകള്‍ ഉണ്ടെങ്കില്‍ ആറ് മുതല്‍ എട്ട് വരെയാകണം ടാങ്ക് കപ്പാസിറ്റി. അഞ്ച് മുതല്‍ എട്ട് പേര് വരെയാണ് അംഗങ്ങളെങ്കില്‍ 10 ലിറ്ററിന് മുകളില്‍ ആയിരിക്കണം വാട്ടര്‍ പ്യൂരിഫയറിന്റെ ടാങ്ക് കപ്പാസിറ്റി.

വൈദ്യുതി ആവശ്യമുള്ളതും ഇല്ലാത്തതും ആയ പ്യൂരിഫയറുകള്‍ ലഭ്യമാണ്. വൈദ്യുതി ആവശ്യമില്ലാത്ത വാട്ടര്‍ പ്യൂരിഫയറുകള്‍ മറ്റ് പ്യൂരിഫയറുകളെ അപേക്ഷിച്ച് വിലക്കുറവാണ്. വൈദ്യുതി ആവശ്യമില്ലാത്ത പ്യൂരിഫയറാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അത് ഉപയോഗിക്കുന്ന ടെക്നോളജി എന്താണെന്നും അതിന് എത്രത്തോളും മാലിന്യങ്ങള്‍ മാറ്റാന്‍ സാധിക്കുമെന്നും കൃത്യമായി മനസിലാക്കിയിരിക്കണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT