News & Views

95 രാജ്യങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില കുതിച്ചുയര്‍ന്നു; ഇന്ത്യയില്‍ മാത്രം മാറ്റമില്ല! കാരണമെന്ത്?

വിലവര്‍ധനയില്‍ മുന്നിലുള്ള വികസിത രാജ്യങ്ങളിലൊന്ന് കാനഡയാണ്. ലിറ്ററിന് 107.24 രൂപയില്‍ 120.18 രൂപയായി കുതിച്ചു

Dhanam News Desk

പശ്ചിമേഷ്യന്‍ യുദ്ധം ആഗോള സാമ്പത്തികരംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. എണ്ണ വിതരണത്തില്‍ തടസങ്ങള്‍ ഉണ്ടായതോടെ പല രാജ്യങ്ങളിലും പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. യുദ്ധം നീണ്ടുനിന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തികമായി തകര്‍ച്ച നേരിടും. ഇതിനൊപ്പം മറ്റ് ലോക രാജ്യങ്ങള്‍ക്കും തിരിച്ചടി നേരിടേണ്ടി വരും.

ഇറാനും യുഎസും തമ്മിലുള്ള യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോള്‍ ലോകത്തെ 95 രാജ്യങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചുവെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയില്‍ എല്‍പിജി വിലയില്‍ നേരിയ വര്‍ധനയൊഴിച്ചാല്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. ഊര്‍ജ്ജരംഗത്ത് മോദി സര്‍ക്കാര്‍ മുമ്പെടുത്ത നയപരമായ ചില നിര്‍ണായക തീരുമാനങ്ങളും രാഷ്ട്രീയ, സാമ്പത്തിക കാരണങ്ങളും വില ഉയരാതിരിക്കാന്‍ കാരണമായെന്നാണ് പൊതുവിലയിരുത്തല്‍.

ഫെബ്രുവരി തുടങ്ങുന്ന ഫെബ്രുവരി 28 വരെ ആഗോള ക്രൂഡ്ഓയില്‍ വില 70 ഡോളറില്‍ താഴെയായിരുന്നു. എന്നാല്‍ പിന്നീട് പടിപടിയായി ഉയര്‍ന്ന് ബാരലിന് 100 ഡോളറും പിന്നിട്ടു. യുദ്ധം എണ്ണപ്പാടങ്ങളില്‍ ബോംബ് വര്‍ഷിക്കുന്നതിലേക്ക് നീങ്ങുന്നത് പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കും.

കംബോഡിയയില്‍ 67% വര്‍ധന, കാനഡയില്‍ 32%

യുദ്ധം തുടങ്ങിയശേഷം പെട്രോള്‍ വില ഏറ്റവും കൂടിയ രാജ്യം കംബോഡിയയാണ്. ഫെബ്രുവരി 23ന് കംബോഡിയയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 102.60 രൂപയായിരുന്നു. മാര്‍ച്ച് 11 ആയപ്പോള്‍ ഇത് ലിറ്ററിന് 122.03 രൂപയായിട്ടാണ് ഉയര്‍ന്നത്. വിലയിലുള്ള മാറ്റം 67.81 ശതമാനം വരും. വില ഇനിയും ഉയരുമെന്നാണ് സൂചന.

വിയറ്റ്‌നാമില്‍ 49.73 ശതമാനം വിലവര്‍ധന രണ്ടാഴ്ച കൊണ്ട് സംഭവിച്ചു. 69.33 രൂപയില്‍ നിന്ന് 104.46 രൂപയിലേക്കാണ് കുതിച്ചുകയറിയത്. പെട്ടെന്നുള്ള ഈ വിലവര്‍ധന വിയറ്റ്‌നാമില്‍ ജനങ്ങളുടെ ജീവിതചെലവിലും പ്രതിഫലിക്കുന്നു.

വിലവര്‍ധനയില്‍ മുന്നിലുള്ള വികസിത രാജ്യങ്ങളിലൊന്ന് കാനഡയാണ്. ലിറ്ററിന് 107.24 രൂപയില്‍ 120.18 രൂപയായി കുതിച്ചു. യുഎസില്‍ 80.43 രൂപയില്‍ നിന്ന് പെട്രോള്‍ വില 93.37 ഇന്ത്യന്‍ രൂപയായി ഉയര്‍ന്നു. ഒട്ടുമിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്ധന വില ക്രമാതീതമായി കൂടി.

യുദ്ധത്തിനുശേഷം വിവിധ ലോകരാജ്യങ്ങളുടെ എണ്ണവിലയിലെ വര്‍ധന

എന്തുകൊണ്ട് ഇന്ത്യയില്‍ കൂടുന്നില്ല

രാജ്യത്ത് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ വലിയ മാറ്റം വന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇന്ധനവില 8 രൂപയോളം കുറച്ചിരുന്നു. കേരളത്തില്‍ പെട്രോള്‍വില 105 രൂപയ്ക്ക് മുകളിലാണെങ്കില്‍ പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും 100 രൂപയില്‍ താഴെയാണ്.

ആവശ്യത്തിന്റെ 80 ശതമാനത്തിലേറെ ക്രൂഡ് ഇറക്കുമതി ചെയ്യുന്ന ഇന്ത്യയില്‍ എന്തുകൊണ്ടാണ് ഇന്ധനവില കൂടാത്തത്. അതിന് കാരണങ്ങള്‍ പലതുണ്ട്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇന്ത്യന്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ വലിയ ലാഭത്തിലാണ് എണ്ണ വില്ക്കുന്നത്. അന്താരാഷ്ട്ര വില കുറഞ്ഞപ്പോള്‍ അതിന് ആനുപാതികമായി വിലകുറയ്ക്കാന്‍ കേന്ദ്രം തയാറായിരുന്നില്ല.

നല്ലകാലത്ത് എണ്ണവില്പനയിലൂടെ കൂടുതല്‍ ലാഭമുണ്ടാക്കിയതിനാല്‍ പ്രതിസന്ധി കാലത്ത് ഈ ലാഭമുപയോഗിച്ച് വിപണിയെ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് സാധിക്കുന്നു. ഇന്ധന വില ഉയര്‍ന്നാല്‍ ഉപ്പുതൊട്ട് കര്‍പ്പൂരത്തിന്റെ വില വരെ കുതിച്ചുയരും. രാജ്യത്ത് വിലക്കയറ്റം പിടിച്ചാല്‍ കിട്ടാത്ത തലത്തിലേക്ക് മാറും. അങ്ങനെ സംഭവിക്കാതിരിക്കാനാണ് മോദിസര്‍ക്കാരിന്റെ തന്ത്രപരമായ ഇടപെടല്‍.

രാഷ്ട്രീയ കാരണങ്ങളും ഇന്ധനവില കൂടാത്തതിന് കാരണമാകുന്നുണ്ട്. അടുത്ത രണ്ട് മാസത്തിനിടയില്‍ കേരളമടക്കം നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നിയമസഭ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇന്ധന വില വര്‍ധിപ്പിച്ചാല്‍ വോട്ടര്‍മാരുടെ അനിഷ്ടം ഏറ്റുവാങ്ങേണ്ടി വരുമെന്ന ഭയം കേന്ദ്രം ഭരിക്കുന്ന ബിജെപിക്കുണ്ട്. വലിയ നഷ്ടം സഹിച്ച് എണ്ണവില്പന നടത്തുന്നതിന് ഒരു കാരണം തിരഞ്ഞെടുപ്പ് കൂടിയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT