canva
News & Views

ജി.എസ്.ടി പരിഷ്‌ക്കാരം ലോട്ടറിയാകും! ഭക്ഷണ, പാനീയ വില കുറയും, ഉപഭോഗം വര്‍ധിക്കുമെന്നും ബാങ്ക് ഓഫ് ബറോഡ റിപ്പോര്‍ട്ട്

യു.എസ് താരിഫ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേല്‍പ്പിച്ച ആഘാതത്തെ മറികടക്കാന്‍ പോന്ന നടപടിയാണ് ജി.എസ്.ടി പരിഷ്‌ക്കാരമെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു

Dhanam News Desk

ജി.എസ്.ടി നിരക്കുകള്‍ ജി.എസ്.ടി നിരക്കുകള്‍ പുനഃക്രമീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കം രാജ്യത്തെ ഉപയോക്താക്കള്‍ക്ക് ഗുണകരമാകുമെന്ന് ബാങ്ക് ഓഫ് ബറോഡ റിപ്പോര്‍ട്ട്. നിലവില്‍ നാല് സ്ലാബുകളായി തിരിച്ചിരിക്കുന്ന ജി.എസ്.ടി ഘടന ലളിതമായ രണ്ട് സ്ലാബിലേക്ക് മാറ്റുന്നതാണ് പുതിയ ജി.എസ്.ടി പരിഷ്‌ക്കാരം. 0,5,12,18,28 എന്നിങ്ങനെയാണ് നിലവില്‍ ജി.എസ്.ടി ഈടാക്കുന്നത്. ഇത് 5,12 എന്നിങ്ങനെ മാറ്റും. ആഡംബര വസ്തുക്കള്‍ക്ക് ദുര്‍ഗുണ നികുതി (Sin Tax) എന്ന പേരില്‍ 40 ശതമാനം ജി.എസ്.ടി ഈടാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ഇപ്പോഴുള്ള 12 ശതമാനം നികുതി അഞ്ചിലേക്കും 28 ശതമാനം 18 ലേക്കും താഴ്ത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് വലിയ തോതിലുള്ള ആശ്വാസം ലഭിക്കും. അതായത് കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍, പ്രത്യേകിച്ചും എഫ്.എം.സി.ജി സെക്ടറില്‍ ഉള്ളതും ഏറെക്കാലം നീണ്ടുനില്‍ക്കുന്നതുമായ ഉത്പന്നങ്ങള്‍ പോക്കറ്റിന് ഇണങ്ങുന്നതാകും. സ്വകാര്യ അന്തിമ ഉപഭോഗ ചെലവിന്റെ ( Private final consumption expenditure -PFCE) 11.4 ശതമാനത്തിനും ജി.എസ്.ടി നിരക്ക് കുറവിന്റെ ഗുണങ്ങള്‍ ലഭിക്കും.

വില കുറയും, ഡിമാന്‍ഡ് കൂടും

ഭക്ഷണ ഇനത്തിനുള്ള ഉത്പന്നങ്ങള്‍ക്കാണ് നികുതി പരിഷ്‌ക്കാരത്തിന്റെ കൂടുതല്‍ ഗുണം ലഭിക്കുക. പാല്‍, വെണ്ണ, എണ്ണ, പഞ്ചസാര, സംസ്‌ക്കരിച്ച ഭക്ഷണം എന്നിവ 12 ശതമാനത്തില്‍ നിന്നും 5 ശതമാനത്തിലേക്ക് താഴും. കുടുംബ ബജറ്റിന്റെ സിംഹഭാഗവും ഇത്തരം ഉത്പന്നങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. കൂടാതെ എ.സി, എല്‍.ഇ.ഡി/എല്‍.സി.ഡി ടി.വികള്‍, ഡിഷ്‌വാഷര്‍, വാഹനങ്ങള്‍ എന്നിവയുടെ നികുതി 28ല്‍ നിന്നും 18 ശതമാനത്തിലേക്ക് താഴുമെന്നാണ് കരുതുന്നത്. ഇതിനോടകം സമ്മര്‍ദ്ദത്തിലായ ഇത്തരം ഉത്പന്നങ്ങളുടെ ഡിമാന്‍ഡ് കൂട്ടാന്‍ നികുതി പരിഷ്‌ക്കാരത്തിന് കഴിയുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഡ്യൂറബിള്‍ ഗുഡ്‌സ് വിഭാഗത്തില്‍ പെട്ട ഇത്തരം ഉത്പന്നങ്ങളുടെ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിലെ വളര്‍ച്ച വെറും 2.6 ശതമാനമായിരുന്നു. മുന്‍വര്‍ഷത്തിലെ സമാനപാദത്തില്‍ 10.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു.

കെട്ടിട നിര്‍മാണം, നിര്‍മാണം തുടങ്ങിയ മേഖലകള്‍ക്കും ആശ്വാസമാകും. സിമന്റ്, ടയര്‍, മോട്ടോര്‍ വാഹന ഘടകങ്ങള്‍ എന്നിവയുടെ വിലയിലും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതോടെ പണപ്പെരുപ്പ കണക്കുകളും കുറയും. നികുതി ബാധകമായ ചെലവിടല്‍ 150-160 ലക്ഷം കോടി രൂപയാണെന്നാണ് ബാങ്ക് കണക്കാക്കിയിരിക്കുന്നത്. പരിഷ്‌ക്കാരം വരുന്നതോടെ ഇതില്‍ 0.7-1 ലക്ഷം കോടി രൂപ വരെ നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ പകുതിയോടെ വര്‍ധിക്കും. ജി.എസ്.ടിയുടെ 0.2-0.3 ശതമാനം വരെയാണിതെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു.

ബാങ്കിംഗ് മേഖല

നിലവില്‍ വരള്‍ച്ച മുരടിച്ചിരിക്കുന്ന ബാങ്കിംഗ് മേഖലക്കും ജി.എസ്.ടി പരിഷ്‌ക്കരണം ആശ്വാസമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറച്ച സമയത്ത് തന്നെ ജി.എസ്.ടി ഇളവുകളും ലഭിക്കുന്നത് മേഖലക്കാകെ ഗുണമാകും. ഇതോടെ വാഹന വായ്പ, ക്രെഡിറ്റ് കാര്‍ഡ്, വ്യക്തിഗത വായ്പ എന്നിവയുടെ ഡിമാന്‍ഡ് വര്‍ധിക്കും. ഉത്സവ സീസണില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതോടെ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും (എന്‍.ബി.എഫ്.സി) നേട്ടമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യു.എസ് താരിഫ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലേല്‍പ്പിച്ച ആഘാതത്തെ മറികടക്കാന്‍ പോന്ന നടപടിയാണ് ജി.എസ്.ടി പരിഷ്‌ക്കാരമെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT