News & Views

റിലീസ് ചിത്രങ്ങളുടെ എണ്ണം കുത്തനെ ഇടിഞ്ഞു, എന്നിട്ടും നഷ്ടത്തില്‍ വര്‍ധന; 2025ല്‍ മലയാള സിനിമയ്ക്ക് സംഭവിച്ചതെന്ത്?

2023ല്‍ 260ന് മുകളില്‍ ചിത്രങ്ങളാണ് റിലീസ് ചെയ്തത്. 2024ല്‍ 250 ചിത്രങ്ങളും. എന്നാല്‍ 2025ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളുടെ എണ്ണം 186ല്‍ ഒതുങ്ങുന്നു.

Dhanam News Desk

മലയാളത്തില്‍ സിനിമകളുടെ എണ്ണം കുത്തനെ കുറയുകയാണോ? 2025ലെ ട്രെന്റുകള്‍ ഈ സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 2023ല്‍ 260ന് മുകളില്‍ ചിത്രങ്ങളാണ് റിലീസ് ചെയ്തത്. 2024ല്‍ 250 ചിത്രങ്ങളും. എന്നാല്‍ 2025ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളുടെ എണ്ണം 186ല്‍ ഒതുങ്ങുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 60ലേറെ ചിത്രങ്ങളാണ് എണ്ണത്തില്‍ കുറയുന്നത്. അടുത്ത വര്‍ഷം 100-130 സിനിമകള്‍ മാത്രമാകും റിലീസ് ചെയ്യാന്‍ സാധ്യതയെന്നാണ് സിനിമ മേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ പറയുന്നത്.

നിലവില്‍ ഷൂട്ടിംഗ് നടക്കുന്ന ചിത്രങ്ങളുടെ എണ്ണം തീരെ കുറവാണ്. ടെക്‌നിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന പലര്‍ക്കും തൊഴില്‍ ഇല്ലാത്ത അവസ്ഥ മലയാള സിനിമയില്‍ നിലനില്‍ക്കുന്നുണ്ട്. പുതിയ ചിത്രങ്ങളുടെ രജിസ്‌ട്രേഷനിലും വലിയ ഇടിവുണ്ട്. പുതിയ നിര്‍മാതാക്കള്‍ രംഗത്തേക്ക് വരാത്തതാണ് കാരണമെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നു. ഒടിടി, സാറ്റലൈറ്റ് വരുമാനം ഏറെക്കുറെ നിലച്ച മട്ടാണ്. തീയറ്ററില്‍ നിന്ന് മാത്രം വരുമാനം കണ്ടെത്തേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍.

സിനിമ വ്യവസായത്തിലേക്ക് മുതല്‍മുടക്കിയാല്‍ തിരിച്ചു കിട്ടില്ലെന്ന ധാരണ പലര്‍ക്കുമുണ്ട്. ഒരുകാലത്ത് സിനിമ രംഗത്ത് സജീവമായിരുന്ന വിദേശ മലയാളികള്‍ വലിയ താല്പര്യം കാട്ടാത്തതും പുതിയ പ്രൊജക്ടുകളുടെ എണ്ണം കുറയാന്‍ കാരണമാകുന്നുണ്ട്.

തീയറ്ററുകള്‍ക്ക് ആശ്വാസം

മലയാള സിനിമയ്ക്ക് നഷ്ടക്കച്ചവടം ആയിരുന്നെങ്കിലും തീയറ്ററുകളെ സംബന്ധിച്ച് 2025 ഭേദപ്പെട്ട വര്‍ഷമായിരുന്നു. ലോക, തുടരും, എംപുരാന്‍, എക്കോ, ആലപ്പുഴ ജിംഖാന തുടങ്ങിയ ചിത്രങ്ങളെല്ലാം തീയറ്ററില്‍ നിന്ന് നല്ലരീതിയില്‍ കളക്ഷന്‍ നേടി.

മുമ്പ് ഒരു സിനിമയുടെ വരുമാനത്തിന്റെ പകുതിയില്‍ താഴെ മാത്രമായിരുന്നു തീയറ്ററിന്റെ സംഭവാന. എന്നാലിപ്പോള്‍ അവസ്ഥയ്ക്ക് മാറ്റംവന്നു. വരുമാനത്തിന്റെ 70-80 ശതമാനവും തീയറ്ററില്‍ നിന്നായി. തീയറ്ററുകളിലേക്ക് മാത്രമായി സിനിമകളുടെ വാണിജ്യസാധ്യതകള്‍ ഒതുങ്ങിയിട്ടുണ്ട്. ഇത് തീയറ്ററുകളുടെ പ്രസക്തി വര്‍ധിപ്പിച്ചു.

ഈ വര്‍ഷം മലയാള സിനിമയുടെ ആകെ ബിസിനസ് 750 കോടി രൂപയ്ക്കടുത്താണെന്ന് തീയറ്റര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി സുരേഷ് ഷേണായ് പറയുന്നു. വരുംവര്‍ഷങ്ങള്‍ മലയാള സിനിമയെ സംബന്ധിച്ച് പ്രതിസന്ധിയേറിയതാകുമെന്നാണ് പൊതുവിലയിരുത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT