News & Views

പ്രചാരണത്തിന് 'ഗള്‍ഫ് ഫണ്ട്' വഴിയടഞ്ഞേക്കും, ആശങ്കയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍; തിരഞ്ഞെടുപ്പിലും യുദ്ധം പ്രതിസന്ധി

തിരഞ്ഞെടുപ്പ് കാലത്ത് മൂന്നു മുതല്‍ ആറു ലക്ഷം രൂപ വരെയാണ് പ്രതിദിന ചെലവ്. കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഇതിലും കൂടും

Dhanam News Desk

കേരളത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവസാനവട്ട ഒരുക്കങ്ങളുമായി മുന്നോട്ടു പോകുകയാണ്. വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രമാണ് പ്രചാരണത്തിന് ലഭിക്കുകയെന്നതിനാല്‍ മുന്നണികള്‍ ഓട്ടത്തിലാണ്. കേരളത്തിന്റെ സാമ്പത്തികരംഗത്ത് വലിയ ചലനങ്ങളുണ്ടാക്കുന്ന സമയമാണ് ഓരോ തിരഞ്ഞെടുപ്പ് കാലവും.

രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണത്തിനും മറ്റുമായി കോടികളാണ് ഇക്കാലയളവില്‍ പൊടിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് പ്രചാരണം നടത്താന്‍ വലിയ തോതില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മുന്‍കാലങ്ങളില്‍ വലിയതോതില്‍ പണം ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്. പശ്ചിമേഷ്യന്‍ യുദ്ധം കൊടുമ്പിരി കൊണ്ട് നില്‍ക്കുന്നതിനാല്‍ ഗള്‍ഫ് ഫണ്ടില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്നു നില്ക്കുന്നവര്‍ നല്കുന്ന സൂചന.

ദിവസം കുറഞ്ഞതില്‍ ആശ്വാസം

ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ഒരുപോലെ ആശ്വാസം പകരുന്നതാണ്. ആദ്യഘട്ടത്തില്‍ തന്നെ വോട്ടെടുപ്പ് നടക്കുമെന്നതിനാല്‍ കുറഞ്ഞ ദിവസങ്ങള്‍ മാത്രം പ്രചാരണം നടത്തിയാല്‍ മതി. ചെലവ് അത്രയും കുറഞ്ഞിരിക്കും. ഇലക്ഷന്‍ കമ്മീഷന്റെ മാനദണ്ഡം അനുസരിച്ച് ഒരു സ്ഥാനാര്‍ത്ഥിക്ക് 40 ലക്ഷം രൂപ വരെ ചെലവഴിക്കാനാണ് അനുമതിയുള്ളത്. 28 ലക്ഷം പരിധിയില്‍ തുക വര്‍ധിപ്പിച്ചത് 2022ലാണ്. എന്നാല്‍ ഇതിന്റെ മൂന്നും നാലും ഇരട്ടിയാണ് ഓരോ മണ്ഡലങ്ങളിലും പ്രധാന മുന്നണികള്‍ ചെലവഴിക്കുന്നത്.

വലിയതോതില്‍ കാടടച്ചുള്ള പ്രചാരണത്തിന് ഇത്തവണ 20-22 ദിവസം മാത്രമാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുക. ഇലക്ഷന്‍ ആദ്യഘട്ടത്തിലായതിന്റെ ആശ്വാസം പാര്‍ട്ടികള്‍ക്കുമുണ്ട്. കേരളത്തിലെ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍ ആയിരുന്നെങ്കില്‍ ചെലവ് കുതിച്ചുയര്‍ന്നേനെ. അണികളെ ഊര്‍ജ്ജസ്വലരായി നിര്‍ത്താനും പ്രചാരണത്തിനുമായി കൂടുതല്‍ തുക വിനിയോഗിക്കേണ്ടി വന്നേനെ.

പ്രതിദിന ചെലവ് 6 ലക്ഷം വരെ!

തിരഞ്ഞെടുപ്പ് കാലത്ത് മൂന്നു മുതല്‍ ആറു ലക്ഷം രൂപ വരെയാണ് പ്രതിദിന ചെലവ്. കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ചെലവ് ഇതിലും കൂടും. 10 മുതല്‍ 14 വരെ പഞ്ചായത്തുകളോ കോര്‍പറേഷന്‍ വാര്‍ഡുകളോ ഉള്‍പ്പെടുന്നതാണ് ഓരോ നിയമസഭ മണ്ഡലങ്ങളും.

പ്രചാരണം തുടങ്ങിക്കഴിഞ്ഞാല്‍ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ഫ്‌ളക്‌സും പോസ്റ്ററുകളുമെല്ലാം പതിക്കണം. മൈക്ക് അനൗണ്‍സ്‌മെന്റ് ചെലവ്, വാഹനജാഥ, സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥനയുമായി വീട് കയറുന്നവരുടെ ഭക്ഷണ, യാത്രച്ചെലവ് തുടങ്ങി പണമിറങ്ങുന്ന വഴി അറിയില്ല. മുന്നണി സ്ഥാനാര്‍ത്ഥികളുടെ പൊതുവായ ചെലവുകള്‍ അതാത് പാര്‍ട്ടികള്‍ വഹിക്കും. എന്നാല്‍ നല്ലൊരു വിഹിതം ഓരോ സ്ഥാനാര്‍ത്ഥിയുടെയും കൈയില്‍ നിന്ന് ഇറങ്ങും.

പോളിംഗ് ദിനത്തിലും അതിനു തൊട്ടുമുമ്പുള്ള സമയത്തുമാണ് ഏറ്റവും കൂടുതല്‍ പൈസ പൊട്ടുന്നത്. പ്രവര്‍ത്തകരുടെ അവസാനത്തെ ആഴ്ച്ചത്തെ ചെലവുകളെല്ലാം സ്ഥാനാര്‍ത്ഥിയുടെയോ പാര്‍ട്ടിയുടെയോ പോക്കറ്റില്‍ നിന്നാകും. പ്രവര്‍ത്തകരെ ഊര്‍ജ്ജസ്വലമായി നിര്‍ത്താന്‍ പാര്‍ട്ടികള്‍ പിശുക്ക് കാണിക്കാറില്ല.

തിരഞ്ഞെടുപ്പ് സമയം കേരളത്തിലെ സാമ്പത്തിക മേഖലയ്ക്ക് നല്ല കാലമാണ്. സാദാ ചായക്കടകളില്‍ മുതല്‍ ഫ്‌ളക്‌സ് പ്രിന്റിംഗ് യൂണിറ്റുകളിലും സോഷ്യല്‍ മീഡിയ പേജുകള്‍ക്കു വരെ ഗുണം ലഭിക്കുന്നു. ഇത്തവണ ഫണ്ടില്‍ ക്ഷാമമുണ്ടാകുമെന്നത് ഏതൊക്കെ പാര്‍ട്ടികളെ ബാധിക്കുമെന്ന് കണ്ടറിയണം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT