UAE-Oman Rail project canva
News & Views

ഒമാന്‍-യു.എ.ഇ പുതിയ റെയില്‍പാത; ഹഫീത് റെയില്‍ ഗള്‍ഫില്‍ ചരിത്രമെഴുതും; 250 കോടി ഡോളറിന്റെ പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം

അബുദബി-ഒമാന്‍ യാത്രാസമയം ഗണ്യമായി കുറയും; വ്യാപാര മേഖലക്കും ഗുണകരം

Dhanam News Desk

യുഎഇയുടെ രാജ്യാതിര്‍ത്തിക്ക് പുറത്തേക്ക് നിര്‍മിക്കുന്ന ആദ്യത്തെ റെയില്‍പാത ഗള്‍ഫിന്റെ വാണിജ്യ വികസനത്തില്‍ പുതിയ ചുവടുവെപ്പാകും. ഒമാന്‍ തുറമുഖത്തു നിന്ന് അബുദബി വരെ നീളുന്ന പാതയുടെ നിര്‍മാണം നടന്നു വരികയാണ്. ഇരു രാജ്യങ്ങളിലുമുള്ളവര്‍ക്ക് യാത്ര വേഗത്തിലാകുന്നതിനൊപ്പം ലോജിസ്റ്റിക്‌സ് രംഗത്ത് കുതിച്ചു ചാട്ടത്തിനും പുതിയ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ.

250 കോടി ഡോളര്‍ പ്രൊജക്ട്

അബുദബിയെയും ഒമാനിലെ സൊഹര്‍ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന ഹഫീത് റെയില്‍പാതക്ക് 250 കോടി ഡോളര്‍ (21,500 കോടി രൂപ) ആണ് ചെലവ് പ്രതീക്ഷിക്കുന്നത്. സൊഹര്‍ തുറമുഖത്തെ അല്‍ഐനുമായി ബന്ധിപ്പിക്കുന്ന ആദ്യഘട്ടമാണ് ഇപ്പോള്‍ നിര്‍മാണത്തിലുള്ളത്. യുഎഇയിലെ ഇത്തിഹാദ് റെയില്‍ പദ്ധതിയുമായി ഇത് ബന്ധിപ്പിക്കും. 303 കിലോമീറ്ററാണ് പാതയുടെ നീളം. അബുദബിയില്‍ നിന്ന് സൊഹറിലേക്കുള്ള യാത്രാ സമയം നിലവിലുള്ള മൂന്നര മണിക്കൂറില്‍ നിന്ന് ഒന്നേ മുക്കാല്‍ മണിക്കൂറായി കുറയും. അല്‍ഐനിലേക്കുള്ള യാത്രാ ദൂരത്തില്‍ ഒരു മണിക്കൂറിന്റെയും കുറവ് വരും.

സംയുക്ത സംരംഭം

യു.എ.ഇയുടെയും ഒമാന്റെയും സംയുക്ത സംരംഭമാണ് ഈ പദ്ധതി. ഇത്തിഹാദ് റെയില്‍, ഒമാന്‍ റെയില്‍, മുബദല ഇന്‍വസ്റ്റ്‌മെന്റ് കമ്പനി എന്നിവര്‍ ചേര്‍ന്നാണ് രൂപരേഖ തയ്യാറാക്കിയത്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഒമാന്‍ സുല്‍ത്താന്‍ ഹൈതാം ബിന്‍ താരിഖിന്റെ യു.എ.ഇ സന്ദര്‍ശനത്തിനിടെയാണ് ധാരണാപത്രം ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളുടെ സംയുക്ത സംരംഭമായ ട്രോജന്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പിനാണ് പ്രധാന കരാര്‍ നല്‍കിയിരിക്കുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സന്ദര്‍ശകര്‍ക്ക് യാത്ര എളുപ്പമാക്കുന്നതിനൊപ്പം ഈ മേഖലയില്‍ ചരക്ക് ഗതാഗതം വര്‍ധിപ്പിക്കാന്‍ പദ്ധതി സഹായിക്കും. ഈ പാതയില്‍ ട്രെയിന്‍ സര്‍വീസ് എന്ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT