Courtesy: mohanmeakin.com
News & Views

ഓള്‍ഡ് മങ്കിനെ കോപ്പിയടിച്ച് ഓള്‍ഡ് മിസ്റ്റ്! റം നിര്‍മാതാക്കളുടെ മത്സരം കോടതി കയറി; നിര്‍ണായക വിധിയുമായി ഹൈക്കോടതി

രണ്ടുവര്‍ഷം മുമ്പ് 2023ലാണ് ഓള്‍ഡ് മിസ്റ്റെന്ന ബ്രാന്‍ഡുമായി എസ്റ്റണ്‍ റോമന്‍ ബ്രൂവറി വരുന്നത്. ഓള്‍ഡ് മങ്കുമായി സമാനമായ പേരില്‍ റം വിപണിയിലിറക്കിയതാണ് മോഹന്‍ മീക്കിംഗിനെ ചൊടുപ്പിച്ചത്.

Dhanam News Desk

മദ്യ നിര്‍മാണ രംഗത്തെ മുന്‍നിര കമ്പനികളിലൊന്നായ മോഹന്‍ മീക്കിംഗ് ലിമിറ്റഡിന്റെ പ്രശസ്തമായ ഓള്‍ഡ് മങ്ക് റമ്മിനെ കോപ്പിയടിച്ചെന്ന കേസില്‍ ഓള്‍ഡ് മിസ്റ്റ് റം നിര്‍മാതാക്കളായ എസ്റ്റോണ്‍ റോമന്‍ ബ്രൂവെറി കമ്പനിക്കെതിരേ ഹിമാചല്‍പ്രദേശ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്.

ഇനിയൊരു ഉത്തരവ് വരുന്നതു വരെ ഓള്‍ഡ് മിസ്റ്റ് റമ്മിന്റെ വില്പന നിര്‍ത്തിവയ്ക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മോഹന്‍ മീക്കിംഗ് ലിമിറ്റഡിന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മദ്യ ബ്രാന്‍ഡുകളിലൊന്നാണ് ഓള്‍ഡ് മങ്ക് റം. 1855ല്‍ സ്ഥാപിതമായ കമ്പനിയാണ് മോഹന്‍ മീക്കിന്‍. രണ്ടുവര്‍ഷം മുമ്പ് 2023ലാണ് ഓള്‍ഡ് മിസ്റ്റെന്ന ബ്രാന്‍ഡുമായി എസ്റ്റണ്‍ റോമന്‍ ബ്രൂവറി വരുന്നത്. ഓള്‍ഡ് മങ്കുമായി സമാനമായ പേരില്‍ റം വിപണിയിലിറക്കിയതാണ് മോഹന്‍ മീക്കിംഗിനെ ചൊടുപ്പിച്ചത്.

വില്പന തടഞ്ഞു

ഓള്‍ഡ് മങ്ക് എന്ന പേരില്‍ തങ്ങള്‍ക്ക് ട്രേഡ് മാര്‍ക്കുണ്ടെന്നും തങ്ങളുടെ ജനപ്രിയ ബ്രാന്‍ഡിനെ കോപ്പിയടിക്കുകയാണ് എതിരാളികള്‍ ചെയ്തതെന്നും കമ്പനി വാദിച്ചു. ഓള്‍ഡ് മങ്ക് നിര്‍മാതാക്കളുടെ വാദം ശരിവെച്ചാണ് ഓള്‍ഡ് മിസ്റ്റിന്റെ നിര്‍മാണവും വില്പനയും തടഞ്ഞുകൊണ്ട് കോടതി ഉത്തരവിറക്കിയത്.

മാര്‍ക്കറ്റില്‍ വിജയിച്ച ഒരു ഉത്പന്നത്തെ കോപ്പിയടിച്ച് ഉപയോക്താക്കളില്‍ തെറ്റിദ്ധാരണ പരത്തുന്നത് തെറ്റായ കാര്യമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങള്‍ അനുവദിക്കുന്നത് ട്രേഡ് മാര്‍ക്ക് നിയമത്തിന്റെ ലംഘനമാണെന്നും ഉപയോക്താക്കളെ കബളിപ്പിക്കുന്നതിന് തുല്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

ഓള്‍ഡ് മങ്ക് റം

ഓള്‍ഡ് മങ്കിനെ ജനപ്രിയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് കപില്‍ മോഹന്‍ ആണ്. മോഹന്‍ മീക്കിന്റെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്ന ജേഷ്ഠന്റെ മരണശേഷമാണ് കപില്‍ കുടുംബ ബിസിനസിന്റെ തലപ്പത്തേക്ക് വരുന്നത്. സൈനികനായിരുന്ന കപിലിന്റെ നേതൃത്വത്തില്‍ കമ്പനി വലിയ വളര്‍ച്ചയാണ് നേടിയത്. 2018ല്‍ 88മത്തെ വയസില്‍ അദ്ദേഹം അന്തരിച്ചു.

യുകെ, യുഎസ്എ, റഷ്യ, ജര്‍മ്മനി, ജപ്പാന്‍, കാനഡ, കെനിയ, ന്യൂസീലന്‍ഡ്, യുഎഇ എന്നിവയുള്‍പ്പെടെ 50-ലധികം രാജ്യങ്ങളില്‍ ഓള്‍ഡ് മങ്ക് റമ്മിന് വിപണിയുണ്ട്. നിരവധി അവാര്‍ഡുകളും ഈ ബ്രാന്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT