Business photo created by pressfoto - www.freepik.com 
News & Views

ഇക്കാര്യം അറിഞ്ഞിരിക്കണം, ഈ വര്‍ഷത്തെ ബജറ്റ് നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും?

ഒരു കോടി നഗരഭവനങ്ങള്‍, ആദ്യ ജോലിക്ക് സര്‍ക്കാര്‍ ശമ്പളം

Dhanam News Desk

കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ കുറച്ച് പ്രഖ്യാപനങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ചത് എങ്ങനെയാണ് സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്നത്. പരിശോധിക്കാം.

പുതിയ ആദായ നികുതി ഘടന

ശമ്പള വരുമാനക്കാര്‍ക്ക് പുതിയ നികുതി സമ്പ്രദായത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ നിലവിലെ 50,000 രൂപയില്‍ നിന്നും 75,000 രൂപയായി ഉയര്‍ത്തി. ഇതുവഴി 17,500 രൂപ ആദായനികുതി ഇനത്തില്‍ ലാഭിക്കാം.

ഘടന ഇങ്ങനെ

* 0-3 ലക്ഷം നികുതിയില്ല

* 3-7 ലക്ഷം 5%

* 7-10 ലക്ഷം 10%

* 10-12 ലക്ഷം 15%

* 12-15 ലക്ഷം 20%

* 15 ലക്ഷത്തിന് മുകളില്‍ 30%

ഫാമിലി പെന്‍ഷന്‍കാര്‍ക്കുള്ള ഡിഡക്ഷന്‍ 15,000 രൂപയില്‍ നിന്ന് 25,000 രൂപയാക്കി വര്‍ധിപ്പിച്ചു.

ഭവന പദ്ധതി

പാവപ്പെട്ടവരും മധ്യവര്‍ഗത്തില്‍ പെട്ടവരുമായ ഒരു കോടി കുടുംബങ്ങള്‍ക്കായി 10 ലക്ഷം കോടി രൂപ പ്രധാനമന്ത്രി ആവാസ് യോജന അര്‍ബന്‍ 2.0 പ്രകാരം അനുവദിച്ചു. നഗരങ്ങളില്‍ താമസിക്കുന്ന പാവപ്പെട്ടവര്‍ക്ക് എല്ലാ കാലാവസ്ഥയിലും കഴിയാവുന്ന സുരക്ഷിതമായ ഭവനം നിര്‍മിക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കിയത്.

സ്വര്‍ണവും മൊബൈലും വില കുറയും

സ്വര്‍ണം, വെള്ളി എന്നിവയുടെ കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനത്തിന്റേത് 6.08 ശതമാനമായുമാണ് കുറച്ചത്. കൂടാതെ മൊബൈല്‍ ഫോണ്‍, മൊബൈല്‍ ചാര്‍ജര്‍ എന്നിവയുടെ കസ്റ്റംസ് തീരുവ 20ല്‍ നിന്നും 15 ആക്കി കുറയ്ക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ ജോലിക്കാര്‍ക്ക് ഒരു മാസ ശമ്പളം

ആദ്യമായി ജോലിക്ക് കയറുന്നവര്‍ക്ക് ആദ്യ മാസത്തെ ശമ്പളമായി 15,000 രൂപ നല്‍കുന്ന പദ്ധതിയും പ്രഖ്യാപിച്ചു. മൂന്ന് തവണകളായി ഈ തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ളവര്‍ക്ക് പരമാവധി 15,000 രൂപ വരെയാണ് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ റൂട്ടിലൂടെ കൈമാറുന്നത്. പുതുതായി ജോലിക്ക് കയറുന്ന 30 ലക്ഷം യുവാക്കള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും പ്രയോജനപ്പെടുന്നതാണ് പദ്ധതി.

ഇന്റണ്‍ഷിപ്പ്

അടുത്ത അഞ്ച് വര്‍ഷം രാജ്യത്തെ 500 പ്രമുഖ കമ്പനികളിലായി ഒരു കോടി യുവാക്കള്‍ക്ക് ഇന്റണ്‍ഷിപ്പ് അവസരമൊരുക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഇത്തരത്തില്‍ ഇന്റണ്‍ഷിപ്പിനെത്തുന്നവര്‍ക്ക് പ്രതിമാസ അലവന്‍സായി 5,000 രൂപയും ഒറ്റത്തവണ സെറ്റില്‍മെന്റായി 6,000 രൂപയും സി.എസ്.ആര്‍ ഫണ്ടുകളുടെ സഹായത്തോടെ സര്‍ക്കാര്‍ നല്‍കും.

വസ്തു വാങ്ങുന്ന വനിതകള്‍ക്ക് സഹായം

വനിതകളുടെ ഉടമസ്ഥതയില്‍ വാങ്ങുന്ന വസ്തുക്കളുടെ സ്റ്റാംപ് ഡ്യൂട്ടി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുമെന്നും ധനമന്ത്രി പറഞ്ഞു.

ക്യാന്‍സര്‍ മരുന്നുകള്‍

മൂന്ന് ക്യാന്‍സര്‍ ജീവന്‍ രക്ഷാ മരുന്നുകളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കി.

കുട്ടികള്‍ക്കും എന്‍.പി.എസ്

കുട്ടികളുടെ ദീര്‍ഘകാല സമ്പാദ്യ പദ്ധതി സുഗമമാക്കുന്നതിന് എന്‍.പി.എസ് വാത്സല്യ പദ്ധതിയും നിര്‍മല പുറത്തിറക്കി. പദ്ധതി വഴി കുട്ടികള്‍ക്ക് വേണ്ടി മാതാപിതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും നിക്ഷേപം നടത്താം. കുട്ടികള്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ അക്കൗണ്ട് സാധാരണ എന്‍.പി.എസ് അക്കൗണ്ടാക്കി മാറ്റുകയും ചെയ്യാം.

നിക്ഷേപകര്‍ക്ക് സന്തോഷമില്ല

അതേസമയം, ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്കുള്ള നികുതി വര്‍ധിപ്പിച്ചത് നിരാശയുണ്ടാക്കി. മൂലധന നേട്ട നികുതി (LTCG), ഹ്രസ്വകാല നേട്ട നികുതി (STCG) സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് എന്നിവ വര്‍ധിപ്പിച്ചതിന്റെ പ്രതിഫലനം ബജറ്റിന് പിന്നാലെ ഓഹരി വിപണിയിലും പ്രകടമായി. ഇത് അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകളിലേക്ക് നയിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT