canva, X/pinarayi vijayan
News & Views

പാതിവഴിയിലായ പദ്ധതികള്‍, പ്രതിസന്ധിയിലായ തിരിച്ചടവ്! കിഫ്ബിക്ക് മുന്നില്‍ ഇനിയെന്ത്? ടോള്‍ പിരിക്കാന്‍ പോകുന്നത് 50ഓളം റോഡുകളില്‍

കിഫ്ബിയുടെ വലിയൊരു ശതമാനം ഫണ്ടും പോകുന്നത് വായ്പയുടെ പലിശ തിരിച്ചടവിനെന്നും കണ്ടെത്തല്‍

Dhanam News Desk

അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ സര്‍ക്കാര്‍ ആരംഭിച്ച കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) പ്രവര്‍ത്തനം പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. പദ്ധതികള്‍ പാതിവഴിയില്‍ ആയതും വായ്പ കുന്നുകൂടിയതും നിയന്ത്രണങ്ങള്‍ കടുപ്പിച്ചതും തിരിച്ചടിയാണെന്ന് 2023-24 വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. അനുമതി നല്‍കിയ പല പദ്ധതികളും പാതിവഴിയില്‍ കിടക്കുമ്പോഴും കിഫ്ബിയുടെ വലിയൊരു ശതമാനം ഫണ്ടും പോകുന്നത് വായ്പയുടെ പലിശ തിരിച്ചടവിനാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഉയര്‍ന്ന പലിശക്കെടുത്ത വായ്പകള്‍ അധികം വൈകാതെ തിരിച്ചടക്കേണ്ടതിനാല്‍ കിഫ്ബി ബാധ്യതയാകുമോ എന്ന ആശങ്കയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ളത്.

10,000 കോടി ലക്ഷ്യം, കിട്ടിയത് 5,800 കോടി

കടപത്രങ്ങള്‍, ടേം ലോണ്‍, സംസ്ഥാന സര്‍ക്കാര്‍ വിഹിതം തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് കിഫ്ബി പണം കണ്ടെത്തുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 10,000 കോടി രൂപ വായ്പയെടുക്കാനായിരുന്നു കിഫ്ബിയുടെ പദ്ധതി. പക്ഷേ ലഭിച്ചത് 5,803.86 കോടി രൂപയാണെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. കിഫ്ബി കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാന്‍ ആളുകള്‍ മടിക്കുന്നതിന്റെ സൂചനയാണിതെന്നാണ് വിദഗ്ധര്‍ പറയുന്നത്. നേരത്തെ മസാല ബോണ്ട് അടക്കമുള്ള വിഷയങ്ങളില്‍ ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചത് കിഫ്ബിയോടുള്ള നിക്ഷേപകരുടെ വിശ്വാസം തകര്‍ക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആരോപണങ്ങള്‍ നേരിടുന്ന ഒരു സ്ഥാപനം പുറത്തിറക്കുന്ന കടപ്പത്രത്തില്‍ മുതല്‍ മുടക്കുവാന്‍ സാധാരണഗതിയില്‍ ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും മടിക്കും. ഇനി തയ്യാറായാല്‍ തന്നെ ഉയര്‍ന്ന റിസ്‌ക് ചൂണ്ടിക്കാട്ടി കൂടുതല്‍ പലിശയും ആവശ്യപ്പെടും.

കടം കൂടി

2019ലെടുത്ത 2,150 കോടി രൂപയുടെ മസാല ബോണ്ട് അടക്കം 3,505.01 കോടി രൂപയുടെ വായ്പ 2024 മാര്‍ച്ചില്‍ അടച്ചുതീര്‍ത്തു. ഈ കാലയളവില്‍ കെ.എസ്.എഫ്.ഇയില്‍ നിന്ന് 469.61 കോടിയും പവര്‍ ഫിനാന്‍സ് കോര്‍പറേഷനില്‍ നിന്ന് 755.72 കോടിയും ഹഡ്‌കോയില്‍ നിന്ന് 1,200 കോടി രൂപയും ഉയര്‍ന്ന പലിശ നിരക്കില്‍ വായ്പയെടുത്തിട്ടുണ്ട്. എന്നാല്‍ കിഫ്ബി വായ്പകളുടെ തിരിച്ചടവിനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ കൃത്യമായി നിര്‍വചിക്കാത്തത് പ്രശ്‌നമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മിക്കുന്ന റോഡുകളില്‍ ടോള്‍ പിരിക്കില്ലെന്ന് ഒന്നാം പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപിത നയങ്ങളിലൊന്നായിരുന്നു.പക്ഷേ വരുമാനമില്ലാത്ത പദ്ധതികളില്‍ പണം മുടക്കുന്നത് എന്തിനെന്ന ചോദ്യമാണ് സര്‍ക്കാരിനെ മാറ്റിചിന്തിപ്പിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്. കിഫ്ബിയുടെ തുടക്കത്തില്‍ തന്നെ വായ്പാ തിരിച്ചടവിനുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ കണ്ടെത്തണമായിരുന്നു എന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

ആസൂത്രണവും പോര

ഉയര്‍ന്ന പലിശക്ക് എടുക്കുന്ന വായ്പ കൃത്യസമയത്ത് ചെലവഴിക്കാത്തതും പ്രശ്‌നമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഉദാഹരണത്തിന് ഗ്രീന്‍ബോണ്ടുകള്‍ ഇറക്കി സമാഹരിച്ച 300 കോടിയില്‍ 241 കോടി രൂപയും ചെലവഴിച്ചിട്ടില്ലെന്ന് 2024 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പറയുന്നു. ഇത് കൃത്യമായ സാമ്പത്തിക ആസൂത്രണമില്ലാതെയാണ് കിഫ്ബിയുടെ പ്രവര്‍ത്തനമെന്ന ആരോപണത്തിനും ശക്തിയേകി. പദ്ധതി നിര്‍വഹണത്തിനായി ഏല്‍പ്പിച്ച പല ഏജന്‍സികള്‍ക്കും അനുവദിച്ച പണം കൃത്യമായി ചെലവഴിക്കാന്‍ കഴിഞ്ഞില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അമ്പതോളം റോഡുകളില്‍ യൂസര്‍ഫീ

കിഫ്ബി വഴി 32,797 കോടി രൂപ ചെലവിട്ട് 511 പദ്ധതികളാണ് പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്നത്. ഈ തുക മുഴുവന്‍ 50 കോടിക്ക് മുകളില്‍ ചെലവ് വന്ന റോഡുകളില്‍ നിന്ന് പിരിച്ചെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. കൊട്ടാരക്കര ബൈപ്പാസ്, കുട്ടിക്കാനം-ചപ്പാത്ത് മലയോര പാത, അങ്കമാലി-കൊച്ചി വിമാനത്താവള ബൈപ്പാസ്, മൂവാറ്റുപുഴ, പെരുമ്പാവൂര്‍ ബൈപ്പാസ്, തിരുവനന്തപുരം കരമന-കളിയിക്കാവിള, വഴയില-നെടുമങ്ങാട് നാലുവരിപ്പാത, ആലുവ-മൂന്നാര്‍ റോഡ് തുടങ്ങിയ അമ്പതോളം റോഡുകളില്‍ ടോള്‍ പിരിവ് വേണ്ടി വരുമെന്നാണ് സൂചന. ടോള്‍ പ്ലാസകള്‍ സ്ഥാപിക്കാതെ എ.ഐ ക്യാമറകള്‍ ഉപയോഗിച്ച്, സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം, പണം ഈടാക്കാനാണ് പദ്ധതി.കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ദേശീയ പാത 66 കൂടി സാധ്യമാകുന്നതോടെ മലയാളി ടോള്‍ കൊടുത്ത് മുടിയുമെന്ന് സാരം.

87,378 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി

2024 നവംബറില്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് 87,378.33 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്കാണ് കിഫ്ബി ഇതുവരെ അനുമതി നല്‍കിയിരിക്കുന്നത്. ഇതിനായി 31,379.08 കോടി രൂപയാണ് ചെലവഴിച്ചതെന്നും കണക്കുകള്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT