Image : Canva 
News & Views

ഓട്ടോമാറ്റിക് വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഇനി ഡ്രൈവിംഗ് ടെസ്റ്റുകളിൽ ഉപയോഗിക്കാം, വിലക്ക് നീക്കി ഹൈക്കോടതി

ഗതാഗത കമ്മീഷണറുടെ സർക്കുലർ നിർദ്ദേശിച്ച പരിഷ്കാരങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്

Dhanam News Desk

ഡ്രൈവിംഗ് ടെസ്റ്റുകളിൽ ഓട്ടോമാറ്റിക് വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാം. ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ഡ്രൈവിംഗ് ടെസ്റ്റുകളിൽ ഓട്ടോമാറ്റിക് ഗിയർ/ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉള്ളവയും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ച് ഗതാഗത കമ്മീഷണര്‍ സർക്കുലർ ഇറക്കിയിരുന്നു. ഹൈക്കോടതി ഗതാഗത കമ്മീഷണറുടെ സർക്കുലർ ദ്ദാക്കി. സർക്കുലർ നിർദ്ദേശിച്ച പരിഷ്കാരങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്.

ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും ഒരു അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും സംയുക്തമായി നടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റുകള്‍ പ്രതിദിനം 30 ആയി സര്‍ക്കുലര്‍ പരിമിതപ്പെടുത്തിയിരുന്നു. 20 പുതിയ അപേക്ഷകരെയും മുമ്പ് പരാജയപ്പെട്ട 10 പേരെയുമാണ് ഇത്തരത്തില്‍ ടെസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. അതേസമയം ഡ്രൈവിംഗ് സ്കൂളുകളുടെ ലൈസൻസിംഗും നിയന്ത്രണവും സംബന്ധിച്ച നിയമങ്ങൾ നിർമ്മിക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടെന്ന് കോടതി പറഞ്ഞു.

മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 12(2)(i) പ്രകാരം ഏത് വാഹനങ്ങളാണ് ടെസ്റ്റുകളില്‍ ഉപയോഗിക്കേണ്ടത് എന്നത് സംബന്ധിച്ച നിയമങ്ങൾ നിർമ്മിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണ്. 2024 ഫെബ്രുവരി 21 നാണ് ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഗതാഗത കമ്മീഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. തിരുവനന്തപുരത്തെ ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇന്‍സ്ട്രക്ടേഴ്സ് ആന്‍ഡ് വർക്കേഴ്‌സ് അസോസിയേഷന്‍ അടക്കമുളളവര്‍ സമർപ്പിച്ച ഹർജികള്‍ ജസ്റ്റിസ് എൻ. നഗരേഷാണ് പരിഗണിച്ചത്.

Kerala High Court allows use of automatic and electric vehicles in driving tests, revoking previous ban.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT