എല്ലാ പ്രതീക്ഷകളും തെറ്റിച്ച് ഓരോ മണിക്കൂറിലും സ്വര്‍ണവില മുന്നോട്ടുകുതിക്കുകയാണ്. സ്വര്‍ണത്തില്‍ ദീര്‍ഘകാല നിക്ഷേപം നടത്തിയിട്ടുള്ളവര്‍ക്കാണ് ശരിക്കും കോളടിച്ചത്. ഇതേക്കുറിച്ച് ആര്‍.പി.ജി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക നടത്തിയ പോസ്റ്റാണ് ഇപ്പോള്‍ ബിസിനസ് ലോകത്തെ സംസാര വിഷയം. സ്വര്‍ണവിലയില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സംഭവിച്ച മാറ്റവും സരസമായി അദ്ദേഹം ഈ പോസ്റ്റില്‍ വിവരിക്കുന്നുണ്ട്.
ഒരു കിലോ സ്വര്‍ണത്തിന്റെ വിലയും അതിന് വാങ്ങാവുന്ന കാറുകളും വിശദീകരിച്ചാണ് അദ്ദേഹം മൈക്രോബ്ലോഗിംഗ് സൈറ്റായ എക്‌സില്‍ (നേരത്തെ ട്വിറ്റര്‍) പോസ്റ്റിട്ടത്. 1990ല്‍ ഒരു കിലോ സ്വര്‍ണമുണ്ടായിരുന്നെങ്കില്‍ മാരുതി 800 കാര്‍ വാങ്ങാമായിരുന്നു. 2000മായപ്പോള്‍ അത്രയും സ്വര്‍ണത്തിന് ഒരു മാരുതി എസ്റ്റീം കാര്‍ വാങ്ങാമെന്നായി. 2005ല്‍ ഇത് ടൊയോട്ട ഇന്നോവക്ക് തുല്യമായി. 2010ല്‍ ടൊയോട്ട ഫോര്‍ച്യൂണറും. 2019ല്‍ ബി.എം.ഡബ്ല്യൂ. 2025ലെത്തിയപ്പോള്‍ ഒരു കിലോ സ്വര്‍ണമുണ്ടെങ്കില്‍ ലാന്‍ഡ് റോവര്‍ വാങ്ങാമെന്നായെന്നും അദ്ദേഹം കുറിച്ചു.
ഒരു കിലോ സ്വര്‍ണമുണ്ടെങ്കില്‍ അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ റോള്‍സ് റോയ്‌സ് കാര്‍ വാങ്ങാന്‍ ചിലപ്പോള്‍ കഴിഞ്ഞേക്കും. 2040ലെത്തിയാല്‍ ചിലപ്പോള്‍ ഒരു പ്രൈവറ്റ് ജെറ്റ് തന്നെ വാങ്ങാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
ഇതിന് താഴെ രസകരമായ പല കമന്റുകളും വരുന്നുണ്ട്. 1990ല്‍ മാരുതിക്ക് റോള്‍സ് റോയ്‌സിന്റെ ഫീല്‍ നല്‍കാന്‍ കഴിയുമായിരുന്നു എന്നാണ് ഒരാള്‍ കുറിക്കുന്നത്. നിലവില്‍ ഒരു കിലോഗ്രാമിന് ഒന്നേകാല്‍ ലക്ഷം രൂപയാണ് വില. 2000ല്‍ ഒരാള്‍ സ്വര്‍ണത്തിന് പകരം മികച്ച റിട്ടേണ്‍ നല്‍കുന്നൊരു ഓഹരിയില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍ നിലവിലെ സ്വര്‍ണവിലയേക്കാള്‍ മൂന്നിരട്ടിയെങ്കിലും സമ്പാദ്യം വളര്‍ന്നേനെയെന്ന് മറ്റൊരാള്‍ പറയുന്നു. എന്തായാലും വിഷയത്തില്‍ ചര്‍ച്ച കൊഴുക്കുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine