ഫൈനലിന്റെ എല്ലാ ആവേശവും അവസാന ഓവര്‍ വരെ നിറഞ്ഞു നിന്ന പോരാട്ടത്തില്‍ പാക്കിസ്ഥാനെ അഞ്ചുവിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യ ഏഷ്യാകപ്പ് ക്രിക്കറ്റില്‍ കിരീടം ചൂടിയത്. ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് തുടങ്ങിയ വിവാദങ്ങള്‍ ഫൈനല്‍ തീര്‍ന്ന ശേഷവും അവസാനിച്ചിട്ടില്ല.
പാക്കിസ്ഥാന്‍ മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ (എസിസി) പ്രസിഡന്റുമായ മെഹ്‌സിന്‍ നഖ്‌വിയില്‍ നിന്ന് കിരീടം ഏറ്റുവാങ്ങാന്‍ ഇന്ത്യ തയാറായില്ല. ഇന്ത്യയ്ക്ക് കൈമാറാതെ ട്രോഫിയുമായി നഖ്‌വി സ്റ്റേഡിയം വിട്ടത് വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി. വിവാദങ്ങള്‍ ഒരുവശത്ത് ആവോളം ഉണ്ടായിരുന്നെങ്കിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെയും ഇന്ത്യന്‍ ടീമിന്റെയും കീശ നിറയ്ക്കാന്‍ ടൂര്‍ണമെന്റിനായി.
ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് ലഭിച്ചത് മൂന്നുലക്ഷം ഡോളറാണ്. ഏകദേശം 2.6 കോടി രൂപ വരുമിത്. മുന്‍ എഡിഷനില്‍ നിന്ന് വലിയ വര്‍ധനയാണ് പ്രൈസ് മണിയില്‍ വരുത്തിയിരിക്കുന്നത്. റണ്ണേഴ്‌സപ്പിന് ലഭിക്കുക 1.3 കോടി രൂപയാണ്. ഇത്തവണ ആകെ പ്രൈസ് മണിയായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ നല്കിയിരിക്കുന്നത് 7,800,00 ഡോളറാണ്. മാന്‍ ഓഫ് ദ സീരിസ് മുതല്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് കിട്ടിയ താരത്തിന് വരെ ക്യാഷ് അവാര്‍ഡ് ലഭിച്ചു.
കിരീടം ചൂടിയ ഇന്ത്യന്‍ ടീമിലെ കളിക്കാര്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനുമായി 21 കോടി രൂപയുടെ സമ്മാനങ്ങളാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഒരു കളിക്കാരന് ഏകദേശം ഒരു കോടി രൂപയ്ക്കടുത്ത് ലഭിക്കും. കപ്പ് നേടിയതിന് പിന്നാലെ ബിസിസിഐ സെക്രട്ടരി ദേവ്ജിത്ത് സൈക്കിയ ആണ് സമ്മാനത്തുക പ്രഖ്യാപിച്ചത്.
ഏഷ്യാകപ്പില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. പാക്കിസ്ഥാനുമായി ഗ്രൂപ്പ് ഘട്ടത്തില്‍ ഉള്‍പ്പെടെ മൂന്നു തവണ ഇന്ത്യ ഇത്തവണ ഏറ്റുമുട്ടി. ഇതില്‍ മൂന്നിലും ഇന്ത്യയ്ക്കായിരുന്നു ജയം.
Read DhanamOnline in English
Subscribe to Dhanam Magazine