Image Courtesy: zerodha.com, x.com/deepigoyal 
News & Views

നിഖില്‍ കാമത്ത്‌ മുതല്‍ 21കാരന്‍ കൈവല്യ വോറ വരെ; സെല്‍ഫ് മെയ്ഡ് എന്റര്‍പ്രണര്‍ പട്ടിക പുറത്തുവിട്ട് ഹുറൂണ്‍ ഇന്ത്യ

സെപ്‌റ്റോ സഹസംരംഭകന്‍ കൈവല്യ വോറയാണ് പട്ടികയിലെ ഏറ്റവും പ്രായംകുറഞ്ഞ സംരംഭകന്‍

Dhanam News Desk

സ്വപ്രയത്‌നത്താല്‍ സംരംഭകത്വ വിജയം നേടിയവരുടെ പട്ടിക പുറത്തുവിട്ട് ഹുറൂണ്‍ ഇന്ത്യ. 2000ന് ശേഷം തുടങ്ങിയ സംരംഭകരുടെ സ്ഥാപകരെയാണ് പട്ടികയിലേക്ക് പരിഗണിച്ചത്. ഡീമാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് (അവന്യു സൂപ്പര്‍മാര്‍ക്കറ്റ്) സ്ഥാപകന്‍ രാധാകൃഷ്ണന്‍ ധമാനിയാണ് പട്ടികയിലെ ഒന്നാമന്‍. അദ്ദേഹത്തിന്റെ ആസ്തി 44 ശതമാനം വളര്‍ന്ന് 3.4 ലക്ഷം കോടി രൂപയായി. സൊമാറ്റോയുടെ ദീപിന്ദര്‍ ഗോയല്‍, സ്വിഗ്ഗിയുടെ ശ്രീഹര്‍ഷ മജെറ്റി, നന്ദന്‍ റെഡ്ഡി എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള മറ്റ് യുവസരംഭകര്‍.

ഇത്തവണത്തെ പട്ടികയില്‍ ഇടംപിടിച്ച സംരംഭകരുടെ ശരാശരി പ്രായം 45 വയസാണ്. ലിസ്റ്റിലുള്ള മൂന്നിലൊന്ന് സംരംഭകരും 40 വയസില്‍ താഴെയുള്ളവരാണെന്നത് പ്രത്യേകതയാണ്. ഈ ലിസ്റ്റില്‍ ബംഗളൂരുവില്‍ നിന്നുള്ള 98 സംരംഭകര്‍ ഇടംപിടിച്ചപ്പോള്‍ മുംബൈ (73), ഡല്‍ഹി (51) എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തൊട്ടുപിന്നില്‍.

പട്ടികയിലുള്ള ഏറ്റവും പ്രായംകുടിയ സംരംഭകന്‍ ഹാപ്പിയെസ്റ്റ് മൈന്‍ഡ്‌സ് ടെക്‌നോളജീസിന്റെ അശോക് സൂതയാണ്. 81 വയസാണ് അദ്ദേഹത്തിന്റെ പ്രായം. ഗ്ലോബല്‍ ഹെല്‍ത്തിന്റെ 78കാരന്‍ നരേഷ് ട്രെഹാന്‍, കൊറോണ റെമെഡീസിന്റെ കീര്‍ത്തി മെഹ്ത (77) എന്നിവരും ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്.

താരമായി സെപ്‌റ്റോ സഹസ്ഥാപകന്‍

സെപ്‌റ്റോ സഹസംരംഭകന്‍ കൈവല്യ വോറയാണ് പട്ടികയിലെ ഏറ്റവും പ്രായംകുറഞ്ഞ സംരംഭകന്‍. സെപ്‌റ്റോയുടെ മൂല്യം 259 ശതമാനം വര്‍ധിച്ച് 41,800 കോടി രൂപയായിരുന്നു. സെപ്‌റ്റോയുടെ തുടക്കം മുതല്‍ ഒപ്പമുള്ള ആദിത് പാലിച്ചയും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കൈവല്യയും ആദിതും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളായിരുന്നു. പഠനത്തിനിടെ കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സ് ഉപേക്ഷിച്ച് ഇരുവരും സംരംഭകത്വത്തിലേക്ക് എടുത്തു ചാടിയത്. കിരണകാര്‍ട്ട് എന്ന പേരിലാണ് അവര്‍ കമ്പനി സ്ഥാപിക്കുന്നത്.

പിന്നീടാണ് കമ്പനി വിപുലീകരിച്ച് സെപ്റ്റോ എന്ന് പുനര്‍നാമകരണം ചെയ്തത്. തുടര്‍ന്ന് ഓണ്‍ലൈന്‍ പലചരക്ക് സാധനങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, വ്യക്തിഗത പരിചരണ ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രോണിക്‌സ് തുടങ്ങിയവ മിനിറ്റുകള്‍ക്കുള്ളില്‍ വിതരണം ചെയ്യുന്ന വാണിജ്യ ആപ്പായി സെപ്റ്റോ മാറുന്ന കാഴ്ചയാണ് കണ്ടത്. കോവിഡ് കാലത്ത് വലിയ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ കമ്പനിക്ക് സാധിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT