Hydrogen train 
News & Views

ട്രെയിന്‍ യാത്രയില്‍ പുതുമാറ്റം, കനം കുറഞ്ഞ വാതകം, 75 കിലോമീറ്റര്‍ വേഗത, മലിനീകരണമില്ല, ഉടന്‍ തുടങ്ങുകയാണ് സര്‍വീസ്

ഡീസലിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ പ്രവർത്തനച്ചെലവ് ചുരുക്കാനും ഭാവിയിൽ മറ്റ് പാതകളിലേക്കും ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനും ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നു

Dhanam News Desk

ഇന്ത്യൻ റെയിൽവേ മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിടുന്നു. ഹൈഡ്രജൻ ഇന്ധനമാക്കിയുള്ള രാജ്യത്തെ ആദ്യത്തെ ട്രെയിൻ സർവീസിന് ഹരിയാനയിലെ ജിൻഡ്—സോനിപ്പത് റൂട്ടിൽ തുടക്കമാകുന്നു. റെയിൽവേ സുരക്ഷാ കമ്മീഷണറിൽ നിന്നും റിസർച്ച് ഡിസൈൻസ് & സ്റ്റാൻഡേഡ്സ് ഓർ​ഗനൈസേഷനിൽ (RDSO) നിന്നും ടെക്നിക്കൽ ക്ലിയറൻസ് ലഭിച്ചതിനെ തുടർന്നാണ് റെയിൽവേ മന്ത്രാലയം ഹൈഡ്രജൻ ട്രെയിൻ സർവീസിന് അനുമതി നൽകിയത്.

അതേസമയം കാർബൺ ബഹിർഗമനം പൂർണമായും ഒഴിവാക്കിക്കൊണ്ട് (Net-Zero), പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനത്തിലേക്കുള്ള ഇന്ത്യയുടെ ചുവടുവെപ്പായാണ് ഈ നീക്കത്തെ വിദ​ഗ്ധർ വിലയിരുത്തുന്നത്. ഡീസലിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ പ്രവർത്തനച്ചെലവ് ചുരുക്കാനും, ഭാവിയിൽ മറ്റ് പാതകളിലേക്കും ഈ സാങ്കേതികവിദ്യ വ്യാപിപ്പിക്കാനും ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നു.

പ്രധാന സവിശേഷതകൾ:

1,200 കിലോവാട്ട് ശേഷിയുള്ള ഈ ട്രെയിൻ പൂർണ്ണമായും ഹൈഡ്രജൻ ഫ്യൂവൽ സെല്ലുകളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. 10 കോച്ചുകളുള്ള (8 പാസഞ്ചർ കോച്ചുകൾ, 2 പവർ കാറുകൾ) ഈ ഡി.ഇ.എം.യു (DEMU) ട്രെയിനിന് മണിക്കൂറിൽ 75 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുമ്പോൾ ഉപോത്പന്നമായി ജലബാഷ്പം മാത്രമാണ് പുറത്തുവിടുന്നത് എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ICF) ഈ ട്രെയിൻ നിർമ്മിച്ചത്.

പ്രവർത്തനരീതിയും സുരക്ഷയും

ജിൻഡ്—സോനിപ്പത് (90 കിലോമീറ്റർ) റൂട്ടിലാണ് ഹൈഡ്രജൻ ട്രെയിൻ പ്രാരംഭ സർവീസ് നടത്തുക. ഹൈഡ്രജൻ ഉത്പാദനത്തിനായി ജിൻഡിൽ പ്രത്യേക പ്ലാന്റ് സജ്ജമാക്കിയിട്ടുണ്ട്. ഡൽഹിയിലെ ശകുർബസ്തിയിലാണ് ട്രെയിനിന്റെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്, ആദ്യ മൂന്ന് മാസം സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിലാകും സർവീസ് നടത്തുക. പെസോ (PESO) ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികളുടെ സുരക്ഷാ സർട്ടിഫിക്കേഷനുകൾക്ക് ശേഷമാകും പൂർണ തോതിലുള്ള വാണിജ്യ സർവീസുകൾ ആരംഭിക്കുക എന്നാണ് റിപ്പോർട്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT