ഇന്ത്യൻ എയര്‍ ഫോഴ്സിന്റെ (IAF) Su-30 MKI വിമാനങ്ങൾക്കായി എയ്‌റോ എഞ്ചിനുകൾ വാങ്ങുന്നതിന് കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി (സി.സി.എസ്) അനുമതി നൽകി. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡില്‍ (HAL) നിന്നാണ് എയ്‌റോ എഞ്ചിനുകൾ വ്യോമസേന വാങ്ങുന്നത്.
AL-31FP എയ്‌റോ എഞ്ചിനുകൾ വാങ്ങുന്നതിനുളള കരാറിലാണ് ഇരുവരും ഏര്‍പ്പെട്ടിരിക്കുന്നത്. 26,000 കോടിയിലധികം മൂല്യമുള്ള കരാറാണ് ഇത്. എച്ച്.എ.എല്‍ എട്ട് വർഷത്തിനുള്ളിൽ എഞ്ചിനുകൾ കൈമാറുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. എയ്‌റോ എഞ്ചിനുകളുടെ 54 ശതമാനത്തിലധികം ഘടകങ്ങളും തദ്ദേശീയമായി വികസിപ്പിച്ചതാണ്.
പ്രതിരോധ സാങ്കേതിക വിദ്യയിൽ ഇന്ത്യയുടെ സ്വാശ്രയത്വം മെച്ചപ്പെടുത്തുന്നതിൽ നിർണായകമായ പങ്കാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിര്‍വഹിക്കുന്നത്. ഒഡീഷയിലെ എച്ച്.എ.എല്ലിന്റെ കോരാപുട്ട് ഡിവിഷനിലാണ് AL-31FP എഞ്ചിനുകൾ നിർമ്മിക്കുന്നത്.
സുഖോയ് വിമാനങ്ങളുടെ പ്രത്യേകത
ഇന്ത്യൻ വ്യോമസേനയുടെ വിമാന ശേഖരത്തിലെ പ്രധാനിയാണ് Su-30 MKI വിമാനങ്ങള്‍. മികച്ച സവിശേഷതകളുളള വിമാനങ്ങള്‍ തന്ത്രപരമായ ആക്രമണങ്ങള്‍ക്ക് വ്യോമസേന ഉപയോഗിക്കാറുണ്ട്. Su-30 MKI വിമാനങ്ങളുടെ പ്രവര്‍ത്തന ശേഷി പരിപാലിക്കുന്നതിന് എച്ച്.എ.എല്‍ കൈമാറുന്ന എയ്‌റോ എഞ്ചിനുകൾ സഹായകരമാകും.
വ്യോമസേനയുടെ ദൗത്യങ്ങളെ കാര്യക്ഷമമായി പിന്തുണയ്ക്കുന്നതും രാജ്യത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതുമായ Su-30 MKI വിമാനങ്ങളുടെ പരിപാലനം അത്യന്താപേക്ഷിതമാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലാണ് സുഖോയ് 30 MKI വിമാനങ്ങള്‍. 2020 ജനുവരി വരെയുളള കണക്കനുസരിച്ച് ഏകദേശം 260 സുഖോയ് 30 MKI യുദ്ധവിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയ്ക്കുളളത്.
റഷ്യയിലെ സുഖോയ് ഏവിയേഷൻ കോർപ്പറേഷൻ വികസിപ്പിച്ച സുഖോയ് Su-30 ന്റെ പരിഷ്കരിച്ച പതിപ്പാണ് Su-30 MKI. മണിക്കൂറിൽ 2,600 കിലോമീറ്റർ വേഗതയിൽ Su-30 MKI യ്ക്ക് പറക്കാൻ കഴിയും. കൂടാതെ ഒറ്റ പറക്കലില്‍ 3,000 കിലോമീറ്റർ വരെ സഞ്ചരിക്കാനും സാധിക്കും. 30 മില്ലിമീറ്റർ പീരങ്കി, വിവിധതരം ബോംബുകള്‍, മിസൈലുകള്‍ തുടങ്ങിയവ വഹിച്ചു കൊണ്ടാണ് വിമാനം സഞ്ചരിക്കുക.
രണ്ട് AL-31 ടർബോ ഫാൻ എഞ്ചിനുകളാണ് Su-30 MKI യ്ക്കുള്ളത്. പഴയ എഞ്ചിനുകള്‍ മാറ്റി പുതിയവ ഘടിപ്പിക്കുന്നതിനുളള നീക്കത്തിന്റെ ഭാഗമായാണ് എച്ച്.എ.എല്ലുമായി പ്രതിരോധ മന്ത്രാലയം കരാറില്‍ ഏര്‍പ്പെടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine