canva
News & Views

ജി.എസ്.ടി കുറച്ചിട്ടും വില കുറഞ്ഞില്ല! പരിശോധനയില്‍ ഒരേ ഉത്പന്നത്തിന് പലവില, ശരിക്കും ഇളവ് കിട്ടാന്‍ നവംബര്‍ വരെ കാത്തിരിക്കണം

നിരക്കിളവ് ജനങ്ങള്‍ക്ക് ലഭിക്കാത്തതില്‍ കമ്പനികളും വിതരണക്കാരും പരസ്പരം പഴിചാരുകയാണ്

Dhanam News Desk

ജി.എസ്.ടി നിരക്ക് കുറഞ്ഞതിന്റെ നേട്ടം ജനങ്ങള്‍ക്ക് കൃത്യമായി ലഭിക്കുന്നില്ലെന്ന് സംസ്ഥാന ജി.എസ്.ടി വകുപ്പ്. ഒരേ ഉത്പന്നങ്ങള്‍ക്ക് പല വിലയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈടാക്കുന്നതെന്ന് വകുപ്പിന്റെ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. സെപ്റ്റംബര്‍ 22ന് ശേഷം പല ഉത്പന്നങ്ങളുടെയും വില കുറയുമെന്ന പ്രചാരണം നടന്നെങ്കിലും വിലക്കുറവ് പ്രകടമായിട്ടില്ലെന്ന് ജനങ്ങളും പറയുന്നു. കാറുകളുടെയും ബൈക്കുകളുടെയും വില കുറഞ്ഞെങ്കിലും നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന എഫ്.എം.സി.ജി ഉത്പന്നങ്ങളുടെ വില മാറ്റമാണ് പ്രകടമാകാത്തത്.

ജി.എസ്.ടി നിരക്കിളവ് പ്രാബല്യത്തില്‍ വന്നതിന് ശേഷവും മുമ്പും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത് വെളിപ്പെട്ടത്. ചില വ്യാപാരികള്‍ നിരക്കിളവ് പൂര്‍ണമായും ജനങ്ങള്‍ക്ക് നല്‍കുമ്പോള്‍ മറ്റ് ചിലര്‍ ഭാഗികമായാണ് നല്‍കുന്നത്. ചിലരാകട്ടെ ഇക്കാര്യം അറിഞ്ഞിട്ട് പോലുമില്ലെന്ന വിശദീകരണമാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് ഒരേ ഉത്പന്നങ്ങള്‍ക്ക് പല വിലയാണ് ഈടാക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ ജി.എസ്.ടി വകുപ്പ് കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നാണ് കരുതുന്നത്.

അതേസമയം, ജി.എസ്.ടി നിരക്കിളവിലെ നേട്ടം ജനങ്ങളിലേക്ക് എത്താത്തതില്‍ കമ്പനികളും വിതരണക്കാരും പരസ്പരം പഴിചാരുകയാണ്. വില കുറക്കാന്‍ വിതരണക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് കമ്പനികള്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ കമ്പനികള്‍ മനപ്പൂര്‍വം പല ഉത്പന്നങ്ങളുടെയും അടിസ്ഥാന വില വര്‍ധിപ്പിച്ചെന്നാണ് വിതരണക്കാര്‍ പറയുന്നത്. 20 രൂപയും അതിന് താഴെയും വിലയുള്ള ഉത്പന്നങ്ങളിലാണ് ഒളിച്ചുകളി തുടരുന്നത്. ജി.എസ്.ടി നിരക്കിളവിന് ശേഷം അടിസ്ഥാന വില വര്‍ധിപ്പിച്ച കമ്പനികള്‍ക്കെതിരെയും ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെയും നടപടിയെടുക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി കസ്റ്റംസ് ബോര്‍ഡ് (CBIC) വൃത്തങ്ങളും പറയുന്നു. നിലവിലെ നിയമങ്ങള്‍ പ്രകാരം ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാനുള്ള വകുപ്പുണ്ടെന്നും ഇവര്‍ വിശദീകരിക്കുന്നു. ഇക്കാര്യത്തില്‍ ഇതിനോടകം രണ്ടായിരത്തിലധികം പരാതികള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

കമ്പനികളുടെ വിശദീകരണം

എന്നാല്‍ ജി.എസ്.ടി ഇളവിന്റെ നേട്ടം ജനങ്ങളിലെത്താനുള്ള നീക്കം നടന്നിട്ടുണ്ടെന്നും നിലവിലുള്ള പ്രശ്‌നങ്ങള്‍ ആഴ്ചകള്‍ക്കുള്ളില്‍ പരിഹരിക്കപ്പെടുമെന്നുമാണ് കമ്പനികളുടെ പ്രതികരണം. ജി.എസ്.ടി ഇളവിന് മുമ്പ് വിപണിയിലെത്തിയ ഉത്പന്നങ്ങളാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. കുറച്ച് കാലത്തേക്കെങ്കിലും പഴയതും പുതിയതുമായ വിലയുള്ള ഉത്പന്നങ്ങള്‍ വിപണിയിലുണ്ടാകും. പുതിയ വിലയുള്ള ഉത്പന്നങ്ങള്‍ ചോദിച്ച് വാങ്ങാന്‍ ഉപയോക്താക്കള്‍ തയ്യാറാകണമെന്നും കമ്പനികള്‍ പറയുന്നു. ചില ഉത്പന്നങ്ങള്‍ക്ക് വില കുറക്കുകയും ചിലതിന്റെ അളവ് കൂട്ടിയുമാണ് ഇളവ് ജനങ്ങളിലേക്ക് എത്തിക്കുന്നതെന്നും കമ്പനികള്‍ വിശദീകരിക്കുന്നു. ജി.എസ്.ടി നിരക്കിളവിന്റെ ശരിക്കുള്ള നേട്ടം അനുഭവിക്കാന്‍ നവംബര്‍ വരെയെങ്കിലും കാത്തിരിക്കണമെന്നാണ് ചില കമ്പനികള്‍ പറയുന്നത്.

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും പരിശോധിക്കും

സി.ബി.ഐ.സിയുടെ പ്രത്യേക സംഘം ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. എല്ലാ ദിവസവും വാങ്ങുന്ന ഉത്പന്നങ്ങളുടെ വിലയില്‍ ഒരുമാറ്റവും വന്നിട്ടില്ലെന്ന് ഉപയോക്താക്കളുടെ പരാതി വര്‍ധിച്ചതിനെ തുടര്‍ന്നാണ് പരിശോധന. ഒക്ടോബര്‍ 20ന് മുമ്പ് നിരക്കിളവിലെ വിടവ് നികത്തണമെന്ന് 800 ബ്രാന്‍ഡുകള്‍ക്കും കമ്പനികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പല കമ്പനികളും ഈ മാറ്റത്തിന് കൂടുതല്‍ സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT