News & Views

ആഗോള തലത്തില്‍ ബിയര്‍ വില്പന കിതയ്ക്കുന്നു; 6,000 ജീവനക്കാരെ പിരിച്ചുവിടാന്‍ പ്രമുഖ കമ്പനി

യുവതലമുറയില്‍ ബിയര്‍ ഉപഭോഗം കുറഞ്ഞതും ആളുകള്‍ കൂടുതല്‍ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതും ബിയര്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്

Dhanam News Desk

ആഗോള തലത്തില്‍ ബിയര്‍ വില്പന കുത്തനെ ഇടിഞ്ഞതോടെ ജീവനക്കാരുടെ എണ്ണത്തില്‍ വലിയ കുറവു വരുത്താന്‍ പ്രമുഖ ബിയര്‍ നിര്‍മാതാക്കളായ ഹെനിക്കെന്‍ (Heineken). മൊത്തം തൊഴിലാളികളുടെ 7 ശതമാനം പേരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതോടെ 6,000 പേര്‍ക്കെങ്കിലും തൊഴില്‍ നഷ്ടമാകുമെന്നാണ് വിവരം.

ലോകമെമ്പാടും ബിയര്‍ വില്പനയില്‍ വലിയ കുറവാണ് അനുഭവപ്പെടുന്നത്. യുവതലമുറയില്‍ ബിയര്‍ ഉപഭോഗം കുറഞ്ഞതും ആളുകള്‍ കൂടുതല്‍ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതും ബിയര്‍ കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. വരും വര്‍ഷങ്ങളിലും സമാനരീതിയിലുള്ള വരുമാന ഇടിവ് ഉണ്ടാകുമെന്നാണ് കമ്പനികളുടെ വിലയിരുത്തല്‍.

ആഗോളതലത്തില്‍ ബിയര്‍ നിര്‍മാണത്തില്‍ രണ്ടാംസ്ഥാനത്തുള്ള കമ്പനിയാണ് ഹെനിക്കെന്‍. അടുത്തിടെ കമ്പനിയുടെ സിഇഒ അപ്രതീക്ഷിതമായി രാജിവച്ചിരുന്നു. ഹെനിക്കെനുമായി മത്സരത്തിലുള്ള കാള്‍സ്‌ബെര്‍ഗും തൊഴിലാളികളുട എണ്ണം വെട്ടിക്കുറയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. മറ്റ് കമ്പനികളും സമാനപാതയിലാണ്. കോവിഡ് മഹാമാരിക്കുശേഷം ബിയര്‍ വില്പനയില്‍ വലിയ കുറവാണ് ഓരോ വര്‍ഷവും രേഖപ്പെടുത്തുന്നത്.

ബിയര്‍ വില്പന ആഗോളതലത്തില്‍ കുറയാനുള്ള കാരണങ്ങള്‍

ആരോഗ്യസംരക്ഷണം: ഇന്നത്തെ യുവതലമുറയില്‍ 'ഹെല്‍ത്തി ലിവിംഗ്' ട്രെന്‍ഡ് ശക്തമാണ്. 'ലോ-ആല്‍ക്കഹോള്‍' അല്ലെങ്കില്‍ 'നോണ്‍-ആല്‍ക്കഹോള്‍' ബിയറുകളുടെ ആവശ്യകത ഉയര്‍ന്നിട്ടുണ്ടെങ്കിലും, പരമ്പരാഗത ബിയറുകളുടെ വില്പന ചില വിപണികളില്‍ കുറയുകയാണ്. യൂറോപ്പിലും യുഎസിലും ജെന്‍-സി ഉപയോക്താക്കള്‍ ബിയറിനോട് വലിയ താല്പര്യം കാണിക്കുന്നില്ല.

ചെലവ് ചുരുക്കല്‍: സാമ്പത്തിക രംഗത്ത് നിലനില്ക്കുന്ന അനിശ്ചിതത്വം ബിയര്‍ ഉപഭോഗം കുറയ്ക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നു. ചില വിപണികളില്‍ നികുതി വര്‍ധന മൂലം വില ഉയര്‍ന്നത് ബിയര്‍ വില്പനയ്ക്ക് തിരിച്ചടിയായി.

ജനസംഖ്യാ ഘടന മാറ്റം: ചില വികസിത രാജ്യങ്ങളില്‍ ജനസംഖ്യയില്‍ വലിയ മാറ്റം സംഭവിക്കുന്നുണ്ട്. പ്രായമായവരുടെ എണ്ണം വര്‍ധിക്കുന്നത് ബിയര്‍ വ്യവസായത്തിന് തിരിച്ചടിയാണ്.

Heineken to lay off 6,000 employees amid global decline in beer sales and changing consumer trends

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT