കഴിഞ്ഞ ആഴ്ചയാണ് ട്വിറ്ററിലെ (Twitter) പകുതിയോളം ജീവനക്കാരെയും ഇലോണ്‍ മസ്‌ക് (Elon Musk) പിരിച്ചുവിട്ടത്. മസ്‌കിന്റെ നടപടിക്കെതിരെ ഐക്കരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷന്‍ വരെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ പിരിച്ചുവിട്ട ഒരു വിഭാഗം ജീവനക്കാരെ ട്വിറ്റര്‍ തിരിച്ചുവിളിക്കുന്നു എന്നാണ് വിവരം. ബ്ലൂംബെര്‍ഗ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അബന്ധത്തില്‍ പിരിച്ചുവിട്ടവരെയാണ് ട്വിറ്റര്‍ തിരികെ വിളിക്കുന്നത്. ഇവരുടെ ജോലിയിലെ നൈപുണ്യം ട്വിറ്ററിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമാണെന്ന വിലയിരുത്തലിലാണ് നടപടി. കൂട്ടപ്പിരിച്ചുവിടല്‍ വേണ്ടത്ര ആലോചനകള്‍ ഇല്ലാതെയായിരുന്നു എന്നതിന്റെ സൂചനയായി ആണ് നീക്കം കണക്കാക്കപ്പെടുന്നത്.
അതേ സമയം കൂട്ടപ്പിരിച്ചുവിടലിനെ ന്യായീകരിക്കുകയാണ് മസ്‌ക് ചെയ്തത്. ട്വിറ്ററിന്റെ പ്രതിദിന നഷ്ടം 4 മില്യണ്‍ ഡോളറിലധികം ആണെന്നും മറ്റ് വഴികള്‍ ഇല്ലന്നുമാണ് മസ്‌ക് പറഞ്ഞത്. ജീവനക്കാരുടെ എണ്ണം കുറച്ചത് കൂടാതെ വെരിഫൈഡ് അക്കൗണ്ടുകള്‍ക്ക് 8 ഡോളര്‍ വരിസംഖ്യ നിശ്ചയിച്ചതാണ് കഴിഞ്ഞ ആഴ്ച ട്വിറ്റര്‍ വരുത്തിയ പ്രധാന മാറ്റം. മസ്‌കിന്റെ നടപടികളില്‍ പ്രതിഷേധിച്ച് 10 ലക്ഷത്തോളം പേര്‍ ട്വിറ്റര്‍ ഉപേക്ഷിച്ചിരുന്നു.
വീഡിയോകളും പോഡ്കാസ്റ്റുകളും പങ്കുവെയ്ക്കാനുള്ള അവസരം, ഭാവിയില്‍ പരസ്യവരുമാനത്തിന്റെ ഒരു വിഹിതം എന്നിവയാണ് 8 ഡോളറിന്റെ വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുക. പരസ്യവരുമാനം പങ്കുവെയ്ക്കുന്ന രീതി ഷോര്‍ട്ട് വീഡിയോ ആപ്പുകളിലെ കണ്ടന്റ് ക്രിയേറ്റര്‍മാരെ ആകര്‍ഷിക്കുമെന്നാണ് വിലയിരുത്തല്‍.
ട്വിറ്ററിന് കീഴിലുണ്ടായിരുന്ന ഷോര്‍ട്ട് വീഡിയോ ആപ്ലിക്കേഷന്‍ വൈന്‍ (Wine) കമ്പനി വീണ്ടും അവതരിപ്പിച്ചേക്കും. മസ്‌ക് നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ ഫോക്‌സ് വാഗണ്‍, ഫൈസര്‍, ജനറല്‍ മോട്ടോഴ്‌സ് അടക്കമുള്ള കമ്പനികള്‍ ട്വിറ്ററിന് പരസ്യം നല്‍കുന്നത് അവസാനിപ്പിച്ചിരുന്നു. മസ്‌ക് കൊണ്ടുവരുന്ന മാറ്റങ്ങള്‍ വിലയിരുത്തിയ ശേഷമാവും ഇനി ഈ ബ്രാന്‍ഡുകള്‍ ട്വിറ്ററില്‍ പരസ്യം ചെയ്യുന്നത് സംബന്ധിച്ച തീരുമാനം പുനപരിശോധിക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine