canva, Facebook
News & Views

ഓരോ 25 കിലോമീറ്ററിലും സ്‌റ്റേഷനുകള്‍, വേഗത 200 കി.മീ വരെ, ആകെ സ്‌റ്റേഷനുകള്‍ 22; ₹86,000 കോടിയില്‍ തിരുവനന്തപരും-കണ്ണൂര്‍ അതിവേഗ റെയില്‍ ട്രാക്കിലേക്ക്

അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ചെലവിന്റെ 51 ശതമാനം റെയില്‍വേ വഹിക്കും.

Lijo MG

കേരളത്തിന്റെ യാത്ര ഗതാഗത രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാവുന്ന തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയിലിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി വൈകില്ലെന്ന് റിപ്പോര്‍ട്ട്. പദ്ധതിയുടെ ചുമതല ഇ. ശ്രീധരനെയാണ് നിയോഗിച്ചിരിക്കുന്നത്. ഡിപിആര്‍ തയാറാക്കാന്‍ കേന്ദ്ര റെയില്‍മന്ത്രി അശ്വിനി വൈഷ്ണവില്‍ നിന്ന് വാക്കാലുള്ള അനുമതി ലഭിച്ചതായി ശ്രീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അടുത്ത ദിവസം തന്നെ പദ്ധതിക്കായി പൊന്നാനിയില്‍ ഓഫീസ് തുടങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കാര്യമായി സ്ഥമേറ്റെടുക്കാതെ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ യാത്ര സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അതിവേഗ റെയില്‍ വരുന്നത്. അപകടം തീരെ കുറഞ്ഞ ഈ റെയില്‍പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത് 86,000 കോടി മുതല്‍ ഒരു ലക്ഷം കോടി രൂപ വരെയാണ്. മൊത്തം 430 കിലോമീറ്റര്‍ നീളുന്നതാണ് പദ്ധതി. 9 മാസത്തിനകം ഡിപിആര്‍ പൂര്‍ത്തിയാക്കാമെന്ന് റെയില്‍വേ മന്ത്രിക്ക് ഉറപ്പുകൊടുത്തെന്ന് ശ്രീധരന്‍ വ്യക്തമാക്കി.

പ്ലാന്‍ ഇങ്ങനെ

എട്ട് കോച്ചുകളാണുള്ള ട്രെയിനുകളാകും ഓടിക്കുക. ഓരോ കോച്ചിലും 560 പേര്‍ക്ക് വീതം യാത്ര ചെയ്യാം. യാത്രക്കാര്‍ കൂടുന്നത് അനുസരിച്ച് കോച്ചുകളുടെ എണ്ണം കൂട്ടും. 70 ശതമാനം എലിവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയുമാണ്.

വിമാനത്താവളങ്ങളെ ബന്ധിച്ചാകും പാത കടന്നുപോകുക. പദ്ധതിക്കെതിരേ സമരം വരാതിരിക്കാന്‍ ആവശ്യത്തിന് മാത്രമാകും സ്ഥലമേറ്റെടുക്കുക. ഏറ്റെടുത്ത സ്ഥലത്തില്‍ തൂണുകളുടെ പണി കഴിഞ്ഞാല്‍ ഭൂമി തിരിച്ചു കൊടുക്കും. ഇവിടെ കൃഷി ചെയ്യാനും അനുവദിക്കും. എന്നാല്‍ കെട്ടിടനിര്‍മാണം പാടില്ല.

അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ചെലവിന്റെ 51 ശതമാനം റെയില്‍വേ വഹിക്കും. ബാക്കി സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ഏറ്റെടുക്കണം. ഒരു കിലോമീറ്ററിന് 200 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി വൈകിയാല്‍ ചെലവും കൂടും.

തിരുവനന്തപുരം മുതല്‍ കൊല്ലം വരെ നിലവിലുള്ള റെയില്‍വേ ലൈനിന് സമാന്തരമായിട്ടായിരിക്കും പാത പോവുക. കൊല്ലത്തിന് ശേഷം നിലവില്‍ ട്രാക്കുകളില്ലാത്ത മലയോര മേഖലകളിലൂടെയോ മറ്റ് സൗകര്യപ്രദമായ വഴികളിലൂടെയോ കണ്ണൂരിലേക്ക് എത്തും. ഭാവിയില്‍ ഇത് കാസര്‍ഗോഡ്, മംഗളൂരു വഴി മുംബൈയിലേക്ക് വരെ നീട്ടാനും പദ്ധതിയുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT