News & Views

ഗള്‍ഫില്‍ വന്‍ ഇവന്റുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നു; മലയാളികളുടെ ജോലിയും വരുമാനവും പ്രതിസന്ധിയിലോ?

ഗള്‍ഫ് രാജ്യങ്ങളിലെ ഹോട്ടല്‍, ടൂറിസം, ഇവന്റ് മാനേജ്മെന്റ്, ട്രാവല്‍, റീട്ടെയില്‍ മേഖലകളില്‍ നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്

Dhanam News Desk

പശ്ചിമേഷ്യന്‍ യുദ്ധം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക നിലനില്‍പ്പിനെ ബാധിക്കുന്നു. ഫോര്‍മുല വണ്‍ മത്സരങ്ങള്‍ മുതല്‍ ആഗോള നിക്ഷേപക സംഗമങ്ങള്‍ വരെ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തതോടെ ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തികസ്ഥിതി താളംതെറ്റി തുടങ്ങിയിരിക്കുകയാണ്. ഇത് ഗള്‍ഫിനെ ആശ്രയിച്ച് ജീവിക്കുന്ന മലയാളി കുടുംബങ്ങളെ അടക്കം ബാധിക്കുന്നു.

ടൂറിസം, വ്യോമയാനം, ഹോട്ടല്‍, ഇവന്റ് മാനേജ്മെന്റ് മേഖലകള്‍ക്ക് ഏല്‍ക്കുന്ന ഓരോ തിരിച്ചടിയും ഗള്‍ഫില്‍ ജോലി മലയാളികളെ നേരിട്ടാണ് ബാധിക്കുന്നത്. എണ്ണയിതര സമ്പദ്വ്യവസ്ഥ വളര്‍ത്താനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ദീര്‍ഘകാല പദ്ധതികള്‍ക്കും യുദ്ധം കനത്ത ആഘാതമാണ് ഏല്‍പ്പിക്കുന്നത്.

വലിയ ഇവന്റുകള്‍ മാറ്റിവയ്ക്കുന്നു

ലോകത്തെ പ്രമുഖ നിക്ഷേപകരെയും ബിസിനസ് മേധാവികളെയും ഒരുമിപ്പിക്കുന്ന വന്‍കിട പരിപാടികള്‍ പോലും മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഗള്‍ഫ് രാജ്യങ്ങള്‍ നേരിടുകയാണ്. ഗള്‍ഫ് മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ നിക്ഷേപക സമ്മേളനങ്ങളിലൊന്നായ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവിന്റെ (Future Investment Initiative - FII) പത്താം പതിപ്പ് 2027ലേക്ക് മാറ്റിവച്ചതാണ് ഏറ്റവും പുതിയ തിരിച്ചടി.

ഒക്ടോബര്‍ 26 മുതല്‍ 29 വരെ റിയാദില്‍ നടത്താനിരുന്ന സമ്മേളനത്തില്‍ ലോകത്തെ പ്രമുഖ നിക്ഷേപകരും ബാങ്കിംഗ്, സാങ്കേതികവിദ്യ, വ്യവസായ മേഖലകളിലെ മേധാവികളും പങ്കെടുക്കേണ്ടതായിരുന്നു. 'ഡാവോസ് ഇന്‍ ദ ഡെസേര്‍ട്ട്' എന്നറിയപ്പെടുന്ന ഇവന്റ് സൗദിയുടെ സാമ്പത്തിക പരിവര്‍ത്തന പദ്ധതികള്‍ക്ക് അന്താരാഷ്ട്ര നിക്ഷേപം ആകര്‍ഷിക്കുന്ന പ്രധാന വേദിയായിരുന്നു.

സൗദിയുടെ വിഷന്‍ 2030 പദ്ധതിയില്‍ വിദേശ നിക്ഷേപത്തിന് വലിയ പ്രാധാന്യമുണ്ട്. നിക്ഷേപകരെ നേരിട്ട് കാണാനും രാജ്യത്തെ പുതിയ പദ്ധതികള്‍ അവതരിപ്പിക്കാനും അവസരം നല്‍കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് പോലുള്ള സമ്മേളനങ്ങളുടെ പ്രാധാന്യം അതുകൊണ്ടുതന്നെ വലുതാണ്.

ആഘാതം മലയാളി കമ്പനികള്‍ക്കും

സമ്മേളനങ്ങള്‍ മാറ്റിവയ്ക്കുന്നത് സംഘാടക കമ്പനികളെ മാത്രമല്ല ബാധിക്കുന്നത്. ഹോട്ടലുകള്‍, വിമാനക്കമ്പനികള്‍, ടൂറിസം ഓപ്പറേറ്റര്‍മാര്‍, കോണ്‍ഫറന്‍സ് സെന്ററുകള്‍, പ്രാദേശിക വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ബിസിനസിനെയും ബാധിക്കും. ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവിന്റെ നടത്തിപ്പ് ഉള്‍പ്പെടെ പ്രധാനപ്പെട്ട കരാറുകള്‍ മലയാളി കമ്പനികള്‍ക്ക് ലഭിച്ചിരുന്നു.

മുന്‍വര്‍ഷങ്ങളില്‍ കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ പഴം-പച്ചക്കറി ഉത്പന്നങ്ങള്‍ കയറ്റി അയച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള ഡ്രൈവര്‍മാരെയും ക്ലീനിംഗ് സ്റ്റാഫുകളെയും ഇത്തരം ഇവന്റുകള്‍ക്കായി ഉപയോഗിക്കാറുണ്ട്. മാറ്റിവയ്ക്കപ്പെട്ടതോടെ വലിയ തൊഴില്‍, വരുമാന സാധ്യതകളാണ് നഷ്ടപ്പെട്ടത്.

ഫോര്‍മുല വണ്ണിലും യുദ്ധത്തിന്റെ ആഘാതം

ഗള്‍ഫിന്റെ കായിക വിനോദസഞ്ചാര മേഖലയ്ക്ക് വലിയ വരുമാനവും അന്താരാഷ്ട്ര ശ്രദ്ധയും നല്‍കുന്ന ഫോര്‍മുല വണ്‍ മത്സരങ്ങളും യുദ്ധത്തിന്റെ പ്രധാന ഇരകളായി. ഏപ്രിലില്‍ നടത്താനിരുന്ന ബഹ്റൈന്‍, സൗദി അറേബ്യ ഗ്രാന്‍ഡ് പ്രീ മത്സരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ നടത്താനായില്ല. ബഹ്റൈനിലെ സഖീര്‍ സര്‍ക്യൂട്ടിലും സൗദിയിലെ ജിദ്ദയിലുമായിരുന്നു മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്.

ഫോര്‍മുല വണ്‍ ഒരു കായികമത്സരം മാത്രമല്ല, വന്‍ ബിസിനസ് കൂടിയാണ്. മത്സരങ്ങള്‍ കാണാന്‍ വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്ന ആരാധകര്‍ ഹോട്ടല്‍ താമസം, വിമാനയാത്ര, ഭക്ഷണം, ഷോപ്പിങ്, വിനോദസഞ്ചാരം തുടങ്ങിയവയ്ക്കായി വലിയ തുക ചെലവഴിക്കുന്നു.

ഖത്തറില്‍ നടത്താനിരുന്ന മോട്ടോജിപി മത്സരവും മാറ്റിവയ്‌ക്കേണ്ടിവന്നു. ഖത്തറില്‍ നിശ്ചയിച്ചിരുന്ന സ്പെയിന്‍-അര്‍ജന്റീന ഫൈനലിസിമ ഫുട്ബോള്‍ മത്സരവും റദ്ദാക്കി.

ദുബൈയില്‍ നടത്താനിരുന്ന ക്രിപ്റ്റോകറന്‍സി രംഗത്തെ പ്രധാന സമ്മേളനമായ TOKEN2049ന്റെ 2026 പതിപ്പ് 2027ലേക്ക് മാറ്റിയിരുന്നു. യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ബഹ്റൈന്‍ എന്നിവിടങ്ങളിലെ 99 പ്രധാന പരിപാടികള്‍ മാറ്റിവയ്ക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്.

വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ (WTTC) മാര്‍ച്ചില്‍ പുറത്തുവിട്ട വിലയിരുത്തല്‍ പ്രകാരം പശ്ചിമേഷ്യയിലെ വിനോദസഞ്ചാര മേഖലയില്‍ അന്താരാഷ്ട്ര സന്ദര്‍ശകരുടെ ചെലവഴിക്കലില്‍ പ്രതിദിനം കുറഞ്ഞത് 60 കോടി ഡോളറിന്റെ കുറവുണ്ടാകുന്നുണ്ട്.

മലയാളികളുടെ തൊഴിലിനും ഭീഷണി?

ഗള്‍ഫ് രാജ്യങ്ങളിലെ ഹോട്ടല്‍, ടൂറിസം, ഇവന്റ് മാനേജ്മെന്റ്, ട്രാവല്‍, റീട്ടെയില്‍ മേഖലകളില്‍ നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര പരിപാടികള്‍ മുടങ്ങുന്നതോടെ ഈ മേഖലകളിലെ സ്ഥാപനങ്ങളുടെ വരുമാനത്തിലും തൊഴിലവസരങ്ങളിലും സമ്മര്‍ദമുണ്ടാകാന്‍ സാധ്യതയുണ്ട്.

പ്രത്യേകിച്ച് ഇവന്റ് മാനേജ്മെന്റ് കമ്പനികള്‍, കാറ്ററിങ് സ്ഥാപനങ്ങള്‍, സ്റ്റേജ്-ലൈറ്റിങ് സേവനദാതാക്കള്‍, ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളെയാണ് പ്രതിസന്ധി നേരിട്ട് ബാധിക്കാന്‍ സാധ്യത. പരിപാടികള്‍ മാറ്റിവയ്ക്കുന്നത് താല്‍ക്കാലിക തൊഴിലവസരങ്ങള്‍ കുറയുന്നതിന് കാരണമാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT