ഹൈലൈറ്റ് മാളുകള്‍ സോളാര്‍ വൈദ്യുതിയിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തില്‍ ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജില്‍ മുഹമ്മദും ഇന്‍കെല്‍ അധികൃതരും കൈമാറുന്നു  
News & Views

ഹൈലൈറ്റ് മാള്‍ ഇനി 100% സോളാര്‍ വൈദ്യുതിയില്‍! ഇന്ത്യയിലാദ്യം, ഒരുക്കുന്നത് ഇന്‍കെലും എലിസ്റ്റോ എനര്‍ജീസും, കേരളത്തിലെ ഏറ്റവും വലിയ സോളാര്‍ ഡീല്‍

പദ്ധതി നടപ്പിലാകുമ്പോള്‍ പ്രതിവര്‍ഷം ഏതാണ്ട് 31,500 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ

Dhanam News Desk

പൂര്‍ണമായും സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കാനൊരുങ്ങി കോഴിക്കോടും തൃശൂരുമുള്ള ഹൈലൈറ്റ് മാളുകള്‍. ഇതോടെ പുനരുപയോഗ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യ ഷോപ്പിംഗ് മാള്‍ ഗ്രൂപ്പെന്ന നേട്ടവും ഹൈലൈറ്റ് സ്വന്തമാക്കും. ഇന്‍കെല്‍ ലിമിറ്റഡും (Inkel Limited) എലിസ്റ്റോ എനര്‍ജീസും (Eallisto Energies) ചേര്‍ന്നാണ് പദ്ധതി സാധ്യമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തില്‍ ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജില്‍ മുഹമ്മദും ഇന്‍കെല്‍ അധികൃതരും ഒപ്പുവെച്ചു.

പ്രതിദിനം 48,000 യൂണിറ്റ് വൈദ്യുതി

കോഴിക്കോട് ഹൈലൈറ്റ് മാളില്‍ എട്ട് മെഗാവാട്ടിന്റെയും തൃശൂരില്‍ മൂന്ന് മെഗാവാട്ടിന്റെയും ഉള്‍പ്പെടെ 11 മെഗാവാട്ടിന്റെ സോളാര്‍ പ്ലാന്റാണ് ഒരുക്കുന്നത്. ഇതിന് പുറമെ കോഴിക്കോട് ഹൈലൈറ്റ് ക്യാമ്പസിന്റെ റൂഫ്ടോപ്പില്‍ ഒരു മെഗാവാട്ടിന്റെ സോളാര്‍ പ്ലാന്റും സ്ഥാപിക്കും. ആകെ പ്രതിദിനം 48,000 യൂണിറ്റ് വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയും. ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനും മാളിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഈ വൈദ്യുതി ഉപയോഗിച്ച് നിറവേറ്റാനുമാണ് ഉദ്ദേശിക്കുന്നത്. മാളിലെ മുഴുവന്‍ ലൈറ്റുകള്‍, ഫുഡ് കോര്‍ട്ട്, പാര്‍ക്കിംഗ്, ലിഫ്റ്റുകള്‍, എയര്‍ കണ്ടിഷനിംഗ് ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഇനി ഹരിത ഊര്‍ജത്തിലായിരിക്കും.

മാള്‍ സംസ്‌ക്കാരം തുടങ്ങിയ ഹൈലൈറ്റ്

3,000ത്തിലധികം പേര്‍ക്ക് നേരിട്ടുള്ള തൊഴില്‍ നല്‍കുന്ന കോഴിക്കോട് ഹൈലൈറ്റ് മാള്‍ 12.7 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ഒരുക്കിയിട്ടുള്ളത്. 270ലധികം ലോകോത്തര ബ്രാന്‍ഡുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിക്കോട്ടെ ഫോക്കസ് മാളിലൂടെ കേരളത്തില്‍ മാള്‍ സംസ്‌കാരത്തിന് തുടക്കം കുറിച്ച ഹൈലൈറ്റ് ഗ്രൂപ്പ് തൃശൂര്‍, കോഴിക്കോട് ഹൈലൈറ്റ് മാളുകള്‍ക്ക് പുറമെ കേരളത്തിന്റെ വിവിധയിടങ്ങളില്‍ മാളുകള്‍ ഒരുക്കുന്നതിന്റെ തിരക്കിലാണ്. ഇടത്തരം നഗരങ്ങളില്‍ ഹൈലൈറ്റ് സെന്റര്‍ എന്ന പേരില്‍ മാളുകളും ചെറുപട്ടണങ്ങളില്‍ ഹൈലൈറ്റ് കണ്‍ട്രി സൈഡ് മാളുകളും വലിയ നഗരങ്ങളില്‍ മാളുകളും നിര്‍മിച്ചു വരുന്നു. ഗ്രൂപ്പിന്റെ വലിയൊരു പദ്ധതി കൊച്ചിയിലും നടന്നുവരുന്നുണ്ട്.

പ്രകൃതിക്കും നേട്ടം

പുനരുപയോഗ ഊര്‍ജ്ജത്തിലേക്ക് മാറുന്നതിലൂടെ വലിയ സാമ്പത്തിക ലാഭത്തിനപ്പുറം പ്രകൃതി സംരക്ഷണത്തിനും വലിയ നേട്ടമാണ് ലഭിക്കുന്നത്. പദ്ധതി നടപ്പിലാകുമ്പോള്‍ പ്രതിവര്‍ഷം ഏതാണ്ട് 31,500 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പ്രതിവര്‍ഷം 14.5 ലക്ഷം മരങ്ങള്‍ നടുന്നതിനും 6,600ലധികം കാറുകള്‍ റോഡില്‍ നിന്നും പിന്‍വലിക്കുന്നതിനും തുല്യമാണിത്.

നടപ്പിലാക്കുന്നത് ഇങ്ങനെ

സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍കെല്‍ (inkel) ലിമിറ്റഡാണ് പദ്ധതിക്ക് വേണ്ട സാമ്പത്തിക സഹായം ചെയ്യുന്നത്. ഏതാണ്ട് 210 കോടി രൂപയുടെ ബൃഹദ് പദ്ധതിയുടെ ഭാഗമാണിത്. മലപ്പുറത്തെ സോളാര്‍ പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിയുടെ ഗ്രിഡ് വഴിയാണ് ഹൈലൈറ്റ് മാളിലെത്തുന്നത്. ഈ വൈദ്യുതിക്ക് യൂണിറ്റ് അടിസ്ഥാനത്തില്‍ ചാര്‍ജ് അടക്കണം. ഹരിത വൈദ്യുതിയിലേക്ക് മാറിയതോടെ പ്രതിവര്‍ഷം 5-6 കോടി രൂപ വരെ പ്രവര്‍ത്തന ചെലവില്‍ ലാഭിക്കാനാകും. ഏഴ് മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.

മാതൃകയാവാന്‍ എലിസ്റ്റോ

പദ്ധതിയുടെ രൂപകല്‍പ്പന, നിര്‍മാണം, അറ്റകുറ്റപ്പണി എന്നിവ നിര്‍വഹിക്കുന്നത് ഈ രംഗത്തെ പ്രമുഖ കമ്പനിയായ എലിസ്റ്റോ എനര്‍ജീസിനാണ്. കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ റൂഫ്ടോപ്പ് - ലാന്‍ഡ് സോളാര്‍ പ്ലാന്റുകളടക്കം നിരവധി പദ്ധതികള്‍ കമ്പനി വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് കമ്പനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഷഹാദ് ബംഗ്ല ധനം ഓണ്‍ലൈനോട് പറഞ്ഞു. സോളാര്‍ രംഗത്ത് കേരളത്തിലെ ഏറ്റവും വലിയ കരാറാണ് ഇത്. നെറ്റ് സീറോയെന്ന ലക്ഷ്യത്തിലേക്ക് കുതിക്കുന്ന ഇന്ത്യക്കാകെ മാതൃകയാകുന്ന പദ്ധതിയാണിത്. അടുത്തുതന്നെ കേരളത്തിലെ മാളുകളിലും പ്രമുഖ ആശുപത്രികളിലും സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്ന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

HiLITE Group and Eallisto Energies power India’s first 100% solar-powered mall in Kozhikode, setting a new benchmark in sustainable retail infrastructure.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT