MS Dhoni  
News & Views

ബിരിയാണി കമ്പനിയില്‍ നിക്ഷേപമിറക്കി ക്രിക്കറ്റ് താരം ധോണി; ഫുഡ്‌ടെക് സ്റ്റാര്‍ട്ടപ്പിന് ലക്ഷ്യം 120 സ്‌റ്റോറുകള്‍

ഓസ്‌ട്രേലിയ, ജപ്പാന്‍, യു.കെ, വടക്കന്‍ അമേരിക്ക എന്നിവിടങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി ഹൗസ് ഓഫ് ബിരിയാന്‍ ഉടമകള്‍

Dhanam News Desk

പുതിയ നിക്ഷേപ മേഖലകള്‍ തേടുകയാണ് ജനപ്രിയ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി. ഇന്‍ഷുറന്‍സ് മേഖലയിലെ നിക്ഷേപത്തിന് ശേഷം ഫുഡ്‌ടെക് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഹൗസ് ഓഫ് ബിരിയാനിലാണ് ധോണിയുടെ പുതിയ നിക്ഷേപം. കമ്പനിക്ക് വേണ്ടി നടന്ന പുതിയ ഫണ്ടിംഗ് റൗണ്ടില്‍ ധോണിക്കൊപ്പം പ്രമുഖ ക്രിക്കറ്റ് താരം മോഹിത് ഗോയലും നിക്ഷേപം നടത്തിയിട്ടുണ്ട്, മൊത്തം 32 കോടി രൂപയുടെ ഫണ്ടിംഗാണ് കമ്പനി നേടിയത്.

ക്ലൗഡ് കിച്ചണ്‍ സാധ്യതകള്‍

മുംബൈയില്‍ ബിരിയാണിയും കബാബും വിറ്റ് വിപണി പിടിച്ച ഹൗസ് ഓഫ് ബിരിയാന്‍, ക്ലൗഡ് കിച്ചണ്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വളര്‍ന്ന കമ്പനിയാണ്. നിലവില്‍ മുംബൈയില്‍ 22 അടുക്കളകളിലൂടെയാണ് വൈവിധ്യമാര്‍ന്ന ഭക്ഷണം വില്‍ക്കുന്നത്. മേരി വാലി ബിരിയാണി എന്ന മൊബൈല്‍ ആപ്പിലൂടെ 28 ലക്ഷം ഉപയോക്താക്കളെയാണ് കമ്പനി സ്വന്തമാക്കിയത്. ബിരിയാണി, കബാബ് എന്നിവക്കൊപ്പം സ്വാദൂറുന്ന നോണ്‍വെജ് കറികളും വിളമ്പി കമ്പനി പേരെടുത്തു. വാര്‍ഷിക വരുമാനം 50 കോടി രൂപയാണ്. 2022 ല്‍ തുടങ്ങിയ കമ്പനിയുടെ ഉപയോക്താക്കളില്‍ 49 ശതമാനം പേര്‍ സ്ഥിരമായി ഓര്‍ഡറുകള്‍ നല്‍കുന്നവരാണ് എന്നത് കമ്പനിയുടെ വളര്‍ച്ചാ സാധ്യതയെ കാണിക്കുന്നു.

പുതിയ പദ്ധതികള്‍

അടുക്കളകളുടെ എണ്ണം അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 120 എണ്ണമായി വര്‍ധിപ്പിക്കുകയെന്ന പ്ലാനോടു കൂടിയാണ് കമ്പനി പുതിയ ഫണ്ടിംഗ് സ്വീകരിച്ചിട്ടുള്ളത്. വാര്‍ഷിക വരുമാനം 450 കോടി രൂപയാക്കി ഉയര്‍ത്താനും ലക്ഷ്യമിടുന്നു. ഇന്ത്യയില്‍ മറ്റു നഗരങ്ങളിലേക്കും വിപണി വ്യാപിപ്പിക്കും. കൂടാതെ ഓസ്‌ട്രേലിയ, ജപ്പാന്‍, യു.കെ, വടക്കന്‍ അമേരിക്ക എന്നിവിടങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി ഹൗസ് ഓഫ് ബിരിയാന്‍ ഉടമകളും പ്രമുഖ ഷെഫുമാരുമായ മുഹമ്മദ് ബോല്‍, മിഖായേല്‍ ഷഹാനി എന്നിവര്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT