ലോകത്തെ അതിസമ്പന്നരുടെ പട്ടികയായ ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റില്‍ ആദ്യ പത്തില്‍ നിന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പുറത്ത്. ടെസ്‌ല ഉടമ ഇലോണ്‍ മസ്‌ക് ഒന്നാം സ്ഥാനത്ത് തുടരുന്ന പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ളവരില്‍ മുമ്പന്‍ ഇപ്പോഴും അംബാനി തന്നെയാണ്. 420 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ സമ്പത്ത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മുകേഷ് അംബാനിയുടെ സമ്പത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ഇതാണ് ആഗോള സമ്പന്നരുടെ ആദ്യ പത്തില്‍ നിന്ന് റിലയന്‍സ് മേധാവി പുറത്തുപോകാന്‍ കാരണം. 8.6 ലക്ഷം കോടി രൂപയാണ് അംബാനിയുടെ മൊത്ത ആസ്തി. കടം വര്‍ധിച്ചതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.
ആദ്യ പത്തില്‍ നിന്ന് പുറത്തായെങ്കിലും ഇന്ത്യക്കാരില്‍ അംബാനി തന്നെയാണ് മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള ഗൗതം അദാനിയുടെ മൊത്ത ആസ്തി 8.4 ലക്ഷം കോടി രൂപയാണ്. ആസ്തിയില്‍ ഒരു വര്‍ഷം കൊണ്ട് 13 ശതമാനം വളര്‍ച്ചയുണ്ടാക്കാന്‍ അദാനിക്കായി.
അതേസമയം, ഏഷ്യയുടെ ബില്യണയര്‍ തലസ്ഥാനമെന്ന പദവി മുംബൈയ്ക്ക് നഷ്ടമായിട്ടുണ്ട്. പുതിയ ലിസ്റ്റില്‍ ഷാങ്ഹായ് ആണ് മുംബൈയെ പിന്തള്ളി ഒന്നാമതെത്തിയത്. 92 ബില്യണയര്‍മാരാണ് ഷാങ്ഹായിലുള്ളത്. മുംബൈയ്ക്ക് 90 പേരുമാണുള്ളത്.
ഇന്ത്യയില്‍ നിന്നുള്ള ടോപ് ടെന്‍ സമ്പന്നരില്‍ മൂന്നാംസ്ഥാനത്തേക്ക് കുതിച്ച എച്ച്.സി.എല്‍ ടെക്‌നോളജീസ് ചെയര്‍പേഴ്‌സണ്‍ റോഷ്‌നി നാടാറിന്റെ വരവാണ് ലിസ്റ്റിലെ പ്രധാന സര്‍പ്രൈസ്. ആഗോളതലത്തില്‍ അഞ്ചാമത്തെ സമ്പന്നയായ വനിതയായി മാറാനും റോഷ്‌നിക്കു സാധിച്ചു. ഈ നേട്ടം കൊയ്യുന്ന ആദ്യ ഇന്ത്യന്‍ വനിത കൂടിയാണ് അവര്‍. 3.5 ലക്ഷം കോടി രൂപയാണ് ഈ 43കാരിയുടെ ആസ്തി.
അടുത്തിടെ പിതാവ് ശിവ് നാടാര്‍ എച്ച്.സി.എല്ലിലെ തന്റെ 47 ശതമാനം ഓഹരികള്‍ റോഷ്‌നിക്ക് കൈമാറിയിരുന്നു. ഇതോടെയാണ് അവരുടെ സമ്പത്ത് വലിയ തോതില്‍ വര്‍ധിച്ചത്.
ആഗോളതലത്തില്‍ സമ്പത്ത് വാരിക്കൂട്ടുന്ന ഇലോണ്‍ മസ്‌കിന് എതിരാളികളില്ലാത്ത അവസ്ഥയാണ്. 420 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള മസ്‌കിന് പിന്നില്‍ രണ്ടാംസ്ഥാനത്ത് ആമസോണ്‍ മേധാവി ജെഫ് ബെസോസ് ആണ്. 266 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. മൂന്നാംസ്ഥാനത്ത് ഫേസ്ബുക്ക് ഉള്‍പ്പെടുന്ന മെറ്റയുടെ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ്, 242 ബില്യണ്‍ ഡോളര്‍.
Read DhanamOnline in English
Subscribe to Dhanam Magazine