അമേരിക്കയില്‍ ഭരണത്തുടര്‍ച്ചയല്ല, ഭരണമാറ്റമാണ്. നിലവിലുള്ള രീതികളില്‍ പൊളിച്ചെഴുത്ത് നടക്കുമെന്ന് ഉറപ്പ്. ഡൊണള്‍ഡ് ട്രംപ് വീണ്ടും അധികാരത്തില്‍ വരുന്നത് ഇന്ത്യ-യു.എസ് ബന്ധങ്ങളെ എങ്ങനെ ബാധിക്കും? പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിന്റെ ബെസ്റ്റ് ഫ്രണ്ടായാണ് വിശേഷിപ്പിക്കുന്നത്. അമേരിക്കയും ഇന്ത്യയുമായി ഊഷ്മളമായ പങ്കാളിത്ത ബന്ധമാണിപ്പോള്‍. എങ്കിലും ട്രംപിന്റെ പൊളിച്ചെഴുത്തുകള്‍ ചില കല്ലുകടികള്‍ സൃഷ്ടിച്ചേക്കാം.
വ്യാപാര രംഗത്ത് ഇന്ത്യയോടുള്ള ട്രംപിന്റെ നയം അത്ര സുഖകരമല്ല. മുമ്പ് പ്രസിഡന്റായിരുന്ന സമയത്തെ (2017-2021) വ്യാപാര സംഘര്‍ഷങ്ങള്‍ വീണ്ടും ഉയര്‍ന്നു വന്നേക്കാം. അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 7,500 കോടി ഡോളറിനുള്ളതാണ്. ഉയര്‍ന്ന നികുതി നിരക്കുകള്‍ അതിനു മേല്‍ വന്നു വീഴാന്‍ സാധ്യതയുണ്ട്. അമേരിക്കന്‍ വ്യാപാര-വാണിജ്യ മേഖലകള്‍ക്ക് കൂടുതല്‍ സംരക്ഷണവും പരിഗണനയും നല്‍കി ട്രംപ് മുന്നോട്ടു പോകുമ്പോള്‍ ഇന്ത്യയുടെ കയറ്റുമതി മേഖലക്ക് അത് ദോഷകരമാകാന്‍ വഴിയുണ്ട്. ട്രംപ് പോയി ജോ ബിഡന്‍ വന്നപ്പോഴും സംരക്ഷണ നയങ്ങളില്‍ യു.എസ് മാറ്റമൊന്നും വരുത്തിയില്ല എന്നു കൂടി കാണണം.
ലോക വ്യാപാര സംഘടനയുടെ തര്‍ക്ക പരിഹാര പ്രക്രിയയെ തടസപ്പെടുത്തുന്ന നയമാണ് ട്രംപ് നേരത്തെ സ്വീകരിച്ചത്. യുദ്ധകാല വ്യാപാര നയങ്ങള്‍ കൊണ്ടുവന്നത് ഇന്ത്യ അടക്കം പ്രമുഖ വ്യാപാര പങ്കാളികളുമായി ഏറ്റുമുട്ടലിന് വഴിവെക്കുകയും ചെയ്തു. യു.എസ് വിപണിയില്‍ നികുതിരഹിത സാമീപ്യം ഇന്ത്യക്ക് അനുവദിച്ചു പോന്ന പതിറ്റാണ്ടു പഴകിയ നയം 2019ല്‍ ഇല്ലാതാക്കി. ഇന്ത്യന്‍ കയറ്റുമതി മേഖല അനുഭവിച്ചുപോന്ന 570 കോടി ഡോളറിന്റെ നികുതി ഇളവുകളാണ് ഇതോടെ ഇല്ലാതായത്.
ഇന്ത്യക്ക് ട്രംപിനെക്കൊണ്ടുള്ള നേട്ടം പരിമിതമാണെങ്കില്‍ ചൈനക്ക് ഏറെ ദോഷം ചെയ്യുമെന്നു കൂടി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. താരിഫ് സമ്മര്‍ദങ്ങള്‍ വീണ്ടും ശക്തമാകുന്നതു തന്നെ കാരണം. വ്യാപാര തടസങ്ങള്‍ മൂലമുണ്ടാകുന്ന പണപ്പെരുപ്പം, പലിശ നിരക്കില്‍ വന്നേക്കാവുന്ന കുറവ് എന്നിവയൊക്കെ ഇന്ത്യയിലെ മധ്യവര്‍ഗ ഉപഭോഗത്തെ ബാധിച്ചേക്കുമെന്നും വിലയിരുത്തലുണ്ട്. യു.എസിലേക്കുളള ഇന്ത്യന്‍ മരുന്നു കയറ്റുമതിക്ക് തിളക്കം കുറയും. ഐ.ടി സേവന മേഖലകളുടെ ലാഭത്തില്‍ കുറവു വരാം. എച്ച്-വണ്‍ ബി വിസ നയങ്ങള്‍ കര്‍ക്കശമാക്കിയെന്നു വരും. അതേസമയം, നികുതി നയങ്ങള്‍ മാറുന്നത് ഇന്ത്യയിലെ കോര്‍പറേറ്റ് മേഖലക്ക് പ്രയോജനപ്പെട്ടേക്കും. രൂപയുടെ മൂല്യത്തകര്‍ച്ച കൂടുമെന്നാണ് കാണേണ്ടത്.
അമേരിക്കയിലെ ഭരണമാറ്റം ഇന്ത്യന്‍ വ്യാപാര രംഗത്തിന് പ്രത്യേകിച്ചും പ്രധാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12,000 കോടി ഡോളറിനുള്ളതാണ് (10 ലക്ഷം കോടി രൂപ) ഉഭയകക്ഷി വ്യാപാരം. ഇന്ത്യയുടെ ചൈനാ വ്യാപാരത്തേക്കാള്‍ ഒരുപടി ഉയര്‍ന്നതാണ് ഇത്. അതേസമയം, ചൈനയില്‍ നിന്ന് വ്യത്യസ്തമായി അമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധം കുറെക്കൂടി അനുകൂല കാലാവസ്ഥയിലുള്ളതാണ്. വിദേശനാണ്യ വിനിമയത്തില്‍ യു.എസ് പ്രധാന സ്രോതസായി നില്‍ക്കുന്നു. കഴിഞ്ഞ പതിറ്റാണ്ടില്‍ അമേരിക്കയെ കൂടുതലായി ഇന്ത്യ ആശ്രയിച്ചു നില്‍ക്കുന്ന സാഹചര്യമാണ് കാണാനായത്. ഇന്ത്യയുടെ കയറ്റുമതിയില്‍ 18 ശതമാനവും അമേരിക്കയിലേക്കാണ്. തുണിത്തരം മുതല്‍ ഇലക്‌ട്രോണിക്‌സ് മുതല്‍ എഞ്ചിനീയറിങ് വരെ അതില്‍ വൈവിധ്യവുമുണ്ട്. കടുക്കുന്ന ചൈന-യു.എസ് വ്യാപാര യുദ്ധങ്ങള്‍ ചൈനയില്‍ നിന്ന നിക്ഷേപം ചോര്‍ത്തുന്നത് ഇന്ത്യക്ക് പ്രയോജനകരമായേക്കാമെന്നും മുന്‍കൂട്ടി കാണാം.
ഉദാരവല്‍ക്കരിച്ച ആഗോള വ്യാപാര ക്രമത്തില്‍ നിന്ന് അമേരിക്ക പതിയെ ഉള്‍വലിയുന്നതാണ് വര്‍ഷങ്ങളായുള്ള കാഴ്ച. അമേരിക്കന്‍ തൊഴില്‍ വിപണിക്ക് ദോഷം ചെയ്യുന്നതാണ് പ്രധാന കാരണങ്ങളിലൊന്ന്. പുതിയ വ്യാപാര ഉടമ്പടികളില്‍ നിന്ന് യു.എസ് മാറി നില്‍ക്കുകയുമാണ്. ലോകവ്യാപാര സംഘടനയില്‍ നിന്ന് തന്നെ പിന്മാറിക്കളയുമെന്ന ഭീഷണിയുമുണ്ട്. ട്രംപിന്റെ മുന്‍ഭരണകാലത്താണ് ഇന്ത്യയില്‍ നിന്നുള്ള ഉരുക്കിന് 25ഉം അലൂമിനിയത്തിന് 10ഉം ശതമാനം നികുതി ചുമത്തിയത്. ദേശസുരക്ഷ വ്യവസ്ഥകള്‍ ഉപയോഗപ്പെടുത്തിയായിരുന്നു ഇത്. സൗഹൃദ രാജ്യങ്ങളെ പ്രഹരിക്കാത്ത കീഴ്‌വഴക്കത്തില്‍ അത് പൊളിച്ചെഴുത്തായി. ഈ നിരക്കുകള്‍ പിന്‍വലിക്കുകയല്ല, ഇന്ത്യയും യൂറോപ്യന്‍ യൂണിയനുമായി ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തുക മാത്രമാണ് പിന്നീട് വന്ന ബിഡന്‍ ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നികുതി രാജാക്കന്മാരുടെ പട്ടികയില്‍ ഇന്ത്യയെ പെടുത്തിയാണ് ട്രംപ് സംസാരിച്ചതെന്നും ഓര്‍ക്കണം. ട്രംപ് വീണ്ടും ഭരണം പിടിച്ചതിനു പിന്നാലെ ഉണ്ടാകുമെന്ന് കരുതുന്ന യു.എസ് പണപ്പെരുപ്പം തുണിത്തരങ്ങള്‍, ആഭരണങ്ങള്‍, തുകല്‍, തുടങ്ങി വിവിധ മേഖലകളിലെ ഇന്ത്യന്‍ സംരംഭങ്ങള്‍ക്കും തൊഴിലുകള്‍ക്കും ദോഷം ചെയ്യാം. ഇന്ത്യന്‍ കയറ്റുമതിയുടെ അഞ്ചിലൊന്നും യു.എസിലേക്കാണ് എന്ന യാഥാര്‍ഥ്യം ഇതിന് അടിവരയിടുന്നു.
അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് പ്രഥമ പരിഗണനയെന്ന നയപ്രഖ്യാപനവുമായി വീണ്ടും ട്രംപ് വൈറ്റ് ഹൗസിലേക്ക് കയറുന്നത് അവസരങ്ങളും വെല്ലുവിളികളും ഒരുപോലെ ഇന്ത്യക്ക് സമ്മാനിക്കുന്നുണ്ട്. വ്യാപാര മേഖലയിലെ ആശങ്കകള്‍ നിലനില്‍ക്കേ സൈനിക സഹകരണം, നയതന്ത്രം തുടങ്ങിയ മേഖലകളില്‍ പുതിയ ചുവടുവെയ്പുകള്‍ പ്രതീക്ഷിക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine