News & Views

ഐബിഎം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നു

Dhanam News Desk

അമേരിക്ക ആസ്ഥാനമായുള്ള ടെക് ഭീമന്‍ കമ്പനി ഐബിഎം ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ നീക്കം തുടങ്ങി. കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഈ തീരുമാനമെന്ന് ഇന്ത്യന്‍ വംശജനായ അരവിന്ദ കൃഷ്ണയുടെ  നേതൃത്വത്തിലുള്ള കമ്പനി വ്യക്തമാക്കി.

അതേസമയം, പുറത്താക്കപ്പെടുന്ന ജീവനക്കാര്‍ക്ക് 2021 ജൂണ്‍ മാസം വരെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ബിസിനസിന്റെ ദീര്‍ഘകാല സുരക്ഷ ഉറപ്പാക്കിയുള്ളതാണ് തീരുമാനം.എന്നാല്‍, എത്ര പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് ഐബിഎം വ്യക്തമാക്കിയിട്ടില്ല.

റെഡ്ഹാറ്റ് എന്ന കമ്പനിയെ 34 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് 2018 ല്‍ ഐബിഎം ഏറ്റെടുത്ത ശേഷം പുതിയ തൊഴില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. കമ്പനിയുടെ നിലനില്‍പ്പിന്റെ ഭാഗമായി തൊഴിലില്‍ നൈപുണ്യം ഇല്ലാത്തവരെയും മെച്ചപ്പെട്ട പരിശീലനത്തിലൂടെ നൈപുണ്യ വികസനം സാധ്യമാകില്ലെന്ന് വ്യക്തമായ ആളുകളെയുമാണ്  പിരിച്ചുവിടുന്നതെന്നാണ് കമ്പനി വ്യക്തമാക്കിയത്. അതേസമയം മികച്ച തൊഴില്‍ മികവ് പുലര്‍ത്തുന്നവരെ കമ്പനി ജോലിക്ക് എടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കൊവിഡ് അമേരിക്കയില്‍ വ്യാപിക്കാന്‍ തുടങ്ങിയ ശേഷം രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാവുകയാണ്.90 വര്‍ഷം മുന്‍പുണ്ടായ സാമ്പത്തിക മാന്ദ്യത്തിന് സമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഏപ്രില്‍ മാസത്തില്‍ തൊഴിലില്ലായ്മ നിരക്ക് 14.7 ശതമാനമാണ്. ഇത് 1930 ന് ശേഷം ആദ്യമായാണ് ഇത്രയും ഉയരുന്നത്.

തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിച്ചവരുടെ എണ്ണം 39 ദശലക്ഷമായി ഉയര്‍ന്നു. ഇതേ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും സാമ്പത്തിക മേഖലയ്ക്ക് ഇളവുകള്‍ നല്‍കി ആളുകള്‍ക്ക് ജോലി ചെയ്യാന്‍ അവസരം ഒരുക്കുകയാണ് അധികൃതര്‍. കഴിഞ്ഞ ആഴ്ച മാത്രം 2.4 ദശലക്ഷം ആളുകളാണ് തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിച്ചത്. കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതാണ് തിരിച്ചടിക്ക് കാരണമായത്. ഇതോടെ ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം 38.6 ദശലക്ഷമായി ഉയര്‍ന്നു. തൊഴിലില്ലായ്മ വേതന അപേക്ഷകരുടെ എണ്ണത്തില്‍ കൊവിഡിന് മുന്‍പുള്ള കാലത്തെ അപേക്ഷിച്ച് 10 മടങ്ങ് വര്‍ധനവാണ് ഉണ്ടായത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT