plane crash canva
News & Views

തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക് ബോക്‌സിന് വിള്ളല്‍, അന്വേഷണത്തില്‍ നിര്‍ണായകമായ ഡാറ്റയും വോയ്‌സും നഷ്ടപ്പെടുമോ? വിദേശത്ത് അയച്ചാല്‍ പ്രയോജനമെന്ത്?

അപകടത്തിന് പിന്നില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്നും കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ട്

Dhanam News Desk

അഹമ്മദാബാദില്‍ കഴിഞ്ഞ ദിവസം തകര്‍ന്നു വീണ എയര്‍ഇന്ത്യ ബോയിംഗ് വിമാനത്തിന്റെ ബ്ലാക് ബോക്‌സിന് കേടുപാടുകള്‍ സംഭവിച്ചത് അന്വേഷണത്തെ ബാധിക്കുമെന്ന് ആശങ്ക. അപകടവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭ്യമാകുമെന്ന് കരുതുന്ന ബ്ലാക് ബോക്‌സിലെ ഒരു ഉപകരണത്തിന് കേടുപാടുകള്‍ വന്നതായാണ് പുറത്തു വരുന്ന വിവരങ്ങള്‍. 241 വിമാന യാത്രക്കാര്‍ അടക്കം 274 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തെ കുറിച്ചുള്ള അന്വേഷണങ്ങളുടെ പ്രാഥമിക ഘട്ടത്തിലാണ് ബ്ലാക് ബോക്‌സിന്റെ വിവരങ്ങള്‍ പുറത്തു വരുന്നത്.

സംഭവിച്ചതെന്ത്?

വിമാനം താഴേക്ക് പതിച്ചതിന്റെ ആഘാതത്തില്‍ ബ്ലാക് ബോക്‌സുകളില്‍ ഒന്നിന് സാരമായ നാശം സംഭവിച്ചതാകാമെന്നാണ് അനുമാനം. ഡി.വി.ആര്‍ (ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍), സി.വി.ആര്‍( കോക്പിറ്റ് വോയ്‌സ് റെക്കോര്‍ഡര്‍) എന്നീ രണ്ട് ഉപകരണങ്ങള്‍ക്കാണ് ബ്ലാക് ബോക്‌സ് എന്ന് വിളിക്കുന്നത്. വിമാന അപകടം നടന്ന് പിറ്റേന്ന് അന്വേഷണ ഏജന്‍സിയായ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ഈ രണ്ട് ഉപകരണങ്ങളും കണ്ടെടുത്തിരുന്നു.

ഇതില്‍ ഒരെണ്ണത്തിന്റെ പുറം ഭാഗത്താണ് കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നത്. രണ്ട് ബോക്‌സുകളിലും ഡാറ്റകള്‍ ബൈനറി ഫോര്‍മാറ്റിലാണ് ശേഖരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇത് എഞ്ചിനിയറിംഗ് ഫോര്‍മാറ്റിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഈ ഡാറ്റകളെ വിശകലനം ചെയ്താണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

അന്വേഷണത്തെ ബാധിക്കുമോ?

ബ്ലാക് ബോക്‌സുകളില്‍ ഒന്നിന് നാശം സംഭവിച്ചത് അന്വേഷണത്തെ ബാധിക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. അതേസമയം, ബോക്‌സിന് അകത്തേക്ക് കേടുപാടുകള്‍ വന്നിട്ടില്ലെങ്കില്‍ ഡാറ്റകള്‍ സുരക്ഷിതമായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ബ്ലാക് ബോക്‌സ് ഇന്ത്യയില്‍ തന്നെ പരിശോധിക്കണോ, അതോ വിദേശത്തേക്ക് അയക്കണോ എന്നുള്ള കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇന്ത്യയില്‍ ഇവ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അപകടത്തിന് പിന്നില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്നും കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അന്വേഷിക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT