ആദായനികുതി പരിധി ഉയര്‍ത്തിയതോടെ കേന്ദ്രത്തിന്റെ ഖജനാവില്‍ നിന്ന് ചോരുന്നത് പാതിനായിരങ്ങളോ കോടികളോ അല്ല. ഒരു ലക്ഷം കോടി രൂപയാണ്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലെ സുപ്രധാന പ്രഖ്യാപനത്തിന്റെ അനന്തരഫലം പലതരത്തിലാണ്. രാജ്യത്തെ മധ്യവര്‍ഗത്തിന്റെ അതൃപ്തി ഒരൊറ്റ പ്രഖ്യാപനത്തിലൂടെ ഏറെക്കുറെ പരിഹരിക്കാന്‍ മോദി സര്‍ക്കാരിനായി. അതുവഴി മൂന്നു പതിറ്റാണ്ട് കിട്ടാക്കനിയായിരുന്ന ഡല്‍ഹി പിടിച്ചെടുക്കാനും ബി.ജെ.പിക്ക് സാധിച്ചു.
കഴിഞ്ഞ വര്‍ഷത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇത്തരത്തിലൊരു നീക്കം നടത്താന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ മൂന്നാം ടേം ഉറപ്പാണെന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു മോദി. ഗ്രാമീണ ഇന്ത്യയും മധ്യവര്‍ഗവും തിരഞ്ഞെടുപ്പില്‍ അകന്നു. ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാതെ വരികയും ചെയ്തു. അതുവരെ സൗജന്യങ്ങളിലൂന്നി ഭരണം പിടിക്കുന്നതിനെ വിമര്‍ശിച്ചിരുന്ന മോദിയും ബി.ജെ.പിയും തന്ത്രംമാറ്റി.
സൗജന്യങ്ങള്‍ വാരിക്കോരി നല്‍കി അധികാരത്തിലെത്തിയ കര്‍ണാടകയിലും ഹിമാചല്‍പ്രദേശിലും സംസ്ഥാന സര്‍ക്കാരുകള്‍ നട്ടംതിരിയുകയാണ്. ഈ രണ്ട് സംസ്ഥാനങ്ങളും ഭരിക്കുന്നത് കോണ്‍ഗ്രസാണ്. സൗജന്യ ബസ് യാത്രയും സ്ത്രീകള്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിമാസം നിശ്ചിത തുക ഉള്‍പ്പെടെ വാഗ്ദാനം ചെയ്താണ് അധികാരത്തിലെത്താനായത്.
ഹിമാചല്‍പ്രദേശ് കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണ്. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്ന് വരിഞ്ഞു മുറുക്കല്‍ കൂടിയായതോടെ അടിസ്ഥാന സൗകര്യ വികസനത്തിന് പണംകണ്ടെത്താനാകാതെ സുഖ്‌വീന്ദര്‍ സിംഗ് സുഖു സര്‍ക്കാര്‍ വിഷമിക്കുകയാണ്. ബംഗളൂരു മെട്രോ ചാര്‍ജ് അടക്കം വര്‍ധിപ്പിച്ചാണ് കര്‍ണാടക പിടിച്ചുനില്‍ക്കുന്നത്.
വോട്ട് പിടിക്കാന്‍ സൗജന്യങ്ങള്‍ മതിയെന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത് പല സംസ്ഥാനങ്ങളുടെയും ബാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് ഉള്‍പ്പെടെ ചെലവഴിക്കേണ്ട തുകയാണ് സൗജന്യങ്ങള്‍ നല്‍കാനായി വകമാറ്റുന്നത്. ജനങ്ങളുടെ കൈയിലേക്ക് നേരിട്ട് പണമെത്തുന്നത് വിപണിയില്‍ കൂടുതല്‍ ക്രയവിക്രയത്തിന് ഉതകുമെങ്കിലും സര്‍ക്കാരിന്റെ മുന്‍ഗണന വിഷയങ്ങള്‍ക്ക് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടും.
രണ്ടാം ടേമില്‍ ഡല്‍ഹിയിലെ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാരിന് സംഭവിച്ചതും ഇതാണ്. വെള്ളവും വൈദ്യുതിയും ഉള്‍പ്പെടെ സൗജന്യമായി നല്‍കാന്‍ കോടികള്‍ ചെലവഴിച്ചു. എന്നാല്‍ അടിസ്ഥാന ആവശ്യങ്ങളായ റോഡ്, മേല്‍പ്പാലങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ അവഗണിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ ഇക്കാര്യങ്ങള്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുകയും ചെയ്തു. ഡല്‍ഹിയിലെ ചേരികളില്‍ ഉള്‍പ്പെടെ വികസനമില്ലായ്മ ചൂണ്ടിക്കാട്ടിയും ആംആദ്മി പാര്‍ട്ടി നല്‍കുന്നതിനേക്കാള്‍ കൂടിയ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്തുമായിരുന്നു ബി.ജെ.പി അധികാരം പിടിച്ചത്.
വോട്ടര്‍മാരെ കൈയിലെടുക്കുന്ന സൗജന്യങ്ങള്‍ തുടരുമെന്ന സൂചനയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നല്‍കുന്നത്. മധ്യവര്‍ഗത്തെയും ഗ്രാമീണ മേഖലയെയും ആകര്‍ഷിക്കാന്‍ കൂടുതല്‍ ശ്രമങ്ങളുണ്ടാകുമെന്ന് വ്യക്തമാണ്. സംസ്ഥാനങ്ങള്‍ മാത്രമല്ല കേന്ദ്രവും കൂടുതല്‍ കടത്തിലേക്ക് നിപതിക്കാനേ അതു വഴിയൊരുക്കൂ.
Read DhanamOnline in English
Subscribe to Dhanam Magazine