ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയെ ലക്ഷ്യമിട്ട ഇസ്രായേല്‍ ആക്രമണത്തിന് പിന്നില്‍ വര്‍ഷങ്ങളോളം നീണ്ടുനിന്ന രഹസ്യ നിരീക്ഷണ പ്രവര്‍ത്തനങ്ങളുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ടെഹ്‌റാനിലെ ട്രാഫിക് ക്യാമറ നെറ്റ്വര്‍ക്കും മൊബൈല്‍ ഫോണ്‍ ശൃംഖലയുടെ ഭാഗങ്ങളും ഹാക്ക് ചെയ്ത് ഖമേനിയുടെ നീക്കങ്ങള്‍ നിരന്തരം നിരീക്ഷിച്ചിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടെഹ്‌റാനിലെ ട്രാഫിക് ക്യാമറകളില്‍ ഭൂരിഭാഗവും വിദേശ ഇന്റലിജന്‍സ് ഏജന്‍സികള്‍ കൈവശപ്പെടുത്തി. നഗരത്തിലെ പ്രധാന മാര്‍ഗങ്ങളിലൂടെ ഖമേനിയുടെ സുരക്ഷാസേനയുടെ വാഹനങ്ങള്‍ എപ്പോള്‍ സഞ്ചരിക്കുന്നു, എവിടെ നില്‍ക്കുന്നു, ആരൊക്കെ അദ്ദേഹത്തോടൊപ്പമുണ്ട് തുടങ്ങിയ വിവരങ്ങള്‍ ക്യാമറ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ശേഖരിച്ചു. ഈ ദൃശ്യങ്ങള്‍ വിദഗ്ധ വിശകലന സംവിധാനങ്ങളിലൂടെ പരിശോധിച്ച് 'പാറ്റേണ്‍ ഓഫ് ലൈഫ്' (ദൈനംദിന പ്രവര്‍ത്തന മാതൃക) രൂപപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഖമേനിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന ടെഹ്‌റാനിലെ പസ്തൂര്‍ സ്ട്രീറ്റ് പ്രദേശത്തെ മൊബൈല്‍ നെറ്റ്വര്‍ക്കുകളും ലക്ഷ്യമിട്ടിരുന്നു. സുരക്ഷാസേനയുടെ ആശയവിനിമയം തടസ്സപ്പെടുത്താന്‍ ചില ടവറുകള്‍ ഭാഗികമായി പ്രവര്‍ത്തനരഹിതമാക്കിയതായും, ഫോണ്‍കോളുകള്‍ 'ബിസി'യായി കാണിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതുവഴി ആക്രമണത്തിന് മുന്‍പ് മുന്നറിയിപ്പ് നല്‍കാനുള്ള സാധ്യത കുറച്ചുവെന്നാണ് സൂചന.
ഇസ്രായേലിന്റെ സിഗ്‌നല്‍സ് ഇന്റലിജന്‍സ് വിഭാഗമായ യൂണിറ്റ് 8200, മൊസാദ് എന്നിവയ്‌ക്കൊപ്പം അമേരിക്കന്‍ സിഐഎയും വിവരശേഖരണത്തില്‍ പങ്കാളികളായിരുന്നു എന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ട്രാഫിക് ദൃശ്യങ്ങള്‍, മൊബൈല്‍ ഡാറ്റ, സാമൂഹിക ബന്ധങ്ങളുടെ വിശകലനം (സോഷ്യല്‍ നെറ്റ്വര്‍ക്ക് അനാലിസിസ്) എന്നിവ ചേര്‍ത്ത് ഇറാന്റെ ഉന്നത നേത്യത്വത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി കണക്കാക്കാനായതായും പറയുന്നു.
ഒരു പ്രത്യേക ദിവസത്തെ നിര്‍ണായക യോഗത്തില്‍ ഖമനയി പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ച ശേഷമാണ് ആക്രമണ സമയക്രമം നിശ്ചയിച്ചത്. 86 വയസ്സുകാരനായ ഖമനയിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ചില ഉന്നത ഉദ്യോഗസ്ഥരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഈ വെളിപ്പെടുത്തലുകള്‍ ആധുനിക യുദ്ധങ്ങളില്‍ സൈബര്‍ നിരീക്ഷണവും ഡാറ്റാ അനാലിറ്റിക്സും എത്രത്തോളം നിര്‍ണായകമാകുന്നുവെന്ന് വീണ്ടും തെളിയിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
Read DhanamOnline in English
Subscribe to Dhanam Magazine