മത്സ്യങ്ങളും ചെമ്മീനുകളും ഉള്‍പ്പെടെയുള്ള ജലജീവികളെ ജലമില്ലാതെ ജീവനോടെ കൊണ്ടുപോകുന്നതിനുള്ള നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് കൊച്ചിയിലെ ഐസിഎആര്‍-സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (ICAR-CIFT). ഈ സാങ്കേതികവിദ്യയ്ക്ക് ഇന്ത്യന്‍ പേറ്റന്റും ലഭിച്ചു. പരമ്പരാഗത ജലാധിഷ്ഠിത ഗതാഗത സംവിധാനങ്ങള്‍ക്കും നിലവിലുള്ള ജലരഹിത ഗതാഗത സംവിധാനങ്ങള്‍ക്കും ബദലായി ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യയാണിത്.
ജലജീവികളെ ജീവനോടെ കൊണ്ടുപോകുന്ന പരമ്പരാഗത രീതികളിലെ വിവിധ വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിനായാണ് വികസിപ്പിച്ചിരിക്കുന്നത്. നിലവില്‍ ജീവനുള്ള മത്സ്യങ്ങളെയും മറ്റ് ജലജീവികളെയും ദൂരസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് വലിയ അളവില്‍ വെള്ളം ആവശ്യമാണ്. ഇത് ഗതാഗത ചെലവും പ്രയാസവും വര്‍ധിപ്പിക്കുന്നു. ഇതിനുപുറമെ, ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനും വെള്ളം ശുദ്ധീകരിക്കുന്നതിനും താപനില നിയന്ത്രിക്കുന്നതിനും പ്രത്യേക സംവിധാനങ്ങള്‍ ആവശ്യമാണ്. ഇവയുടെ പ്രവര്‍ത്തനത്തിന് തുടര്‍ച്ചയായ വൈദ്യുതി ലഭ്യതയും ആവശ്യമായി വരുന്നു. പ്ലാസ്റ്റിക് ബാഗുകളും മറ്റ് പാക്കേജിംഗ് വസ്തുക്കളും ഉപയോഗിക്കേണ്ടിവരുന്നതും മറ്റൊരു പരിമിതിയാണ്.
കുറഞ്ഞ ചെലവിലും കുറഞ്ഞ വൈദ്യുതി ഉപയോഗത്തിലും ജലജീവികളെ ജീവനോടെ കൊണ്ടുപോകാന്‍ കഴിയുന്ന സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ സംവിധാനമാണ് ഈ പുതിയ സാങ്കേതികവിദ്യ. നിയന്ത്രിതമായ ഉയര്‍ന്ന മര്‍ദ്ദവും താഴ്ന്ന താപനിലയും ഉപയോഗിച്ചാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ജലജീവികളെ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക സൗകര്യങ്ങളോടുകൂടിയ ഇന്‍സുലേറ്റഡ് കണ്ടെയ്നറും ആവശ്യമായ ഉപകരണങ്ങളും സംവിധാനത്തിന്റെ ഭാഗമാണ്.
പുതുതായി വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയുടെ പ്രധാന പ്രത്യേകത ഓക്‌സിജന്‍, ഈര്‍പ്പം, താപനില തുടങ്ങിയ ഘടകങ്ങള്‍ തുടര്‍ച്ചയായി നിരീക്ഷിക്കാനുള്ള സംവിധാനം ഉള്‍പ്പെടുത്തിയിരിക്കുന്നതാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരിധികളുമായി തത്സമയ വിവരങ്ങള്‍ താരതമ്യം ചെയ്യുകയും ആവശ്യമായ പരിധിയില്‍ നിന്ന് വ്യതിചലനം ഉണ്ടായാല്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ഈ സംവിധാനം മാനുവല്‍, ഓട്ടോമാറ്റിക് എന്നീ രണ്ട് രീതികളിലും പ്രവര്‍ത്തിപ്പിക്കാം.
വിവിധ ജലജീവികളെ ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളില്‍ മികച്ച ഫലങ്ങള്‍ ലഭിക്കുകയും, 95 ശതമാനം വരെ അതിജീവനനിരക്ക് രേഖപ്പെടുത്തുകയും ചെയ്തു. മത്സ്യകൃഷി, ചെമ്മീന്‍ കൃഷി, അലങ്കാര മത്സ്യ മേഖലകള്‍ ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ ഭാവിയില്‍ ഇത് പ്രയോജനപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.
സിഫ്റ്റിലെ ശാസ്ത്രജ്ഞരായ ഡോ. യു. പാര്‍വതി, ഡോ. ബി. മധുസൂദന റാവു, ഡോ. മുരളി എസ്, ഡോ. ബിന്‍സി പി.കെ, ഡോ. സതീഷ് കുമാര്‍ കെ, വിഷ്ണു ആര്‍. നായര്‍, ജിതിന്‍ ജോയ് ടി. എന്നിവരാണ് ഈ പേറ്റന്റ് സാങ്കേതിക വിദ്യയുടെ വികസനത്തില്‍ പങ്കാളിയായത്.
Read DhanamOnline in English
Subscribe to Dhanam Magazine