കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി വയനാട്ടില്‍ ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള 65,41 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവെച്ചതോടെ ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് ഡിവിഷന്‍ ബെഞ്ചിന് മുന്നില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് ഈ കേസില്‍ നിര്‍ണായകമാകും. അപ്പീല്‍ നല്‍കിയതു വരെയുള്ള കേസിന്റെ വിശദാശങ്ങള്‍ ഇന്ന് ഹാരിസണ്‍സ് മലയാളം, മുബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചു. കമ്പനിക്കുള്ള തേയില തോട്ടത്തിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
വയനാട്ടില്‍ ഹാരിസണ്‍സിന്റെ ഉടമയിലുള്ള നെടുമ്പാല എസ്റ്റേറ്റിലെ ഭൂമി ഏറ്റെടുക്കുന്നതായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെ കമ്പനി ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ ഡിസംബര്‍ 27 നാണ് കോടതി വിധി പറഞ്ഞത്. നിലവീലുള്ള നിയമങ്ങള്‍ അനുസരിച്ച് സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിനെതിരെ 10 ദിവസം മുമ്പാണ് ഹാരിസണ്‍സ് അപ്പീല്‍ നല്‍കിയത്.
ഏറ്റെടുക്കുന്ന ഭൂമിക്ക് നിയമപ്രകാരമുള്ള നഷ്ടപരിഹാരം ഹാരിസണ്‍സിന് സര്‍ക്കാര്‍ നല്‍കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിന് മുമ്പ് കമ്പനിക്ക് നഷ്ടപരിഹാരം നല്‍കണം. സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക തൃപ്തികരമല്ലെങ്കില്‍ കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ കമ്പനിക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്, ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചു. കേസിന്റെ നിയമപരമായ കാര്യങ്ങള്‍ പഠിക്കാന്‍ സമയം വേണ്ടി വന്നതിനാലാണ് ഇക്കാര്യം എക്‌സ്‌ചേഞ്ചിനെ അറിയിക്കാന്‍ വൈകിയതെന്നും കമ്പനി വിശദീകരിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine