Image Courtesy: Canva, facebook.com/MYogiAdityanath 
News & Views

യൂട്യൂബേഴ്സിനെ 'വിലയ്ക്ക് വാങ്ങി' യു.പിയിലെ യോഗി സര്‍ക്കാര്‍; മാസം 8 ലക്ഷം രൂപ വരെ വരുമാനം വാഗ്ദാനം

സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കം പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായാണ് നയം

Dhanam News Desk

ഡിജിറ്റല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സ് അരങ്ങു തകര്‍ക്കുന്ന കാലത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. വിവിധ സാമൂഹ മാധ്യമങ്ങളില്‍ നിന്ന് ഇന്‍ഫ്ലുവന്‍സേഴ്സിന് ലക്ഷങ്ങളാണ് പ്രതിഫലമായി ലഭിക്കുന്നത്. ഈ ട്രെന്‍ഡ് തിരിച്ചറിഞ്ഞ് രംഗത്തിറങ്ങിയിരിക്കുകയാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുളള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

ഡിജിറ്റല്‍ മീഡിയ നയം

ഇതിന്റെ ഭാഗമായി പുതിയ ഡിജിറ്റല്‍ മീഡിയ നയത്തിന് അംഗീകാരം നല്‍കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പദ്ധതിയുടെ ഭാഗമായി സർക്കാർ പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിമാസം 8 ലക്ഷം രൂപ വരെ ഇന്‍ഫ്ലുവന്‍സേഴ്സിന് സംസ്ഥാന സർക്കാർ നൽകുന്നതാണ്. സമൂഹത്തിൽ സംഭവിക്കുന്ന നവീന സാങ്കേതിക മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ അതീവ ശ്രദ്ധ നൽകുന്നു എന്നതിന്റെ ഉദാഹരണമാണ് പുതിയ നീക്കമെന്ന് സര്‍ക്കാര്‍ വക്താക്കള്‍ പറയുന്നു. പുതിയ ഡിജിറ്റൽ മീഡിയ നയം കൂടുതല്‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

യു.പി സര്‍ക്കാരിന്റെ സോഷ്യൽ മീഡിയ നയം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും പിന്തുടരുമെന്നാണ് കരുതുന്നത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സിന്റെ ഫോളോവേഴ്‌സിനെയും സബ്‌സ്‌ക്രൈബർമാരെയും ആശ്രയിച്ചാണ് അവര്‍ക്ക് ലഭിക്കുന്ന വരുമാനം നിശ്ചയിക്കുന്നത്.

ഫേസ്ബുക്ക്, എക്സ്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ സ്വാധീനം ചെലുത്തുന്നവരെയാണ് ഇന്‍ഫ്ലുവന്‍സേഴ്സായി പരിഗണിക്കുക. സംസ്ഥാന സർക്കാരിന്റെ പദ്ധതികളുമായും നേട്ടങ്ങളുമായും ബന്ധപ്പെട്ട ഉള്ളടക്കം, വീഡിയോകൾ, ട്വീറ്റുകൾ, പോസ്റ്റുകൾ, റീലുകൾ തുടങ്ങിയവ പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായാണ് നയം വിഭാവനം ചെയ്തിരിക്കുന്നത്.

വരുമാനം ഫോളോവേഴ്‌സിന്റെ എണ്ണം അനുസരിച്ച്

സര്‍ക്കാരിന്റെ സ്കീമുകളും നേട്ടങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് പരസ്യങ്ങൾ കൊടുക്കാന്‍ അര്‍ഹരായ സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സിന്റെ ഒരു പട്ടിക അധികൃതര്‍ തയ്യാറാക്കുന്നതാണ്. ഫോളോവേഴ്‌സിന്റെയും സബ്‌സ്‌ക്രൈബേഴ്സിന്റെയും എണ്ണം അനുസരിച്ച് നാല് വിഭാഗങ്ങളിലായി സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സിന്റെ പട്ടിക വിഭജിക്കുന്നതാണ്.

ഇന്‍ഫ്ലുവന്‍സേഴ്സിന് എക്സ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയിലെ അക്കൗണ്ടുകൾക്ക് പരമാവധി 5 ലക്ഷം രൂപ, 4 ലക്ഷം രൂപ, 3 ലക്ഷം രൂപ, 2 ലക്ഷം രൂപ എന്നിങ്ങനെയാണ് ലഭിക്കുക.

യൂട്യൂബ് വീഡിയോകൾ, ഷോർട്ട്‌സ്, പോഡ്‌കാസ്‌റ്റുകൾ എന്നിവ ചെയ്യുന്നവര്‍ക്ക് നാല് വിഭാഗങ്ങളിലായി പ്രതിമാസം 8 ലക്ഷം രൂപ, 7 ലക്ഷം രൂപ, 6 ലക്ഷം രൂപ, 4 ലക്ഷം രൂപ എന്നിങ്ങനെ സമ്പാദിക്കാവുന്നതാണ്.

അപകീർത്തികരമായ ഉള്ളടക്കത്തിന് നിയന്ത്രണം

ആക്ഷേപകരമായ സോഷ്യൽ മീഡിയ ഉള്ളടക്കത്തെ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും പുതിയ ഡിജിറ്റല്‍ മീഡിയ നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതനുസരിച്ച് ദേശവിരുദ്ധ ഉള്ളടക്കം മൂന്ന് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന ഗുരുതരമായ കുറ്റമായി കണക്കാക്കും.

അപകീർത്തികരവും അശ്ലീലവുമായ ഉള്ളടക്കവും ശിക്ഷാർഹമായിരിക്കും. എന്നാല്‍ ശിക്ഷകള്‍ നിര്‍ദേശിക്കുന്ന നടപടി വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്നവർ സർക്കാരിന് ഇഷ്ടപ്പെടാത്തതോ എതിർക്കുന്നതോ ആയ ഏതെങ്കിലും കാഴ്ചപ്പാടുകൾ മുന്നോട്ട് വെച്ചാൽ അവരെ ശിക്ഷിക്കാനാണ് യോഗി ആദിത്യ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള ശ്രമമാണ് ഇതെന്നും വിമര്‍ശനമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT