കോവിഡ് 19 രോഗ ബാധയ്‌ക്കെതിരെ പോരാടുന്ന വന്‍ ആശുപത്രികള്‍ക്കു നേരെ ഹാക്കര്‍മാര്‍ സാമ്പത്തിക ലക്ഷ്യത്തോടെ സൈബര്‍ ആക്രമണത്തിനു മുതിരുന്നതായി ഇന്റര്‍പോള്‍ കണ്ടെത്തി. കൂട്ട മരണങ്ങള്‍ക്കു വരെ ഇടയാക്കാവുന്ന ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങളെ പരാജയപ്പെടുത്താന്‍ പഴുതടച്ചുള്ള മുന്‍ കരുതല്‍ വേണമെന്ന് 194 അംഗരാജ്യങ്ങള്‍ക്കുമായി അയച്ച 'പര്‍പ്പിള്‍ നോട്ടീസി'ല്‍ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പോലീസ് ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പു നല്‍കി.
ആശുപത്രികളുടെ നിര്‍ണായക സംവിധാനങ്ങളില്‍ നുഴഞ്ഞു കയറി അവയെ ബന്ധനത്തിലാക്കുന്നതിലൂടെ ചികില്‍സാ പ്രക്രിയ തന്നെ തടയാന്‍ സൈബര്‍ കുറ്റവാളികള്‍ക്കു സാധ്യമാകുന്ന സാഹചര്യം ഏറെ അപകടകരമാകുമെന്ന് ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ ജര്‍ഗന്‍ സ്റ്റോക്ക് പറഞ്ഞു.ബന്ധനത്തിലാക്കിയ സംവിധാനങ്ങള്‍ പഴയ നിലയിലാക്കാന്‍ വന്‍ തുക ആവശ്യപ്പെടുന്ന റാന്‍സംവെയറുകളാണ് ഇന്റര്‍പോളിനു കീഴിലുള്ള സൈബര്‍ ക്രൈം ഭീഷണി പ്രതികരണ ടീമിന്റെ ഉറക്കം കെടുത്തുന്നത്.
ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറിംഗ് വ്യവസായ രംഗത്തെ യൂറോപ്യന്‍ കമ്പനികള്‍ക്കു നേരെയുണ്ടായ രണ്ട് റാന്‍സംവെയര്‍ ആക്രമണങ്ങള്‍ ഈയിടെ തുരത്താന്‍ കഴിഞ്ഞിരുന്നു. റഷ്യന്‍ ഭാഷ സംസാരിക്കുന്നവരാണ് ഹാക്കര്‍മാര്‍ എന്നതിനപ്പുറമായി കൂടുതലൊന്നും കണ്ടെത്താന്‍ വിദഗ്ധര്‍ക്കു കഴിഞ്ഞില്ല.ആശുപത്രി നെറ്റ്‌വര്‍ക്കില്‍ സൈബര്‍ കുറ്റവാളികള്‍ കടന്നുകയറി മെഡിക്കല്‍ പ്രതികരണം വൈകിപ്പിക്കുന്നത് മരണങ്ങള്‍ക്കു വരെ ഇടയാക്കുമെന്നാണ് ആശങ്ക. ഇതു മുന്നില്‍ കണ്ട് ഒട്ടേറെ സന്ദേശങ്ങളും സുരക്ഷാ നിര്‍ദ്ദേശങ്ങളും മൈക്രോസോഫ്റ്റ് അയച്ചിരുന്നതായി ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.
ആരോഗ്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും നേരെ സൈബര്‍ ആക്രമണങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഇന്റര്‍പോള്‍ സൈബര്‍ ഫ്യൂഷന്‍ സെന്ററിലെ സൈബര്‍ ക്രൈം ത്രെറ്റ് റെസ്പോണ്‍സ് ടീം കണ്ടെത്തിയിട്ടുണ്ട്. ഈ രംഗത്തെ വിദഗ്ധരെ അമ്പരിപ്പിക്കുന്ന സംഭവ വികാസമാണിതെന്ന് ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ ചൂണ്ടിക്കാട്ടി. മഹാമാരി സമയത്ത് ഇത്തരം ദ്രോഹങ്ങള്‍ ഉണ്ടാകില്ലെന്ന മുന്‍ ധാരണയാണിപ്പോള്‍ അസ്ഥാനത്തായിരിക്കുന്നത്.
തല്‍ക്കാലം ആരോഗ്യ മേഖലയെ ടാര്‍ഗെറ്റു ചെയ്യുന്നത് നിര്‍ത്തുമെന്ന് റാന്‍സംവെയര്‍ ആക്രമണ രംഗത്തെ ഓപ്പറേറ്റര്‍മാര്‍ കഴിഞ്ഞ മാസം സൂചിപ്പിച്ചിരുന്നു. പക്ഷേ, ഒരു മരുന്ന് പരിശോധനാ കമ്പനിയില്‍ നിന്ന് അപഹരിച്ചെടുത്ത എന്‍ക്രിപ്റ്റ് ചെയ്ത വിവരങ്ങള്‍ പുറത്തുവിട്ട് റാന്‍സംവെയര്‍ കൂട്ടായ്മയായ ' മേസ് ' ഈ മേഖലയിലുള്ളവരെ അധികം താമസിയാതെ ഞെട്ടിച്ചു. റാന്‍സംവെയര്‍ കൂട്ടായ്മയായ 'റ്യൂക്ക്' ആകട്ടെ ആശുപത്രികളള്‍ക്കു നേരെയുള്ള ആക്രമണ ശ്രമം തുടര്‍ന്നു വരുന്നത് സൈബര്‍ ക്രൈം ത്രെറ്റ് റെസ്പോണ്‍സ് ടീം കണ്ടെത്തിയിട്ടുണ്ട്. ഒട്ടേറെ കോവിഡ് -19 കേസുകളുള്ള ആശുപത്രികളാണ് ഇതില്‍ പലതും. ഈ കണ്ടെത്തലിന് ശേഷമാണ് 194 അംഗരാജ്യങ്ങളിലെ പൊലീസ് സംവിധാനങ്ങള്‍ക്കായുള്ള പര്‍പ്പിള്‍ നോട്ടീസ് ഇന്റര്‍പോള്‍ നല്‍കിയത്.
മഹാമാരിയുമായി ബന്ധമുള്ള സുപ്രധാന വിവരങ്ങളോ ഉപദേശങ്ങളോ ഉള്‍പ്പെടുത്തി ആരോഗ്യ, സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന രേഖകളെന്ന നാട്യത്തിലാണ് ഇ മെയില്‍ വഴിയുള്ള നുഴഞ്ഞുകയറ്റ ശ്രമം നടത്തുന്നത്.ആശുപത്രികളും ബന്ധപ്പെട്ട ഏജന്‍സികളും അഭൂതപൂര്‍വമായ തിരക്ക് നേരിടുമ്പോള്‍ പ്രക്രിയ എളുപ്പമായി മാറുന്നു. ഇതിനെ ചെറുക്കാന്‍ ആഗോള തലത്തിലുള്ള നീക്കങ്ങള്‍ ഇന്റര്‍പോള്‍ ഏകോപിച്ചുവരുന്നതായി സെക്രട്ടറി ജനറല്‍ അറിയിച്ചു.കോവിഡ് 19 രോഗ ബാധ മൂലം 'വര്‍ക്ക് ഫ്രം ഹോം' സംവിധാനം വ്യാപകമായതോടെ കോര്‍പ്പറേറ്റുകള്‍ക്കു നേരെയുള്ള സൈബര്‍ ആക്രമണം വര്‍ദ്ധിച്ചതിന്റെ വിവരങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine