എച്ച് വണ്‍ ബി വീസ ഫീസ് കുത്തനെ വര്‍ധിപ്പിച്ച പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനം യു.എസിന് തന്നെ തിരിച്ചടിയാകുമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തീരുമാനം പ്രയാസം സൃഷ്ടിക്കുമെങ്കിലും ഇതിനേക്കാള്‍ പ്രതികൂലമായി യു.എസ് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നതാണ് ട്രംപിന്റെ തലതിരിഞ്ഞ നയമെന്ന് ടെക് ഹബ്ബായ സിലിക്കണ്‍വാലിയിലെ പൊതുവികാരം.
അമേരിക്കയിലെ ഇടത്തരം കമ്പനികളെയാകും ട്രംപിന്റെ തീരുമാനം കൂടുതലായി ബാധിക്കുക. ഇത്തരം കമ്പനികള്‍ക്ക് വിദേശികളായ ജോലിക്കാരെ ലഭിക്കാന്‍ കൂടുതല്‍ പണം മുടക്കേണ്ടി വരും. പ്രാഗത്ഭ്യമുള്ള അമേരിക്കന്‍ സ്വദേശികളെ കിട്ടാത്ത അവസ്ഥയുള്ളതിനാല്‍ മറ്റ് ആഗോള കമ്പനികളുമായുള്ള മത്സരത്തില്‍ പിന്നില്‍ പോകുമെന്ന ഭയവും യു.എസ് കമ്പനികള്‍ക്കുണ്ട്.
യു.എസ് പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതാണ് തന്റെ തീരുമാനത്തിന് പിന്നിലെ ചോതോവികാരമായി ട്രംപ് ഉയര്‍ത്തി കാട്ടുന്നത്. ഈ തീരുമാനം തിരിച്ചടിക്കുമെന്ന മുന്നറിയിപ്പാണ് അനലിസ്റ്റ് കമ്പനിയായ ബെറെന്‍ബര്‍ഗ് നല്കുന്നത്. യു.എസ് സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച 2 ശതമാനത്തില്‍ നിന്ന് 1.5 ശതമാനത്തിലേക്ക് താഴ്ത്തുകയും ചെയ്തു. വികസന വിരുദ്ധമായ നയങ്ങളാണ് ട്രംപ് പിന്തുടരുന്നതെന്ന ആക്ഷേപം ടെക് കമ്പനികളില്‍ നിന്ന് ഉയര്‍ന്നു കഴിഞ്ഞു.
കഴിവുള്ളവരെ ജീവനക്കാരായി കിട്ടാതെ വരുന്നത് അമേരിക്കന്‍ കമ്പനികളുടെ മേധാവിത്വത്തിന് പോലും ഇടിവുണ്ടാക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വലിയതോതില്‍ തിരിച്ചടിക്ക് വഴിയൊരുക്കുന്നതാണ് ട്രംപിന്റെ തീരുമാനമെന്നും ടെക് മേഖല കുറപ്പെടുത്തുന്നു.
ഇന്ത്യന്‍ ജീവനക്കാരെ അമേരിക്കയിലേക്ക് എത്തിക്കാന്‍ കൂടുതല്‍ പണം മുടക്കേണ്ടി വരുന്നതിനാല്‍ മറ്റ് രീതികള്‍ പിന്തുടരാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായേക്കും. ഇന്ത്യക്കാരായ ജീവനക്കാരോട് ഇന്ത്യയിലിരുന്ന് ജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് സാധാരണമായേക്കും.
ഇന്ത്യന്‍ കുടിയേറ്റക്കാരാണ് എച്ച് വണ്‍ ബി വീസ നേടുന്നവരില്‍ മുന്നില്‍. എച്ച് വണ്‍ ബി വീസ ലഭിക്കുന്നവരുടെ 70 ശതമാനം പേര്‍ വരുമിത്. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഐബിഎം തുടങ്ങിയ കമ്പനികളെ ട്രംപിന്റെ പരിഷ്‌കാരം ബാധിക്കില്ലെങ്കിലും ഹെല്‍ത്ത്‌കെയര്‍ മേഖലയിലടക്കം പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. വീസ നിയമങ്ങളിലെ മാറ്റം കമ്പനികളുടെ പ്രോജക്ടുകള്‍ പലതും താമസിക്കുന്നതിന് ഇടയാക്കുമെന്ന നിഗമനവും വിപണിയില്‍ നിന്ന് ഉയരുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine